സൗദി ചരിത്രത്തില്‍ ആദ്യമായി സ്റ്റേഡിയത്തില്‍ കളി കാണാന്‍ വനിതകള്‍ക്ക് അവസരം

ജിദ്ദ : സൗദി ചരിത്രത്തില്‍ ആദ്യമായി സ്റ്റേഡിയത്തില്‍ കളി കാണാന്‍ വനിതകള്‍ക്ക് അവസരമൊരുക്കിയതിന്റെ ആഹ്ലാദത്തിലാണ് സൗദി വനിതകള്‍. ഇതിനായി ജിദ്ദയില്‍ മാത്രം 10,000 സീറ്റുകളാണ് കുടുംബങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

സൗദി ചരിത്രത്തിലെ ചില മാറ്റങ്ങളുടെ ഭാഗമാണ് സ്ത്രീകള്‍ക്കും കളി കാണാനുള്ള അവസരം തുറന്നു നല്‍കിയത്. വെള്ളിയാഴ്ച്ച മുതല്‍ കളിക്കളങ്ങളില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുമെന്നും അല്‍ അഹ്‌ലിയും അല്‍ ബാത്വിനും തമ്മില്‍ നടക്കുന്ന ആദ്യ കളിയായിരിക്കും സൗദി വനിതകള്‍ വീക്ഷിക്കുകയെന്നും വാര്‍ത്താ വിതരണ മന്ത്രാലയം പത്ര കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ദേശീയ ദിനത്തോടനുബന്ധിച്ചാണ് വനിതകള്‍ക്ക് ആദ്യമായി ഗ്രൗണ്ടില്‍ കയറാന്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് കളികള്‍ കാണാനും മറ്റുമായി കുടുംബങ്ങള്‍ക്കൊപ്പം വനിതകള്‍ക്ക് സ്‌റേഡിയങ്ങള്‍ തുറന്നു കൊടുക്കാനും ധാരണയായിരുന്നു. കഴിഞ്ഞ മാസമാണ് ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലു ശൈഖ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ മാസം 13നു റിയാദിലും 18 നു ദമാമിലും നടക്കുന്ന മത്സരങ്ങളും സ്ത്രീകള്‍ക്ക് വീക്ഷിക്കാമെന്നു കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. അറബികള്‍ക്കിടയില്‍ ഏറ്റവും ആകര്‍ഷണമുള്ള കളികളിലൊന്നാണ് ഫുട്‌ബോള്‍.

പതിനേഴാമത് സഊദി പ്രൊഫഷനല്‍ ലീഗ് മത്സരങ്ങളുടെ ഭാഗമായുള്ള കളിയാണ് വെള്ളിയാഴ്ച്ച ജിദ്ദയിലെ കിംഗ് അബ്ദുല്ലാ സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്നത്. മത്സരങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയങ്ങളില്‍ ഫാമിലികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ് അധികൃതര്‍. ജിദ്ദ കിങ് ഫഹദ് സ്‌റ്റേഡിയത്തില്‍ പതിനായിരവും റിയാദ് കിംഗ് ഫഹദ് സ്‌റ്റേഡിയത്തില്‍ 7200 ഉം ദമാം സ്‌റ്റേഡിയത്തില്‍ 4500 ഉം സീറ്റുകളാണ് ഫാമിലികള്‍ക്കും വനിതകള്‍ക്കുമായി മാറ്റി വെച്ചിരിക്കുന്നത്. ക്രമേണ രാജ്യത്തെ മുഴുവന്‍ സ്‌റേഡിയങ്ങളിലും വനിതകള്‍ക്ക് പ്രവേശനാനുമതി നല്‍കും.