ഇരുപതാം നൂറ്റാണ്ടിൻ്റെ കാലന്മാർ; ഇരുപതാം നൂറ്റാണ്ടിൽ കൊല്ലപ്പെട്ടത് പതിനാറ് കോടി ആളുകൾ

ഇരുപതാം നൂറ്റാണ്ടിൻ്റെ കാലന്മാർ;
ഇരുപതാം നൂറ്റാണ്ടിൽ കൊല്ലപ്പെട്ടത് പതിനാറ് കോടി ആളുകൾ.ഉത്തവാദിത്തബോധം മനുഷ്യനെ കൂടുതല്‍ ശ്രദ്ധാലുവാക്കുകയാണു ചെയ്യുക. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യന്‍ വ്യത്യസ്ത ചുമതലകള്‍ വഹിക്കുന്നവനുമാണ്.അതിലേറ്റവും പ്രധാനപ്പെട്ടത് ഭരണാധികാരം തന്നെ.
രാജ്യഭരണം കുടുംബ ഭരണത്തേക്കാള്‍ വിസ്തൃതവും വിശാലവുമാണ്.
കുടുംബനാഥന്റെ ശരി-തെറ്റു തീരുമാനങ്ങളുടെ ഗുണ-ദോഷഫലങ്ങളനുഭവിക്കുന്നവരുടെ എത്രയോ മടങ്ങു കൂടുതലാണ് ഭരണാധികാരിയുടെ ശരി-തെറ്റു തീരുമാനങ്ങളുടെ ഗുണ-ദോഷ ഫലങ്ങളനുഭവിക്കുന്നവരുടെ എണ്ണം.ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍,
തലമുറകളായി അധികാരം കൈമാറി കിട്ടിയവര്‍,
അധികാരം പിടിച്ചെടുത്തവര്‍ എന്നിങ്ങനെ ചരിത്രത്തില്‍ പലതരം ഭരണാധികാരികള്‍ കഴിഞ്ഞുപോയിട്ടുണ്ട്.

മാന്യന്മാര്‍,ഭരണവിശാരദര്‍,ഭരണതന്ത്രജ്ഞര്‍,ഉല്‍പതിഷ്ണുക്കള്‍,
മനോനില തെറ്റിയവര്‍,പോക്കിരികള്‍,ദൈവത്തിനൊപ്പമെന്നു സ്വയം സങ്കല്‍പിച്ചവര്‍,ആള്‍ദൈവങ്ങള്‍,ഉഗ്രശാസനന്മാര്‍,
ദയാലുക്കള്‍ എന്നിങ്ങനെ എത്രതരം ആളുകളവരിലുണ്ടായിട്ടുണ്ട്! അവരുടെ സ്വഭാവ ഗുണ-ദോഷങ്ങള്‍ക്കനുസരിച്ച് അവരും അവരുടെ ഭരണീയരും അതനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഭ്രാന്തന്മാരും കിറുക്കന്മാരുമായ രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഏകാധിപതികളും ചരിത്രത്തില്‍ അനേകം കഴിഞ്ഞുപോയിട്ടുണ്ട്.
റോമന്‍ ചക്രവര്‍ത്തിമാരായ നീറോ, ജസ്റ്റിന്‍ രണ്ടാമന്‍, കൊമ്മോഡസ് എന്നിവരും യൂറോപ്യന്‍ രാജാക്കന്മാരായിരുന്ന ചാള്‍സ് ആറാമന്‍, ഹെന്റി ആറാമന്‍, ജോര്‍ജ് മൂന്നാമന്‍ എന്നിവരുമടങ്ങിയ മനോനില തെറ്റിയവരുടെ ആ പട്ടിക ഏറെ നീണ്ടതാണ്.ഇന്ന് അരകിറുക്കന്മാരെന്ന് പരസ്പരം ആക്ഷേപിക്കുന്ന രണ്ടു രാഷ്ട്രനേതാക്കളാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോന്‍ ഉങ്ങും.

