കേടായ ഭക്ഷണം കഴിച്ച് ആരെങ്കിലും മരിച്ചാല്‍ 15 വര്‍ഷം തടവ്; ശിക്ഷാനിയമം പരിഷ്‌കരിച്ച് ഒമാൻ

ഒമാന്‍: ഒമാനില്‍ ശിക്ഷാനിയമം പരിഷ്‌കരിച്ച് പുതിയ ഉത്തരവ് പുറത്തിറങ്ങി. ഗസറ്റില്‍ ഉത്തരവ് പ്രസിദ്ധീകരിക്കുന്ന ദിവസമാകും പുതിയ നിയമം പ്രാബല്യത്തില്‍ വരിക. ഭക്ഷിക്കാന്‍ പാടില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ വില്‍പ്പന നടത്തിയാല്‍ സ്ഥാപന ഉടമയ്ക്ക് പുതിയ നിയമപ്രകാരം 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കേടായ ഭക്ഷണം കഴിച്ച് ആരെങ്കിലും മരിച്ചാല്‍ ശിക്ഷ 15 വര്‍ഷമായി ഉയരുകയും ചെയ്യും.

അതേസമയം ആരെയെങ്കിലും തടഞ്ഞുവെക്കുകയോ നിയമ വിരുദ്ധമായി ഒരു വ്യക്തിയുടെ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. രാജ്യത്തിന്റെ അഭിമാനത്തെ ഹനിക്കുന്നതോ സാമ്പത്തിക മേഖലയുടെ ആത്മവിശ്വാസം മുറിപ്പെടുത്തുകയോ ചെയ്ത് അപവാദം പ്രചരിപ്പിച്ചാല്‍ മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

ഔദ്യോഗിക ജോലിക്കിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷയാകും ലഭിക്കുക. ഇസ്ലാമിനെയോ ഖുര്‍ആന്‍ പ്രവാചകന്‍മാരെയോ മറ്റ് ദൈവിക മതങ്ങളെയോ അപമാനിച്ചാല്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കും.

സര്‍ക്കാര്‍, സ്വകാര്യ ഫണ്ടുകളില്‍ തിരിമറി നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് മുതല്‍ അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കും. ആംബുലന്‍സിന്റെയൊ പൊതുസുരക്ഷാ വാഹനങ്ങളുടെയോ സുഗമമായ ഗതാഗതം ബോധപൂര്‍വം തടസപ്പെടുത്തന്നവര്‍ക്കും തടവ് ശിക്ഷ ലഭിക്കും. ശത്രുക്കള്‍ക്ക് രാജ്യത്തിന് അകത്തേക്ക് കടക്കാന്‍ സൗകര്യമൊരുക്കുകയോ വിവരങ്ങള്‍ കൈമാറുകയോ ചെയ്താല്‍ വധശിക്ഷയാകും ലഭിക്കുക.