മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച: പിന്തുണയുണ്ടെന്നറിയിച്ചു, പരിഹാരമില്ല;സമരം തുടരുമെന്ന് ശ്രീജിത്ത്

തിരുവനനന്തപുരം: സഹോദരന്‍ ശ്രീജീവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ രണ്ടു വര്‍ഷത്തോളമായി ഒറ്റയാള്‍ സമരം നടത്തിവന്ന ശ്രീജിത്ത് നിരാഹാര സമരം തുടരും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹാരമുണ്ടാവാത്തതിനെത്തുടര്‍ന്നാണ് ശ്രീജിത്ത് സമരം തുടരുമെന്ന് പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെന്ന് ചര്‍ച്ചയ്ക്കു ശേഷം ശ്രീജിത്ത് പറഞ്ഞു. സഹോദരന്റെ മരണം സി.ബി.ഐ ഏറ്റെടുത്ത് അന്വേഷിക്കുന്നതു വരെ സമരം തുടരുമെന്നും ശ്രീജിത്ത് പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ചായിരുന്നു ശ്രീജിത്തിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

സി.ബി.ഐ കേസെടുക്കണമെന്നാവശ്യപ്പെട്ട് കത്ത്

അതേസമയം, ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് അന്വേഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന സി.ബി.ഐ നിലപാട് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന്റെ പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

പാറശ്ശാല പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കസ്റ്റഡി മരണം സംബന്ധിച്ച കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് 2017 ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, കേസുകളുടെ ബാഹുല്യമുണ്ടെന്നും ശ്രീജീവിന്റെ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന ഗണത്തില്‍ വരുന്നില്ലെന്നും പറഞ്ഞ് സി.ബി.ഐ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഈ നിലപാട് പുന:പരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടത്.