ഇവരുടെ പരസ്പരമുള്ള വാചികാക്രമണം അതിരുകടന്നു തുടങ്ങിയിട്ടുണ്ട്.
പരസ്പരം നശിപ്പിക്കുമെന്നും തകര്‍ക്കുമെന്നുമാണ് അവര്‍ ആക്രോശിക്കുന്നത്.ആറ്റം ബോംബുകളും ഹൈഡ്രജന്‍ ബോംബുകളും ആയുധശേഖരത്തിലുള്ളവരാണിരുവരും.കേവലമൊരു ചെറിയ പ്രദേശത്തെ ഭരണാധികാരി അഹങ്കാരിയായാല്‍ അതിന്റെ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവായിരിക്കും. എന്നാല്‍ ലോകമാകെ സ്വാധീനമുള്ളവരോ, ഒരുവലിയ രാജ്യത്തെ ഭരണാധികാരിയോ തന്നിഷ്ടം പ്രവര്‍ത്തിച്ചാല്‍ അവസ്ഥ ഭീകരമായിരിക്കും.ഇതിനെല്ലാം ചരിത്രം അനവധി തെളിവുകളവശേഷിച്ചിട്ടുണ്ട്.ഇന്നും ഭീതിയോടെയല്ലാതെ ഹിറ്റ്‌ലര്‍, പോള്‍ പോള്‍ട്ട്, ചെങ്കിസ് ഖാന്‍, മുസ്സോളിനി, സ്റ്റാലിന്‍ തുടങ്ങിയവരെ ലോകം ഓര്‍ക്കുന്നില്ല.ലോകജനതക്ക് ആകമാനം ദുരന്തങ്ങള്‍ അടിച്ചേല്‍പിച്ചവരില്‍ ഒന്നാമന്‍ ഹിറ്റ്‌ലര്‍ തന്നെയെന്നു പറയാം.മദ്യപിക്കാത്ത, സ്ത്രീവിരോധിയായ, പ്രഭാഷകനായ ഹിറ്റ്‌ലര്‍ ജൂതന്മാരുടെയും കമ്യൂണിസ്റ്റുകാരുടെയും നാടോടികളുടെയും അന്തകനായി മാറി.

അന്ധമായ ദേശീയതയെ കുറിച്ച വാഗ്‌ധോരണികളിലൂടെ സ്വജനതയെ അയാളാദ്യം കൈപ്പിടിയിലൊതുക്കി.ഒന്നാം ലോകയുദ്ധം തുടങ്ങിവെച്ചതിന്റെ നഷ്ടപരിഹാരം ജര്‍മനിയിലടിച്ചേല്‍പിച്ചതുവഴി തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും നാശത്തിന്റെ പടുകുഴിയിലെത്തിച്ച ജര്‍മന്‍ ജനതയുടെ രക്ഷകനായി ഹിറ്റ്‌ലര്‍ വളര്‍ന്നുവന്നു.വര്‍ഗീയതയും ആര്യമഹത്വവും അവരില്‍ ആവോളം സന്നിവേശിപ്പിച്ച അയാള്‍ രാജ്യവിസ്തൃതിയും സൈനികബലവും ഘട്ടം ഘട്ടമായി വളര്‍ത്തിയെടുത്തു.1939 സെപ്റ്റംബര്‍ 1-ന് വെളുപ്പിനു രണ്ടാം ലോകയുദ്ധത്തിന്റെ ആദ്യവെടിപൊട്ടിച്ച ഹിറ്റ്‌ലര്‍ ഒരാഴ്ചകൊണ്ട് പോളണ്ട് കീഴടക്കി.സഡറ്റന്‍ഡ്‌ലാന്റ് അതിനു മുമ്പേതന്നെ അയാള്‍ ജര്‍മനിയില്‍ ലയിപ്പിച്ചു കഴിഞ്ഞിരുന്നു.

പിന്നീടും ചില രാജ്യങ്ങള്‍ ജര്‍മനിയോട് വലിയ മുതല്‍മുടക്കില്ലാതെത്തന്നെ കൂട്ടിച്ചേര്‍ത്തതു കണ്ട അനുയായികളുടെ ആവേശം ആകാശത്തോളം വളര്‍ന്നു.ഫ്രാന്‍സ് കീഴടക്കി ആയിരക്കണക്കിനു കിലോമീറ്ററുകളോളം അപ്പുറത്തു ഇംഗ്ലണ്ടിലേക്കു ജര്‍മന്‍ നിര്‍മിത വിമാനങ്ങള്‍ പറത്തി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ മൂക്കിനു മുമ്പില്‍ ലണ്ടനില്‍ ബോംബിട്ടതോടു കൂടി ഹിറ്റ്‌ലര്‍ക്ക് വീരപരിവേഷമായി.1942-ല്‍ റഷ്യ ആക്രമിച്ചതോടു കൂടി ഹിറ്റ്‌ലറുടെ ദുര്യോഗം ആരംഭിച്ചു.

