ജിഷ്ണു പ്രണോയ്-യുടെ മരണത്തിന് (അതോ കൊലപാതകമോ) ഒരു വര്‍ഷം

തൃശൂര്‍:തൃശൂര്‍ പാമ്പാടി നെഹ്റു സ്വാശ്രയ എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് തൂങ്ങി മരിച്ചിട്ട് ഒരുവര്‍ഷമാകുന്നു.
സിപിഎം പ്രവര്‍ത്തകരുടെ കുടുംബമാണ് ജിഷ്ണുവിന്റേതെങ്കിലും മുഖ്യമന്ത്രി പിണറായിജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് ചെന്ന ജിഷ്ണുവിന്റെ അമ്മ മഹജിയെ പോലീസ് റോഡില്‍ വലിച്ചിഴച്ചത് വിവാദമാദയിരുന്നു. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി.പി. ഉദയഭാനു ഒരു കൊലക്കേസില്‍ പ്രതിയായി ജാമ്യത്തിലാണ്.
പരീക്ഷയ്ക്ക് കോപ്പിയടിച്ചുവെന്ന് അദ്ധ്യാപകര്‍ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെ ഹോസ്റ്റല്‍ പരിസരത്ത് ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വാശ്രയ കോളെജുകള്‍ക്കെതിരേയും കാമ്പസില്‍ മാനേജ്മെന്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടത്തുന്ന പീഡനങ്ങള്‍ക്കെതിരേയും വമ്പിച്ച പ്രക്ഷോഭമായി മാറിയ ആ ആത്മഹത്യ 2017 ജനുവരി ആറിന് ആയിരുന്നു.
നാദാപുരം സ്വദേശിയായ ജിഷ്ണുവിന്റെ രക്ഷിതാക്കളും ബന്ധുക്കളും ഇടതുപക്ഷ രാഷ്ട്രീയക്കാരായിരുന്നു. ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ ജിഷ്ണുവിന്റെ മരണം രാഷ്ട്രീയമാക്കി, പാമ്പാടി നെഹ്റു കോളെജ് കാമ്പസ് തല്ലിത്തകര്‍ക്കുകയും കോളെജ് പൂട്ടിക്കുകയും ചെയ്തു. സമരം മറ്റു വിദ്യാര്‍ത്ഥി സംഘടനകളും ഏറ്റെടുത്തു, മറ്റു കാമ്പസുകളിലേക്കും വ്യാപിച്ചു, വിദ്യാഭ്യാസ മേഖലയാകകെ ദിവസങ്ങളോളം സ്തംഭിച്ചു.
കോളെജ് മാനേജ്മെന്റിനെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് കോളെജ് ചെയര്‍മാന്‍ കൃഷ്ണദാസ്,, പിആര്‍ഒ, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ ഒളിവില്‍ പോയി. പിന്നീട് അറസ്റ്റിലായി, ഹൈക്കോടതിയില്‍നിന്ന് താല്‍ക്കാലിക ജാമ്യവും നേടി. ജിഷ്ണുവിന്റെ മരണത്തിന് ഒരു വര്‍ഷമാകുമ്പോള്‍ സ്ഥിതി വിശേഷമിങ്ങനെ:
കേസില്‍ സിബിഐ അന്വേഷണത്തിനു തുടക്കമായി.
കോളെജ് ചെയര്‍മാന്‍ ഉള്‍പ്പെടെ അധികൃതര്‍ അറസ്റ്റിലായി, താല്‍ക്കാലിക ജാമ്യം നേടി.
വടക്കാഞ്ചേരി കോടതിയില്‍ പ്രത്യേക പോലീസ് അന്വേഷണ സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസ് തുടരുകയാണ്.
ജിഷ്ണുവിന്റെ അമ്മ മഹിജ, കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു. അവരെ പോലീസ് തടയുകയും റോഡില്‍ വലിച്ചിഴക്കുകയും ചെയ്തത് വിവാദമായി.
മഹിജയെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നയിച്ചതും സംഘര്‍ഷം ഉണ്ടാക്കിയതും ജിഷ്ണുവിന്റെ അമ്മാവന്‍ കെ.കെ. ശ്രീജിത്താണെന്ന് ആരോപിച്ച്, സിപിഎം വടകര,വണ്ണാര്‍കുടി (കോഴിക്കോട്) ബ്രാഞ്ച് അംഗത്വം പാര്‍ട്ടി പുതുക്കിക്കൊടുത്തില്ല. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ നാദാപുരം ലേഖകന്‍ സ്ഥാനം ശ്രീജിത്ത് രാജിവെച്ചു.
കേസില്‍ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം നിന്ന് എന്തു സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തി.
ഒരു വര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല, അമ്മയെ നേരിട്ട് സമാശ്വസിപ്പിച്ചിട്ടില്ല.
സംഭവം നടന്ന് ഒമ്പതു മാസത്തിനു ശേഷം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഹിജ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സിബിഐയോട് കേസന്വേഷണം ഏറ്റെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
പ്രത്യേകാന്വേഷണ റിപ്പോര്‍ട്ടില്‍, സംഭവത്തെ തുടര്‍ന്ന് മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന കാര്യങ്ങള്‍ക്ക് യുക്തമായ തെളിവുകള്‍ ചേര്‍ത്തിട്ടില്ല. കോളെജില്‍ ഇടിമുറിയുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടിലില്ല.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ആത്മഹത്യയ്ക്കു മുമ്പ് ദേഹോപദ്രവം ഏല്‍പ്പിക്കപ്പെട്ടതായി പോലീസ് റിപ്പോര്‍ട്ടിലില്ല.
കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി.പി. ഉദയഭാനു ഒരു കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലായി, ജാമ്യം നേടി.
സംഭവ കാലത്ത് കോളെജ് പ്രിന്‍സിപ്പലായിരുന്ന വരദരാജന്‍ ഇപ്പോള്‍ എംഇഎസ് എഞ്ചിനീയറിങ് കോളെജ് ഡീനാണ്.