കാത്തലിക് സിറിയന്‍ ബാങ്കിനെ കൈയടക്കാന്‍ കനേഡിയന്‍ കമ്പനി; ആശങ്കയോടെ ഇടപാടുകാര്‍

തൃശൂര്‍: മലയാളികളുടെ സ്വന്തം ബാങ്കുകളിലൊന്നായ കാത്തലിക് സിറിയന്‍ ബാങ്കിനെ (സിഎസ്ബി) വിഴുങ്ങാന്‍ ഫെയര്‍ഫാക്‌സ് എന്ന കനേഡിയന്‍ കുത്തക കമ്പനി രംഗത്ത്. നിലവില്‍ സിഎസ്ബിയില്‍ 15 ശതമാനം വോട്ടിംഗ് റൈറ്റുള്ള ഫെയര്‍ഫാക്‌സ് 51 ശതമാനം ഷെയറും സ്വന്തമാക്കാന്‍ കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് (ആര്‍ബിഐ) ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലുമായി കൂടിക്കാഴ്ച നടത്തി. ഫെയര്‍ഫാക്‌സ് സ്ഥാപകനും ചെയര്‍മാനുമായ വി പ്രേം വാട്‌സയാണ് ഇന്ത്യയിലെത്തി ആര്‍ബിഐ ഗവര്‍ണറെ കണ്ടത്. ഫെയര്‍ഫാക്‌സ് ഡയറക്ടറും എച്ച്ഡിഎഫ്‌സി ചെയര്‍മാനുമായ ദീപക് പരേക്കിനൊപ്പമായിരുന്നു കൂടിക്കാഴ്ച.
വന്‍കിട വിദേശ കോര്‍പറേറ്റ് കമ്പനികളടക്കം ഓഹരി വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെയാണ് സിഎസ്ബി കൈവിട്ടുപോകുമെന്ന ആശങ്ക വ്യാപിച്ചത്. ഇതിനെതിരെ നിക്ഷേപകരും ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍, വന്‍കിട ഓഹരി വില്‍പനയില്‍ നിന്ന് പിന്മാറാതെ കുത്തക മുതലാളിമാരെ ബാങ്കുമായി അടുപ്പിച്ചതില്‍ നിലവിലെ ചെയര്‍മാനെതിരെ ചെറുകിട നിക്ഷേപകരുടെ പ്രതിഷേധവും വ്യാപകമാണ്. അതിനിടെയാണ് കാനഡയിലെ ടൊറോന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിങ് കോര്‍പറേഷന്‍ 51 ശതമാനം ഓഹരിക്കും വേണ്ടി ശ്രമങ്ങള്‍ നടത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രേം വാട്‌സയും ഊര്‍ജിത് പട്ടേലും സിഎസ്ബിയുടെ ഓഹരി വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുള്ളത്. ആര്‍ബിഐയിലെ ‘പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍’ പ്രേം വാട്‌സയുടെ നീക്കത്തില്‍ ചെറുകിട നിക്ഷേപകര്‍ക്കും ബാങ്കിലെ സാധാരണ ഇടപാടുകാര്‍ക്കും ആശങ്കയുണ്ട്. ബാങ്കിന്റെ നിലനില്‍പ്പിന് ഓഹരി വില്‍പന അനിവാര്യമാണെന്ന് പറയുന്ന ഇടപാടുകാരും ജീവനക്കാരും പക്ഷെ, മുഖ്യഭാഗം ഷെയറുകളും വില്‍ക്കാനുള്ള മാനേജ്‌മെന്റ് നീക്കത്തിന് എതിരാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നഷ്ടത്തിലായപോള്‍ ഓഹരി വില്‍പന നടത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. നേരത്തെ നഷ്ടത്തിന്റെ പേരില്‍ ബാങ്ക് കെട്ടിടം വില്‍പനയ്‌ക്കൊരുങ്ങിയപ്പോഴും ചെറുകിട ഷെയറുകളോടെ ബാങ്കിനെ നിലനിര്‍ത്താനും നിര്‍ദ്ദേശങ്ങള്‍ വന്നു. ഈ ഘട്ടത്തില്‍ സെബിയുടെ ഉള്‍പ്പടെ അനുമതി വാങ്ങിയെങ്കിലും ചെറുകിട ഓഹരി വില്‍പനയേക്കാള്‍ മുഖ്യഭാഗം ഓഹരി സ്വീകരിക്കുന്നതിനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. ഈ വിഷയത്തില്‍ ചെയര്‍മാന്‍ എസ് അനന്തകൃഷ്ണമൂര്‍ത്തിയുമായി ഇടഞ്ഞ മാനേജിങ് ഡയറക്ടര്‍ അനന്ത കൃഷ്ണമൂര്‍ത്തി രാജിവച്ചത് അടുത്തിടെയാണ്. തുടര്‍ന്ന് ചെയര്‍മാന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന സി വി ആര്‍ രാജേന്ദ്രനെ മാനേജിങ് ഡയറക്ടര്‍ ആന്റ് സിഇഒ ആക്കി ഇക്കഴിഞ്ഞ നവംബര്‍ 18ന് റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കുകയും ചെയ്തു.
ബാങ്കിന്റെ പുതിയ നീക്കങ്ങള്‍ അടുത്ത ദിവസം മാനേജ്‌മെന്റ് വിശദമാക്കുമെന്നാണ് സൂചന. ഡയറക്ടര്‍ ബോര്‍ഡ് യോഗവും ഇന്നോ നാളെയോ ചേരുമെന്നും അറിയുന്നു. പുതിയ ചെയര്‍മാന്‍ വന്നതിന് ശേഷം ബോര്‍ഡ് യോഗത്തിന്റെ സ്ഥലവും സമയവും മുന്‍കൂട്ടി നിശ്ചയിക്കുന്ന പതിവില്ല.
സിഎസ്ബിയിലെ പുതിയ നീക്കങ്ങള്‍ ബാങ്കിങ് മേഖലയില്‍ വീണ്ടും പ്രതിസന്ധികളുടെ നാളുകളാണ് സമ്മാനിക്കുക. എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മറ്റൊരു കേരളീയ ബാങ്കിന് കൂടി കരിനിഴല്‍ വീഴുന്നത്.