ഫഌട്ട് വായനക്കാരനെ അനുഗമിച്ച കുട്ടികളുടെ സ്ഥിതിയായി അവര്‍ക്ക്.

ആയിരം കൊല്ലം നിലനില്‍ക്കുമെന്നു ഹിറ്റ്‌ലര്‍ വീമ്പിളക്കിയ ജര്‍മന്‍ സാമ്രാജ്യത്തിന് ആകെ ആയുസ്സ് പന്ത്രണ്ടു കൊല്ലത്തിലൊതുങ്ങി.
ആത്മഹത്യക്കു തൊട്ടുമുമ്പ് വിവാഹിതനായ ആ ഭീകരന്‍ തന്റെ ജനതയെ അവസാന നിമിഷവും റഷ്യന്‍ സേനക്കെതിരില്‍ പരിചയായുപയോഗിച്ചു.
ഹിറ്റ്‌ലര്‍ തന്റെ ഗുരുവെന്നു വിശേഷിപ്പിക്കുകയും ആദ്യന്തം ബഹുമാനിക്കുകയും ചെയ്ത ഫാഷിസ്റ്റ് നേതാവായിരുന്ന മുസ്സോളിനിയും ഇറ്റാലിയന്‍ ജനതയോട് ചെയ്തത് ഇതു തന്നെയായിരുന്നു.
ഇറ്റലിക്കാരനായ ഒരാള്‍ മുസ്സോളിനിയെയും അയാളുടെ വെപ്പാട്ടിയെയും വെടിവെച്ചുകൊന്ന് ചവറ്റുകൂമ്പാരത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.

