കേരളം വേനല്‍ച്ചൂടില്‍ വേവുന്നു

കേരളം കൊടിയ വേനല്‍ച്ചൂടില്‍ വേവുകയാണ്.വരണ്ടു വിണ്ടുകീറിയ മണ്ണും കരിഞ്ഞുണങ്ങിയ ഇലകളും വറ്റിവരണ്ട കിണറുകളും കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റിയിരിക്കുന്നു.
കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്നു.ദശലക്ഷങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചതും 2012ല്‍ കമീഷന്‍ചെയ്യാന്‍ ലക്ഷ്യമിട്ടതുമായ ജപ്പാന്‍ കുടിവെള്ളപദ്ധതിപോലും ഇതുവരെ പൂർണ തോതിൽ പൂർത്തിയായോ എന്ന് പറയാൻ കഴിയില്ല.
ജപ്പാന്‍ കുടിവെള്ളപദ്ധതി പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ക്ക് കുടിവെള്ളം എത്തിക്കാനായിരുന്നു ലക്ഷ്യം.2987 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതിപ്രകാരം അഞ്ചു പ്ളാന്റിലൂടെ 516 ദശലക്ഷം ലിറ്റര്‍ കുടിവള്ളം ദിനംപ്രതി വിതരണംചെയ്യാനാണ് ലക്ഷ്യമിട്ടത്.

2500 കോടി രൂപയും വിനിയോഗിച്ചു കഴിഞ്ഞതായി വിവവകാശ രേഖയിൽ പറയുന്നു.ഇപ്പോഴും ജനം വെള്ളത്തിനായി പരക്കംപായുകയാണ്.പലയിടത്തും പണംനല്‍കി ശുദ്ധജലം വാങ്ങേണ്ടിവരുന്നു.കുടിവെള്ളം വിതരണംചെയ്യാന്‍ ബാധ്യതപ്പെട്ട വാട്ടര്‍ അതോറിറ്റിയുടെ അവസ്ഥ നോക്കുക.വന്‍ പ്രതിസന്ധിയാണത് നേരിടുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും വരുത്തിവച്ച സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ വെള്ളക്കരം വര്‍ധിപ്പിച്ചാല്‍പോലും കഴിയില്ല.
ഗാര്‍ഹികവിഭാഗത്തില്‍ 14,62,375 ഉപയോക്താക്കളും.
ഗാര്‍ഹികേതരവിഭാഗത്തില്‍ 1,10,382 ഉപയോക്താക്കളും.
വ്യവസായവിഭാഗത്തില്‍ 1139 ഉപയോക്താക്കളും ഉള്‍പ്പെടെ 16 ലക്ഷത്തോളം ഉപയോക്താക്കളുള്ള ജല അതോറിറ്റി.
സംസ്ഥാനത്തെ സുപ്രധാന പൊതുസേവനദാതാവ് എന്ന നിലയില്‍നിന്ന് മാറി നഷ്ടക്കണക്ക് പറഞ്ഞ് പരിതപിക്കുകയും നിഷ്ക്രിയമാകുകയുംചെയ്യുന്ന ദുഃസ്ഥിതിയിലാണിന്ന്.

ചുമതലപ്പെട്ട ദൈനംദിന പ്രവര്‍ത്തനത്തിനുപോലും അശക്തമായ ആ സംവിധാനത്തെവച്ച് വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയെ നേരിടുക അസാധ്യമാണ്.ഭരണകേന്ദ്രമായ തിരുവനന്തപുരംതന്നെ ശുദ്ധജലക്ഷാമത്തിന്റെ പിടിയിലാണ്.പരിമിതമായി വിതരണംചെയ്യുന്നതാകട്ടെ, ശുദ്ധീകരണപ്രക്രിയ പൂര്‍ത്തിയാകാത്ത മലിനജലവും.അതും പൈപ്പ് പൊട്ടാത്ത ദിവസങ്ങളില്‍മാത്രം…. !

പേപ്പാറ ഡാമില്‍നിന്ന് വെള്ളം അരുവിക്കര ഡാമിലെത്തിച്ച് അവിടെയുള്ള പ്ളാന്റിലെ ശുദ്ധീകരണപ്രക്രിയക്കുശേഷമാണ് നഗരത്തില്‍ വെള്ളയമ്പലത്തെ ടാങ്കില്‍ വെള്ളം സംഭരിക്കുന്നത്.അരുവിക്കര പ്ളാന്റിലെ പരമ്പരാഗത ശുദ്ധീകരണപ്രക്രിയ അവതാളത്തിലായിട്ട് മൂന്നുവര്‍ഷമായി.വെള്ളം ശുദ്ധീകരിക്കുന്ന വാട്ടര്‍ബെഡുകള്‍ നശിച്ചു.

ജലം ശേഖരിക്കുന്ന അരുവിക്കര ഡാം ചെളിയടിഞ്ഞ് നാശോന്മുഖമാണ്.
മാലിന്യംനിറഞ്ഞ ഡാമിലെ വെള്ളത്തില്‍ ശുദ്ധീകരണമെന്നപേരില്‍ ക്ളോറിന്‍ കലക്കി വിതരണംചെയ്യാന്‍ അധികാരികള്‍ക്ക് മടിയില്ല.
മലിനജലവിതരണത്തിന്റെപേരില്‍ മനുഷ്യാവകാശ കമീഷന്‍ വിശദീകരണംതേടിയിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന നാട്യമാണ് സര്‍ക്കാരിന്.തലസ്ഥാന നഗരത്തില്‍ മിക്കയിടങ്ങളിലും ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്നു.

പഴകിയ പൈപ്പുകള്‍ പൊട്ടിയാല്‍ ദിവസങ്ങള്‍വേണ്ടിവരും പൂര്‍വസ്ഥിതിയിലാകാന്‍.തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍പ്പോലും ജലവിതരണം മുടങ്ങുന്നതാണനുഭവം.
സാധാരണനിലയില്‍ എല്ലാ ജില്ലയിലും വരള്‍ച്ചാ ദുരിതാശ്വാസനടപടികള്‍ മുന്‍കൂട്ടി ആസൂത്രണംചെയ്യണം.
ഈ നില തുടര്‍ന്നാല്‍, വരുംനാളുകളില്‍ കേരളം വലിയ നാശനഷ്ടം നേരിടേണ്ടിവരും.സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

ജോളി ജോളി