എന്ത് ലോക കേരള സഭ ? നോർക്ക ഒരു പാവം പ്രവാസിയെ ലോൺ തരാമെന്നു പറഞ്ഞു ഓടിച്ചത് നാലര മാസം ;അവസാനം പ്രൈവറ്റ് ലോൺ എടുത്തു കാറ് വാങ്ങി

സ്വന്തം ലേഖകൻ
തൃശൂർ :ഇത് രാംദാസ് ബാലന്റെ കഥ.സർക്കാർ ലോക കേരള സഭയ്ക്ക് കോപ്പു കൂട്ടുമ്പോളും ബാലൻ ഓട്ടത്തിലായിരുന്നു.ഗൾഫിലെ ജീവിതം മതിയാക്കി നാട്ടിലെത്തി സുഖമായി ജീവിക്കാൻ ഒരു ടാക്സി വേണം .ഉള്ള കാശൊക്കെ വച്ച് സുഖമായി അദ്ധ്വാനിച്ചൊരു ജീവിതം .നീണ്ട ഒരുകാലഘട്ടം പ്രവാസിയായി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു .നോർക്ക റൂട്സ് വഴി ഒരു ലോണ്‍എടുത്തു ഒരു കാര്‍ വാങ്ങി ടാക്സിയായി സ്വയം ഓടിച്ച് ജീവിക്കാനുള്ള വഴി കണ്ടെത്താമെന്ന് വിചാരിച്ചു.നാലര മാസം അതിനുവേണ്ടി നടന്നത് മിച്ചം .അവരുടെ ഓഫീസില്‍ ചെന്നപ്പോള്‍ പറഞ്ഞു ഓണ്‍ ലൈന്‍ വഴി ലോണിന് അപ്ലേ ചെയ്താല്‍ മതിഎന്ന് .നാലായിരം രൂപ ചിലവാക്കി അങ്ങിനെ ചെയ്തു .ഒരുമാസം കഴിഞ്ഞപ്പോള്‍ അവര്‍ തൃശ്ശൂര്‍ രാമ നിലയത്തിലേക്ക് വിളിപ്പിച്ച് ലോണ്‍ എടുക്കുന്ന കാശ് എങ്ങിനെ നല്ലൊരു ബിസിനസ് ചെയമെന്നൊരു ക്ലാസ്സ്‌ തന്നു കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വിളിപ്പിച്ചു ലോണ്‍ പേപ്പേഴ്സ് എല്ലാം ശെരിയാക്കി തന്നു .

അടുത്തമാസം അഞ്ചാം തിയതിക്കുള്ളില്‍ നിങ്ങളുടെ ബാങ്കിലേക്ക് ഈ പേപ്പര്‍ വരും .പിന്നീട് ബാങ്ക് ലോണ്‍ തരുമെന്ന് പറഞ്ഞു .അങ്ങിനെ അവര്‍ പറഞ്ഞ സമയത്ത് ബാങ്കില്‍ ചെന്നപ്പോള്‍ ആ പേപ്പേഴ്സ് അവിടെ എത്തിയിട്ടുണ്ട് പക്ഷെ ലോണ്‍ തരണമെങ്കില്‍ മാനേജര്‍ വരണം അദ്ദേഹം അയാളുടെ കല്യാണത്തിന് ലീവ് എടുത്തു നാട്ടില്‍ പോയിരിക്കയാണ്‌ രണ്ടു ആഴ്ച്ച കഴിഞ്ഞു വരാന്‍ പറഞ്ഞു വിട്ടു .അത് കഴിഞ്ഞ് ചെന്നപ്പോള്‍ അവിടെനിന്നുള്ള ഫോര്‍മാലിറ്റി കഴിച്ച് അവരുടെ മെയിന്‍ ബ്രാഞ്ചിലേക്ക് വിട്ടു .ഒരു ആഴ്ചക്കുള്ളില്‍ അവര്‍ വീട്ടില്‍ വന്നു വെരിഫിക്കേഷന്‍ നടത്തി ലോണ്‍ പാസാക്കി തരുമെന്ന് പറഞ്ഞു .ഒരാഴ്ച്ച കഴിഞ്ഞു ഒരു മാസം ആയപ്പോള്‍ .നേരിട്ട് അവിടെ പോയി തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു രണ്ടു ദിവസത്തിനുള്ളില്‍ വീട്ടില്‍വന്നു വെരിഫിക്കേഷന്‍ നടത്താമെന്ന് .നാല് ദിവസം കാത്തിരുന്ന് കാണാതെ വീണ്ടും ഞാന്‍ അവിടെപോയി അവരോടു പറഞ്ഞു ഈമാസം വണ്ടി എടുത്താല്‍ 30000 രൂപ എനിക്ക് ലാഭം ഉണ്ട് അതുകൊണ്ട് ദയവു ചെയ്തു ശെരിയാക്കി തരണമെന്ന് .അപ്പോള്‍ അവര്‍ പറഞ്ഞു നാളെ മുതല്‍ ക്രിസ്തുമസിന്റെ അവധിയാണ് ക്രിസ്തുമസ് കഴിഞ്ഞു പിറ്റേ ദിവസം ഉറപ്പായും വന്നു എല്ലാം ശെരിയാക്കി തരാമെന്ന് .