ആ മൃതശരീരത്തിനടുത്തേക്കു വന്ന ഒരു വൃദ്ധ തോക്കെടുത്ത് അതിലേക്കു നാലുതവണ വെടിവെച്ചശേഷം പറഞ്ഞത്രെ, ഇത് യുദ്ധത്തില്‍ മരിച്ച തന്റെ നാലു മക്കള്‍ക്ക് വേണ്ടിയാണിതെന്ന്.മുസ്സോളിനിയും ഹിറ്റ്‌ലര്‍ ചെയ്തതുപോലെ, ഗുണ്ടകളും പോക്കിരികളുമായിരുന്ന കുറേപേരെ ചേര്‍ത്തുണ്ടാക്കിയ ഒരു സംഘത്തെ ഉപയോഗിച്ചായിരുന്നു അധികാരത്തിലെത്തിയത്.സ്വന്തം മരുമകനെ കൊന്ന് മകളെ വിധവയാക്കാനോ, എതിരുനില്‍ക്കുന്നവരെ കശാപ്പു ചെയ്യാനോ, മരുഭൂമിയിലെ സിംഹമെന്നു വിശേഷിപ്പിക്കപ്പട്ടിരുന്ന ഉമര്‍ മുഖ്താറെന്ന വയോധികനെ തൂക്കിലേറ്റാനോ ആ ഫാഷിസ്റ്റ് നേതാവിന് ഒരു മടിയുമുണ്ടായിരുന്നില്ല.
കമ്പോഡിയന്‍ ഏകാധിപതി പോള്‍ പോള്‍ട്ടിന്റെ കഥയും മറ്റൊന്നല്ല.
വികലവും ബുദ്ധിശൂന്യവുമായ നയങ്ങളും ഏകാധിപത്യവും കടുത്ത യാതനകളാണ് കമ്പോഡിയന്‍ ജനതക്ക് അയാള്‍ വരുത്തിവെച്ചത്.
നാലേ നാലു വര്‍ഷത്തെ കിരാതഭരണത്തില്‍ ഇരുപത്തിയഞ്ചു ശതമാനം ജനതയും പീഡനങ്ങളും രോഗവും ഏറ്റുവാങ്ങി മരണപ്പെട്ടു.
മൊത്തത്തില്‍ മരിച്ച ഇരുപത്തിരണ്ടു ലക്ഷം പേരില്‍ പകുതിയും വധശിക്ഷക്കു വിധിക്കപ്പെട്ടവരായിരുന്നു.
ഖമര്‍ റൂഷെന്ന ഭീകര പ്രസ്ഥാനം രാഷ്ട്രീയ എതിരാളികളില്‍ ഒരാളെയും ബാക്കിവെച്ചില്ല.സ്വന്തം ജനതയുടെ രക്തം മതിവരുവോളം പാനം ചെയ്ത ആ കുടിലമനസ്‌കന്‍ വീട്ടുതടങ്കലില്‍ മരിച്ചു.
അത് ആത്മഹത്യയായിരുന്നെന്നും സംശയിക്കപ്പെടുന്നു.
ഇരുപത്തിയഞ്ചു കൊല്ലം റൊമാനിയന്‍ പ്രസിഡന്റായി വാണ ഏകാധിപതി നിക്കോളാസ് ചെഷസ്‌ക്യൂ സ്വജനതയെ കൂട്ടക്കൊല ചെയ്തതിനു വധശിക്ഷക്കു വിധിക്കപ്പെടുകയാണുണ്ടായത്.ചെഷസ്‌ക്യൂവിനെയും ഭാര്യ എലേനയെയും ഒരുമിച്ചു കൈകള്‍ പിറകില്‍ കൂട്ടിക്കെട്ടി മതിലിനു പുറംതിരിച്ചുനിര്‍ത്തി ഫയറിംഗ് സ്‌ക്വാഡ് വെടിവെച്ചുകൊല്ലുകയായിരുന്നു.സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ചു ഹീറോ പരിവേഷം ഉണ്ടാക്കിയെടുത്ത നേതാവായിരുന്നു അയാള്‍.
മാവോ സേ തൂങ്, സ്റ്റാലിന്‍, ഹിറ്റ്‌ലര്‍, കിം ഉല്‍ സുങ് തുടങ്ങിയവരൊക്കെ അത്തരം ഹീറോ പരിവേഷങ്ങളുണ്ടാക്കാന്‍ പ്രത്യേകം ശ്രദ്ധ കൊടുത്തവരായിരുന്നു.സൗത്ത് വിയറ്റ്‌നാമില്‍ ഒമ്പതുവര്‍ഷം കുടുംബാധിപത്യം നടത്തിയ ജനറല്‍ ഡിയെമും വികടബുദ്ധിയായിരുന്നു.
ഒരു നേതാവിന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സ്വജനപക്ഷപാതവും മര്‍ക്കടമുഷ്ടിയും ഒരു ലജ്ജയുമില്ലാതെ പ്രകടിപ്പിച്ച ഡിയെം തന്റെ ശവക്കല്ലറ തോണ്ടുകയായിരുന്നു.

കൈകള്‍ ബന്ധിക്കപ്പെട്ട്, ഒരു സൈനികവാഹനത്തിലിട്ട് ചവിട്ടേറ്റും തോക്കിന്റെ ബയണറ്റ് കൊണ്ട് കുത്തേറ്റും വെടിയേറ്റും കൊല്ലപ്പെടുകയായിരുന്നു അയാള്‍.ഇന്നത്തെ സിറിയയുടെ ഭരണാധികാരിയായ ബശ്ശാറുല്‍ അസദിന്റെ പിതാവ് ഹാഫിളുല്‍ അസദ് സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്ത ഭരണാധികാരിയാണ്.
അസദ് ഗവണ്‍മെന്റിനെതിരെ സമരം ചെയ്ത മുസ്‌ലിം ബ്രദര്‍ഹുഡിനെ ഒതുക്കാന്‍ ഹമ എന്ന ഒരു പ്രദേശം മുഴുവന്‍ അയാള്‍ ചുട്ടുചാമ്പലാക്കി.

