വിമാനത്തിനുള്ളില്‍ പീഡനശ്രമം. ഇന്ത്യന്‍ വംശജനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ലാസ് വെഗാസ് : വിമാനത്തിനുള്ളില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം . കൂടെ യാത്ര ചെയ്ത ഇന്ത്യന്‍ വംശജനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ലാസ് വേഗാസില്‍ നിന്ന് ഡിട്രോയിഡിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം.34കാരനായ പ്രഭു രാമ മൂര്‍ത്തിയാണ് വിമാനത്തില്‍ അടുത്തിരുന്ന സഹയാത്രികയോട് മോശമായി പെരുമാറിയത്. ലൈംഗിക പീഡനശ്രമത്തിനാണ് രാമമൂര്‍ത്തിക്കെതിരെ കേസെടുത്തിരിക്കുന്നത്. മിഷിഗനിലെ ഫെഡറല്‍ കോടതിയാണ് കേസ് പരിഗണിച്ചത്.

വിമാനത്തിലെ ജനലിന് അരികിലുള്ള സീറ്റിലായിരുന്നു യുവതി ഇരുന്നത്. ഇതിന് തൊട്ടടുത്ത സീറ്റില്‍ യുവാവും ഇയാളുടെ ഭാര്യയും ഉണ്ടായിരുന്നു. യാത്ര തുടങ്ങിയ ശേഷം യുവതി ഉറങ്ങിയപ്പോഴായിരുന്നു ഇയാളുടെ പീഡനശ്രമം. തന്റെ പാന്റ്‌സും ഷര്‍ട്ടുമെല്ലാം അഴിഞ്ഞ നിലയിലായിരുന്നുവെന്നും പാന്റ്‌സിന്റെ ഉള്ളില്‍ യുവാവ് കൈ കടത്തിയതായും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഉടന്‍ തന്നെ വിവരം ഫ്‌ളൈറ്റ് അധികൃതരെ അറിയിച്ചതായും യുവതി പറയുന്നു. പിന്നീട് വിമാനം ലാന്‍ഡ് ചെയ്ത ശേഷം രാമമൂര്‍ത്തിയെ അറസ്റ്റ് ചെയ്തു.അതേസമയം താന്‍ യാതൊന്നും ചെയ്തിട്ടില്ലെന്നാണ് യുവാവിന്റെ മൊഴി. മരുന്ന് കഴിച്ചതിനാല്‍ യാത്രയില്‍ താന്‍ ഉറക്കമായിരുന്നെന്നും രാമാ മൂർത്തി പൊലീസിനോട് പറഞ്ഞു.

എന്നാല്‍ ഇതൊരു അസാധാരണ സംഭവമാണെന്നും രാമമൂര്‍ത്തിക്ക് ജാമ്യം അനുവദിക്കാനാകില്ലെന്നുമാണ് മജിസ്‌ട്രേറ്റ് ജഡ്ജി പറഞ്ഞത്. യാത്രയില്‍ ഒപ്പം സഞ്ചരിച്ച രാമമൂര്‍ത്തിയുടെ ഭാര്യയ്ക്ക് വിഷയത്തെകുറിച്ച് അറിവുണ്ടാകാമെന്നും ജഡ്ജി പറഞ്ഞു.