“21ാം നൂറ്റാണ്ടിലെ മികച്ച നടന്‍ ഇന്ത്യയിലാണെന്ന് നോസ്ട്രഡാമസ് “ആ നടൻ മോദിയെന്ന് മേവാനി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ദലിത് വിരുദ്ധ കലാപത്തില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജിഗ്നേഷ് മേവാനി. 21ാം നൂറ്റാണ്ടിലെ മികച്ച നടന്‍ ഇന്ത്യയിലാണെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്-മേവാനി ട്വീറ്റ് ചെയ്തു. ദലിത് വിഷയത്തില്‍ മോദിയുടെ ഇരട്ട മുഖം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കഴിഞ്ഞ ആഗസ്റ്റില്‍ ഗോരക്ഷകരുടെ ദലിത് വേട്ടക്കെതിരെ മോദി വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘ആര്‍ക്കെങ്കിലും വെടിവെക്കണമെങ്കില്‍ എന്നെ വെടിവെക്കാം. നമ്മുടെ ദലിത് സഹോദരങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കരുത്’- എന്നായിരുന്നു അന്ന് മോദിയുടെ പ്രതികരണം.

രാജ്യത്ത് ഇത്രയും വലിയ സംഘര്‍ഷമുണ്ടായിട്ടും തണുത്ത പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. രാജ്യ നിര്‍മാണത്തിന് ഐക്യമാണ് പ്രധാനമെന്നും ഇത്തരം സംഭവങ്ങള്‍ നാണക്കേടാണെന്നുമാണ് മോദി പറഞ്ഞത്.

ഭീമകൊറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തോടനുബന്ധിച്ച പരിപാടയില്‍ പങ്കെടുക്കാന്‍ മേവാനിയും സംഭവസ്ഥലത്തെത്തിയിരുന്നു. ദലിത് സമുദായക്കാര്‍ക്കുനേരെ മറാത്താ വിഭാഗക്കാര്‍ നടത്തിയ ആക്രമണത്തിനും അദ്ദേഹം ദൃക്‌സാക്ഷിയായിരുന്നു.

ദലിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി, ജെ.എന്‍.യു വിദ്യാര്‍ഥിനേതാവ് ഉമര്‍ഖാലിദ് എന്നിവര്‍ക്കെതിരേ മറാത്താ സമുദായാംഗങ്ങള്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