ജഡ്ജിമാരുടെ പ്രതിഷേധം: പ്രശ്‌നങ്ങള്‍ ഉടന്‍ തീരുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ വിവാദ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ തീരുമെന്ന് വിശ്വസിക്കുന്നതായി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. ഡല്‍ഹിയില്‍ വസതിക്ക് മുന്നില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഇന്നലെ കെ.കെ.വേണുഗോപാൽ പറഞ്ഞിരുന്നു. പുതിയ സാഹചര്യത്തിൽ ഐക്യം ഉറപ്പാക്കാൻ നാലു ജഡ്ജിമാരും ‘നീതിജ്ഞത’ പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.  വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ അറ്റോർണി ജനറൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ചേർന്നു പിന്നീട് മാധ്യമങ്ങളെ കാണുമെന്ന അഭ്യൂഹവും പരന്നെങ്കിലും അതുണ്ടായില്ല. എന്നാൽ ചീഫ് ജസ്റ്റിസും നാലു ജഡ്ജിമാരും അവസരത്തിനൊത്ത് ഉയരുമെന്നും നിലവിലുള്ള ഭിന്നത പരിഹരിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് വേണുഗോപാൽ വാർത്താ ഏജൻജിയോടു വ്യക്തമാക്കുകയും ചെയ്തു.പരസ്പരധാരണയോടെ മുന്നോട്ടു പോകുമെന്നാണു കരുതുന്നത്. ഇക്കാര്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചീഫ് ജസ്റ്റിസുമായുള്ള ചർച്ചയുടെ കൂടുതൽ വിവരങ്ങൾ പക്ഷേ അദ്ദേഹം പുറത്തുവിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ പ്രതികരണത്തിന് മാധ്യമങ്ങൾ ഏറെ ശ്രമിച്ചിട്ടും ലഭ്യമായതുമില്ല.

അതേസമയം ചീഫ് ജസ്റ്റിസിനെ കാണാന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എത്തിയെങ്കില്‍ കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയില്ല. ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര മടങ്ങി. ദീപക് മിശ്രയുടെ വീട്ടിലായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി എത്തിയത്.

അതിനിടെ സുപ്രീം കോടതിക്കെതിരെ ജസ്റ്റിസുമാര്‍ വാര്‍ത്താ സമ്മേളനം നടത്തി രംഗത്തു വന്ന സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മാധ്യമങ്ങളെ കാണുമെന്നായിരുന്നു അറിയിച്ചിരുന്നത്.

വിവാദ വാര്‍ത്താ സമ്മേളനത്തിന് ശേഷം ദീപക് മിശ്ര എ.ജിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മാധ്യമങ്ങളെ കാണേണ്ടതില്ല എന്ന നിലപാടിലേക്കെത്തിയത്. സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ്, ചെലമേശ്വര്‍ എന്നിവരായിരുന്നു ഇന്നലെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് മാധ്യമങ്ങളെ കണ്ട് സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഇതിന് മറുപടി പറയാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതിനിടെ വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്റിസുമാരുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ അനുരഞ്ജന ശ്രമമെന്നോണം ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി.