ഭീകരസംഘടനകളും അവരുടെ സുരക്ഷിത താവളങ്ങളും ഇല്ലായ്മ ചെയ്യാന്‍ പാകിസ്തനോട് യുഎസ് നിര്‍ദേശം

വാഷിങ്ടന്‍: ഭീകരസംഘടനകളും അവരുടെ സുരക്ഷിത താവളങ്ങളും ഇല്ലായ്മ ചെയ്യാന്‍ പാകിസ്തനോട് യുഎസ് നിര്‍ദേശം. താലിബാന്‍, ഹഖ്ഖാനി ശൃംഖല തുടങ്ങിയവയ്‌ക്കെതിരെ പാക്കിസ്ഥാന്‍ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ യുഎസ് ‘എല്ലാ വഴികളും’ പരിഗണിക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പു നല്‍കി. പാകിസ്താനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി ഭീകരസംഘടനകള്‍ക്കെതിരെ കടുത്ത നടപടിയെടുപ്പിക്കാനാണ് യുഎസിന്റെ ശ്രമം.

സുരക്ഷാ സഹായമായി പാകിസ്താന് വര്‍ഷം തോറും നല്‍കി വരുന്ന രണ്ട് ബില്യണിലധികം യുഎസ് ഡോളറിന്റെ സഹായം വെട്ടിക്കുറച്ചതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ്. പാകിസ്താനുമായി സുരക്ഷാ വിഷയം മാത്രമല്ല യുഎസ് ഉന്നയിക്കുന്നതെന്നും ഭീകരസംഘടനകളെ ഉന്‍മൂലം ചെയ്തില്ലെങ്കില്‍ യുഎസിന്റെ മുന്നില്‍ മറ്റുപല വഴികളുമുണ്ടെന്നും ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഗുരുതരമായ വിധത്തില്‍ ജനങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരില്‍ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്തിയിരുന്നു. 33 ബില്യണ്‍ ഡോളര്‍ സഹായം കൈപ്പറ്റിയിട്ടും 15 വര്‍ഷമായി പാകിസ്താന്‍ യുഎസിനെ വിഡ്ഢികളാക്കിയെന്ന് പുതുവര്‍ഷ ട്വീറ്റില്‍ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഭീകരരുടെ സുരക്ഷിത താവളമായി മാറിയ പാകിസ്താനെ ഇനിയും സഹായിക്കുന്നതു തുടരാനാവില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.