സഹോദരന്‍ രിഫ്അത്തുല്‍ അസദിന്റെ നേതൃത്വത്തില്‍ 1982 ഫെബ്രുവരി രണ്ടിന് ബുള്‍ഡോസറുകളും സൈനികവാഹനങ്ങളും പട്ടാളവും വിമാനങ്ങളും ആ പ്രദേശം വളഞ്ഞു.പിന്നീട് നടന്നത് ഒരു നരനായാട്ടായിരുന്നു.ആബാലവൃദ്ധം ജനങ്ങളെയും അയാള്‍ കൊന്നുതള്ളി.അവര്‍ നാല്‍പ്പതിനായിരം പേര്‍ വരുമെന്നാണ് കണക്ക്.
ലബനാന്‍ പ്രധാനമന്ത്രിയോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഹാഫിളുല്‍ അസദിന് ഹൃദയാഘാതം വന്നു മരണപ്പെടുകയാണുണ്ടായത്.

ക്രൂരനായ പിതാവിന്റെ ക്രൂരനായ മകന്‍ ആ ചരിത്രം ആവര്‍ത്തിക്കുന്നു.ട്രംപും കിം ജോനും തന്റെ ജനതയെ മാത്രമല്ല ലോകജനതയുടെ തന്നെ അന്തകരായി മാറിയേക്കാം.സ്വജനതയുടെ അതൃപ്തിക്ക് പാത്രമായ അനേകം ഭരണാധികാരികളുണ്ടായിട്ടുണ്ട്.
അനേകം പേര്‍ അവരുടെ കൂട്ടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കിറുക്കന്മാര്‍ കൊലപ്പെടുത്തിയ നല്ലവരായ രാഷ്ട്രനേതാക്കന്മാരും ചരിത്രത്തിലുണ്ടായിട്ടുണ്ട്.അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്ന എബ്രഹാം ലിങ്കണും ജോണ്‍ എഫ്. കെന്നഡിയും സ്വീഡിഷ് പ്രധാനമന്ത്രിയായിരുന്നു ഒലൊഫ് പാമെയും അക്കൂട്ടത്തില്‍ പെടുന്നു.
എല്ലാ ക്രൂരഭരണാധികാരികള്‍ക്കും ഒരുപദേശക സംഘവുമുണ്ടായിട്ടുണ്ട്.

ഫറവോന് ഹാമാനും…ഹിറ്റ്‌ലര്‍ക്ക് ഗീബല്‍സും
ഹാഫിളുല്‍ അസദിന് രിഫ്അത്തും ചില ഉദാഹരണങ്ങള്‍ മാത്രം.
മ്യാന്മറിലിന്നു സംഭവിക്കുന്നതാകട്ടെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഒരു ജനനേതാവ് വംശഹത്യക്കു കൂട്ടുനില്‍ക്കുന്നുവെന്ന വിരോധാഭാസമാണ്.നൂറ്റാണ്ടുകളായി ബര്‍മക്കാരായ റോഹിങ്ക്യന്‍ മുസ്‌ലിംകളെ ബര്‍മീസ് പൗരത്വം നിഷേധിച്ച് പുറത്താക്കുകയും കൂട്ടക്കൊല നടത്തുകയുമാണ് ഗവണ്‍മെന്റ് സേന.ഹിറ്റ്‌ലര്‍ പോലും ചെയ്യാത്തതാണ്, സൂചിയുടെ മൗനാനുവാദത്തോടെ ഗവണ്‍മെന്റ് സേന ചെയ്യുന്നത്.

ഹിറ്റ്‌ലറുടെ കിങ്കരന്മാര്‍ ഗ്യാസ് ചേമ്പറുകളിലേക്ക് കുട്ടികളെ കൂട്ടമായി തള്ളിക്കയറ്റിയപ്പോഴും അവരുടെ കുഞ്ഞുകൈകളില്‍നിന്ന് കളിപ്പാട്ടങ്ങള്‍ തിരിച്ചുവാങ്ങി ചോക്ലേറ്റുകള്‍ നല്‍കാനുള്ള ദയയെങ്കിലും കാണിച്ചിരുന്നു. !!
എന്നാല്‍ ബുദ്ധഭിക്ഷുക്കളായ നരനായാടികള്‍ ജീവനോടെ തൊലിയുരിച്ചും തീവെക്കപ്പെട്ട ഗ്രാമങ്ങളില്‍നിന്ന് രക്ഷപ്പെട്ടോടുന്നവരെ ബലമായി പിടിച്ചുകൊണ്ടുവന്ന് തീയിലേക്കെറിഞ്ഞും ചടുലനൃത്മാടുകയാണ്.

