ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം ഭാഗ്യം തുണച്ചതുകൊണ്ടു മാത്രമാണെന്ന് മുംബൈ കോച്ച്;ചുട്ട മറുപടി നൽകി ഡേവിഡ് ജെയിംസ്

മുംബൈ: പരിശീലകനായി ഡേവിഡ് ജെയിംസ് തിരിച്ചു വന്നതുമുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറിയിരിക്കുകയാണ്. താരങ്ങളുടെ കളിയിലും സമീപനത്തിലെല്ലാം ഇതുവരെയില്ലാത്ത ആവേശവും വിജയ തൃഷ്ണയും. ഇന്നലെ മുംബൈയെ അവരുടെ മടയില്‍ ചെന്ന് തോല്‍പ്പിച്ചത് ഈ പുത്തനുണര്‍വിന്റെ കരുത്തിലാണ്.വിജയത്തോടെ കൊല്‍ക്കത്തയെ രണ്ട് പോയന്റിന് പിന്നോട്ട് തള്ളി ബ്ലാസ്‌റ്റേഴ്‌സ് മുന്നോട്ട് കയറി വന്നിരിക്കുകയാണ്. നിലവില്‍ ചെന്നൈയിന്‍ എഫ്‌സിയാണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്.

വിജയത്തോടെ പോയന്റ് പട്ടികയില്‍ ആറാമതെത്തിയിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. 10 കളികളില്‍ നിന്നും 14 പോയിന്റാണ് ടീമിനുള്ളത്. ഇയാന്‍ ഹ്യൂമിന്റെ ഗോളിന്റെ കരുത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. വിജയത്തോടൊപ്പം ഹ്യൂമേട്ടന്റെ ഗോള്‍ വിവാദത്തിനും തിരി കൊളുത്തിയിരിക്കുകയാണ്.

മുംബൈ പരിശീലകന്‍ ഗിമറിയേസ് റഫറിയുടെ തീരുമാനത്തില്‍ അമര്‍ഷം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഭാഗ്യം കൊണ്ടല്ല ടീം ഗോള്‍ നേടിയതെന്നായിരുന്നു മത്സര ശേഷം ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പ്രതികരിച്ചത്.

‘അതെങ്ങനെ ഭാഗ്യമാകും? ഞങ്ങള്‍ 1-0 ന് ജയിച്ചു, ഗോള്‍ ശരിയാണെന്ന് റഫറിയും പറഞ്ഞതാണ്. ഞങ്ങളെങ്ങനെ ഭാഗ്യവാന്മാരാകും. ഞങ്ങള്‍ നന്നായി അധ്വാനിച്ച് തന്നെയാണ് കളിച്ചത്. ഭാഗ്യം സ്വയം ഉണ്ടാക്കിയെടുക്കുകയായിരുന്നു. അവസരം കിട്ടിയപ്പോള്‍ ഞങ്ങളത് ഉപയോഗിച്ചു.’ എന്നായിരുന്നു മുംബൈ കോച്ചിന്റെ അഭിപ്രായത്തോടെ ഡേവിഡിന്റെ പ്രതികരണം.

മുംബൈയെ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാക്കിയ ആരാധകര്‍ക്ക് ഡേവിഡ് നന്ദിയും പറഞ്ഞു. ആരാധകര്‍ വീണ്ടും തകര്‍ത്തിരിക്കുകയാണ്. എല്ലാ ഗ്രൗണ്ടും ഞങ്ങള്‍ ഹോം ഗ്രൗണ്ടാക്കും എന്നെഴുതിയിട്ടുള്ള ബാനര്‍ അവര്‍ക്കുണ്ടെന്ന് എനിക്കറിയാം. ഇന്ന് ശരിയ്ക്കും ഹോം ഗ്രൗണ്ടാണെന്ന് തോന്നിപ്പോയി. ആരാധകരുള്ളത് താരങ്ങളെ നന്നായി സഹായിക്കും. വീഴുമ്പോള്‍ വീണ്ടും എഴുന്നേറ്റ് പോരാടണം. ബുദ്ധിമുട്ടായിരുന്നു, പക്ഷെ ആരാധകര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. അതാണ് സന്ദേശ് ജിങ്കന്‍ വൈക്കിംഗ് ക്ലാപ്പിന് നേതൃത്വം കൊടുത്തതും. ഡേവിഡ് പറയുന്നു.