അമേരിക്കയെ ഒരിക്കലും കണ്ണടച്ച് വിശ്വസിക്കരുത് എന്നാണ് ചരിത്രം തങ്ങളെ പഠിപ്പിച്ചത്:പാകിസ്ഥാൻ

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധിക്ഷേപ വര്‍ഷത്തിന് മറുപടിയുമായി വീണ്ടും പാകിസ്താന്‍. പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫാണ് ട്വിറ്ററില്‍ യു.എസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

‘അമേരിക്കയെ ഒരിക്കലും കണ്ണടച്ച് വിശ്വസിക്കരുത് എന്നാണ് ചരിത്രം തങ്ങളെ പഠിപ്പിച്ചത്’ എന്ന് ട്വീറ്റ് ചെയ്ത ഖ്യാജ ആസിഫ്, ‘പാകിസ്താനുമായുള്ള ബന്ധത്തില്‍ നിങ്ങള്‍ സന്തുഷ്ടരല്ല എന്നറിയുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്, എന്നാല്‍ ഞങ്ങളുടെ അഭിമാനം പണയം വെക്കാന്‍ തയാറല്ല’ എന്ന് മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

‘ഞങ്ങള്‍ കണ്ട ഏറ്റവും വലിയ കുരുതിക്കളമായിരുന്നു അഫ്ഗാനിസ്താനിലെ നിങ്ങളുടെ ആക്രമണം. പാകിസ്താനില്‍ നിലയുറപ്പിച്ചാണ് നിങ്ങള്‍ യുദ്ധം ചെയ്തത്. ഞങ്ങളുടെ മണ്ണിലൂടെയാണ് നിങ്ങളുടെ സൈന്യത്തിന് വേണ്ട ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്തത്. നിങ്ങള്‍ ആരംഭിച്ച യുദ്ധത്തില്‍ ഞങ്ങളുടെ ആയിരക്കണക്കിന് പൗരന്മാരും പട്ടാളക്കാരും  ഇരകളാകുകയായിരുന്നു.’

‘പാകിസ്താന് 15 വര്‍ഷങ്ങളായി നല്‍കി വരുന്ന 33 ബില്യണ്‍ തുകയെക്കുറിച്ച് ട്രംപ് പറഞ്ഞിരുന്നു.  ഇക്കാലയളവില്‍ പാകിസ്താന്റെ വരവുചിലവു കണക്കുകള്‍ അമേരിക്കയിലെ തന്നെ ഏതെങ്കിലും ഓഡിറ്റ് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണം. അപ്പോഴറിയാം ആരാണ് ചതിച്ചതെന്നും ആരാണ് നുണ പറയുന്നതെന്നും.’ ഖ്വാജ ആസിഫ് ട്വിറ്ററില്‍ കുറിച്ചു.

തീവ്രവാദികളുടെ കാര്യത്തില്‍ ഇരട്ടമുഖമാണ് പാകിസ്താനെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അഫ്ഗാനിസ്താനില്‍ തങ്ങള്‍ ഭീകരവാദികളെ വേട്ടയാടുമ്പോള്‍ പാകിസ്താന്‍ അവര്‍ക്ക് സുരക്ഷിത താവളങ്ങളൊരുക്കുന്നു എന്ന് ട്രംപ് പുതുവര്‍ഷ ദിനത്തിലാണ് ട്വീറ്റ് ചെയ്തത്.