സൂചിയെ വീട്ടുതടങ്കലിലാക്കിയപ്പോഴും അവര്‍ക്കെതിരില്‍ സൈനിക ഭരണകൂടം കര്‍ശന ഉപാധികള്‍ വെച്ചപ്പോഴും അവരോടൊപ്പം നിന്നവരാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍.സൈന്യത്തിന്റെ അക്രമങ്ങളില്‍നിന്നും തങ്ങളെ രക്ഷിക്കാന്‍ കഴിയുന്ന ഒരു നേതാവായി അവരില്‍ പ്രതീക്ഷ അര്‍പ്പിച്ച ആ പാവങ്ങള്‍ അവര്‍ക്കായി പലവുരു പ്രാര്‍ഥിക്കുകയെങ്കിലും ചെയ്തുകാണും.
വഞ്ചനയുടെ മൂര്‍ത്തരൂപമായിരുന്നു ആ അവധൂതയെന്ന് പിന്നീടാണവര്‍ തിരിച്ചറിഞ്ഞത്.ഒരു കാലഘട്ടത്തിനു ഭ്രാന്തുപിടിച്ച കാലഘട്ടമായിരുന്നു ഇരുപതാം നൂറ്റാണ്ട്.ഒന്നാംലോക മഹായുദ്ധം,രണ്ടാംലോക മഹായുദ്ധം,ജപ്പാനിലെ ആറ്റംബോംബ് ദുരന്തം
കൊറിയൻ യുദ്ധം,ഇന്ത്യൻ സ്വാതന്ത്ര്യസമരങ്ങൾ,ഇന്ത്യ പാകിസ്ഥാൻ യുദ്ധങ്ങൾ,ഇറാൻ – ഇറാക്ക് യുദ്ധം,വിയറ്റ്നാം യുദ്ധം,ഗൾഫ് യുദ്ധം,
റഷ്യൻ ആഭ്യന്തര യുദ്ധം,ചൈനയിലെ ആഭ്യന്തര യുദ്ധം,സ്പാനിഷ് ആഭ്യന്തര യുദ്ധം,ക്യൂബൻ വിപ്ലവം,മെക്സിക്കൻ വിപ്ലവം,സോവിയറ്റ് – അഫ്ഘാൻ യുദ്ധം,റുവാണ്ടയിലെ കലാപം,അർമേനിയൻ കൂട്ടക്കൊല,ശീതകാല സമരം,
ബംഗ്ലാദേശ് വിഭജനം തുടങ്ങി സംഭവ
ബാഹുല്യങ്ങളാൽ നിബിഡമാണ് കഴിഞ്ഞുപോയ നൂറ്റാണ്ട്.

മനുഷ്യ ജീവന് പുല്ലിന്റെ വിലപോലും ഇല്ലെന്നും,പക്ഷെ പിന്നീട് അങ്ങിനെയുള്ള ചിന്തകൾക്ക് വലിയ വിലകൊടുക്കേണ്ടി
വരുമെന്നും ശരിയായ അർത്ഥത്തിൽ മനുഷ്യനു മനസ്സിലായത് കഴിഞ്ഞ ശതാബ്ദത്തിൽ തന്നെയായിരിക്കണം.ഒരു വർഗ്ഗത്തെയോ, പാർട്ടിയെയോ, നേതാവിനെയോ അല്ലെങ്കിൽ മതത്തെയോ അന്ധമായി വിശ്വസിച്ചു അതിനെ പിന്തുടരും മുൻപ് ചരിത്രത്തിൻറെ വസ്തുതാപരമായ
ഒരു ചികഞ്ഞു നോക്കൽ ആർക്കും ഗുണം ചെയ്യും.ഈ ലോകം ഇന്ന് വരെ കണ്ട, മാനവരാശിയുടെ അന്തകരായ ഈ ക്രൂരഭരണാധികാരികൾ കാട്ടിക്കൂട്ടിയ ചെയ്തികളും കൊലപാതകങ്ങളുടെയും
കണക്ക് കൂട്ടിയാൽ ആരൊക്കെയായിരുന്നു ഇവർ എന്നുള്ള ഭീകരത കുറേയൊക്കെ മനസ്സിലാക്കാൻ കഴിയും.
ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ നരവേട്ട നടത്തിയ നടത്തിയ 17 സ്വേച്ഛാധിപതികൾ /ഭരണ കർത്താക്കൾ .

പേര് മാവോസെതുങ്
രാജ്യം ചൈന
മരണ സംഖ്യ 4.5 – 7.5കോടി

അധികാരത്തിലിരുന്ന കാലയളവ് 34 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം ചൈനയിലെ ക്ഷാമം.
ഭരണക്രമം കമ്മ്യൂണിസ്റ്റ്
മരണ കാരണം ഹൃദയാഘാതം

പേര് ജോസഫ് സ്റ്റാലിൻ
രാജ്യം സോവിയറ്റ് യൂണിയൻ
മരണ സംഖ്യ 2 കോടി.അധികാരത്തിലിരുന്ന കാലയളവ് 12 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം ഗുലാഗ്
ഭരണക്രമം കമ്മ്യൂണിസ്റ്റ്

മരണ കാരണം ഹൃദയാഘാതം
പേര് അഡോൾഫ് ഹിറ്റ്ലർ
രാജ്യം ജർമ്മനി
മരണ സംഖ്യ 1.7 – 2 കോടി.
അധികാരത്തിലിരുന്ന കാലയളവ് 11 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം രണ്ടാം ലോകമഹായുദ്ധം ജൂതമാരുടെ വംശനാശം
ഭരണക്രമം നാസിസം
മരണ കാരണം ആത്മഹത്യ

പേര് ചിയാങ് കെയ് ഷെക്
രാജ്യം ചൈന
മരണ സംഖ്യ 1 കോടി.
അധികാരത്തിലിരുന്ന കാലയളവ് 18 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം തായ്‌വാനിലെ കൂട്ടക്കൊല
ഭരണക്രമം സൈനികം

മരണ കാരണം കിഡ്നി രോഗം

പേര് ഹിരോ ഹിതോ
രാജ്യം ജപ്പാൻ
മരണ സംഖ്യ 60 ലക്ഷം – 1 കോടി.
അധികാരത്തിലിരുന്ന കാലയളവ് 7 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം നാൻ ജിങ് കൂട്ടക്കൊല
ഭരണക്രമം രാജ വാഴ്ച

മരണ കാരണം അർബുദം

പേര് യഹ്‌യ ഖാൻ
രാജ്യം പാകിസ്ഥാൻ
മരണ സംഖ്യ 20 ലക്ഷം – 1 കോടി ഇരുപത് ലക്ഷം.

അധികാരത്തിലിരുന്ന കാലയളവ് 2 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം ബംഗ്ലാദേശ് കൂട്ടക്കുരുതി
ഭരണക്രമം സൈനികം
മരണ കാരണം സാധാരണ മരണം

പേര് ഹിദേക്കി ടോജോ
രാജ്യം ജപ്പാൻ
മരണ സംഖ്യ 40-50 ലക്ഷം.
അധികാരത്തിലിരുന്ന കാലയളവ് 3 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം രണ്ടാം ലോകയുദ്ധത്തിൽ സാധാ- രണക്കാരെ കൊന്നൊടുക്കിയത്
ഭരണക്രമം സൈനികം
മരണ കാരണം തൂക്കി കൊല്ലൽ

പേര് വ്ളാദിമിർ ലെനിൻ
രാജ്യം സോവിയറ്റ് യൂണിയൻ
മരണ സംഖ്യ 40 ലക്ഷം.
അധികാരത്തിലിരുന്ന കാലയളവ് 7 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം റഷ്യൻ ആഭ്യന്തര യുദ്ധം
ഭരണക്രമം കമ്യൂണിസം
മരണ കാരണം മസ്തിഷ്കാഘാതം

പേര് വിൻസ്റ്റൺ ചർച്ചിൽ
രാജ്യം ബ്രിട്ടൻ
മരണ സംഖ്യ 30 – 43 ലക്ഷം.
അധികാരത്തിലിരുന്ന കാലയളവ് 11 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം ബംഗാൾ ക്ഷാമം
ഭരണക്രമം ജോർജ് ആറാമൻ,രാജവാഴ്ച്ച
മരണ കാരണം ഹൃദയാഘാതം

പേര് സദ്ദാം ഹുസൈൻ
രാജ്യം ഇറാഖ്
മരണ സംഖ്യ 20 ലക്ഷം.
അധികാരത്തിലിരുന്ന കാലയളവ് 4 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം കുർദുകളുടെ കൂട്ടക്കൊല
ഭരണക്രമം അതോറിറ്റോറിയൻ
മരണ കാരണം തൂക്കി കൊല്ലൽ

പേര് ഹോ ചി മിൻ
രാജ്യം വിയറ്റ്നാം
മരണ സംഖ്യ 17 ലക്ഷം.
അധികാരത്തിലിരുന്ന കാലയളവ് 24 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം വിയറ്റ്നാം യുദ്ധം
ഭരണക്രമം കമ്മ്യൂണിസ്റ്റ്
മരണ കാരണം ഹൃദയസ്തംഭനം

പേര് കിം ഇൽ സുങ്
രാജ്യം നോർത്ത് കൊറിയ
മരണ സംഖ്യ 16 ലക്ഷം.അധികാരത്തിലിരുന്ന കാലയളവ് 46 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം കൊറിയൻ യുദ്ധം
ഭരണക്രമം കമ്മ്യൂണിസ്റ്റ്
മരണ കാരണം ഹൃദയാഘാതം

പേര് പോൾ പോട്ട്
രാജ്യം കമ്പോഡിയ
മരണ സംഖ്യ 17 -24 ലക്ഷം
അധികാരത്തിലിരുന്ന കാലയളവ് 4 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം കമ്പോഡിയൻ കൂട്ടക്കൊല
ഭരണക്രമം കമ്മ്യൂണിസ്റ്റ്
മരണ കാരണം അജ്ഞാതം

പേര് അൻവർ പാഷ
രാജ്യം തുർക്കി
മരണ സംഖ്യ 10.1 ലക്ഷം – 25 ലക്ഷം.
അധികാരത്തിലിരുന്ന കാലയളവ് 7 വർഷം (1913 -1918 )
ഏറ്റവും കൊടിയ നീച കുറ്റകൃത്യം അർമേനിയൻ വംശ ഹത്യ
ഭരണക്രമം സൈനികം
മരണ കാരണം റഷ്യൻ ചെമ്പടയാൽ വധിക്കപ്പെട്ടു

പേര് ബെനിറ്റോ മുസോളിനി
രാജ്യം ഇറ്റലി
മരണ സംഖ്യ 3 ലക്ഷം.
അധികാരത്തിലിരുന്ന കാലയളവ് 11 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം എത്യോപ്യ,ലിബിയ,യൂഗോസ്ലാവ്യ
രണ്ടാം ലോകമഹായുദ്ധം
ഭരണക്രമം ഫാസിസം
മരണ കാരണം വധശിക്ഷ

പേര് ഹാരി എസ് ട്രൂമാൻ
രാജ്യം അമേരിക്ക
മരണ സംഖ്യ 2.3 ലക്ഷം..
അധികാരത്തിലിരുന്ന കാലയളവ് 8 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം ഹിരോഷിമ,നാഗസാക്കി
ന്യൂക്ലിയർ ബോംബ് ദുരന്തങ്ങൾ
ഭരണക്രമം ഫെഡറൽ റിപ്പബ്ലിക്
മരണ കാരണം മോഫ

പേര് ഇതി അമീൻ
രാജ്യം ഉഗാണ്ട
മരണ സംഖ്യ 80000 – 5 ലക്ഷം.
അധികാരത്തിലിരുന്ന കാലയളവ് 8 വർഷം
ഏറ്റവും കൊടിയ നീച കുറ്റകൃത്യം ഏഷ്യൻ വംശീയാക്രമണം
ഭരണക്രമം അമിനിസം
മരണ കാരണം വധശിക്ഷ

എത്ര വലിയ സാമ്രാജ്യത്തിൻറെ തലതൊട്ടപ്പന്മാരായാലും,
എത്ര ക്രൂരനായ സ്വച്ഛാധിപതിയായാലും ഈ കാലഘട്ടത്തിന്റെ
മുന്നിൽതന്നെ അവർക്ക് അടിയറവ് പറയേണ്ടിവന്നു.

ജോളി ജോളി