ഞാന്‍ ടൊയോട്ടയുടെ ഷോ റൂമില്‍ വിളിച്ചു ചോദിച്ചു 26 തിയതി ലോണ്‍ പാസ്സാക്കി കിട്ടിയാല്‍ ആ മാസം തന്നെ വണ്ടി എടുക്കാന്‍ സാധിക്കുമോയെന്ന് .അവര്‍ സമ്മതിച്ചു .അത് പ്രകാരം ഞാന്‍ കാത്തിരന്നു .അങ്ങിനെ 26 ഉം 27 ഉം കഴിഞ്ഞു അവര്‍ വന്നില്ല . ഇതിനിടയില്‍ നോര്‍ക്കയുടെ ഓഫീസില്‍ വിളിച്ചു ഇത്തരം കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് ഞങ്ങളുടെ ഭാഗത്തുനിന്ന് ചെയനുള്ളത് ചെയ്തു എന്നാണ് .വേണമെങ്കില്‍ നോര്‍ക്കയുടെ തിരുവനന്തപുരത്തെ നമ്പര്‍ തരാം അവിടേക്ക് വിളിച്ചു നോക്കികൊള്ളു എന്നാണ് .

ആരും ഒന്നും ചെയ്തു തരില്ലെന്ന് മനസിലായപ്പോള്‍ അങ്ങിനെ നോര്‍ക്കയുടെ ലോണിനു സലാം പറഞ്ഞു- മറ്റൊരു ഫിനാന്‍സ്കാരെ ബന്ധപ്പെട്ടു അന്നുതന്നെ അവര്‍ വീട്ടില്‍ വന്നു ലോണ്‍ ശെരിയാക്കി തന്നു ഈ ഡിസംബര്‍ 30 ന് വണ്ടി എന്റെ പേരിലാക്കി ജനുവരി 1 ന് വണ്ടി വീട്ടിലെത്തി .ഞാന്‍ പറഞ്ഞു വന്നത് എന്നെപോലുള്ള പാവപ്പെട്ട പ്രവാസികളോടാണ് .ഇങ്ങനെയൊരു കിട്ടാക്കനി കിട്ടുമെന്ന് കരുതി എന്നെപോലെ സമയം പാഴാക്കരുതെന്നാണ് തിരികെ വരുന്ന പ്രവാസികളോട് രാം ദാസിന് പറയാനുള്ളത് .

‘ഗൾഫ് മലയാളികൾക്ക്’ സുലൈമാനിയുടെയും കുബൂസ് റൊട്ടിയുടെയും പേറ്റന്റെ കൊടുത്ത് നാട്ടിൽ തൊഴിലും കയ്യിട്ടുവാരലും ധൂർത്തും കസർത്തും രാഷ്ട്രീയവുമായി സസുഖം ഔദ്യോഗികജീവിതം ആഘോഷമാക്കുന്ന വെറും അഹങ്കാരികളായ ശുംഭന്മാർ, തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തങ്ങൾ പൂർത്തീകരിയ്ക്കാൻ കുറച്ചെങ്കിലും ആത്മാർഥത കാണിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എത്രയോ ഉന്നതി പ്രാപിക്കുമായിരുന്നുവന്നു മറ്റൊരു പ്രവാസിയായ മഹേഷ് ആർ എൻ പിള്ള സാക്ഷ്യപ്പെടുത്തുന്നു.
അദ്ധ്വാനത്തിന്റേയും തൊഴിലിന്റെയും പവിത്രതയും പണത്തിന്റെ മൂല്യവും തൊഴിൽ ദാതാവിനോടും പൊതു ജനത്തിനോടും ഉള്ള മാന്യമായ ബന്ധങ്ങളെയും കുറിച്ച് നന്നായി പഠിച്ചിട്ടാണ് ഒരു മാസമെങ്കിലും ഇവിടെ ജോലിചെയ്തു ജീവിച്ച ഒരാൾ അവിടെ തിരികെ വിമാനം ഇറങ്ങുന്നത്.

വെറും തെണ്ടികളോട് പെരുമാറുന്ന വിധത്തിൽ പൊതുജനങ്ങളോട് പെരുമാറി ശീലിച്ച ഉദ്യോഗസ്ഥന്മാരും അത് അനുസരണയോടെ അനുഭവിച്ച് ശീലിച്ച ‘നല്ലവരായ’ നാട്ടുകാരും തമ്മിൽ കാലങ്ങളായി തുടരുന്ന ഈ മേലാളർ കീഴാളർ ബന്ധങ്ങൾ പലപ്പോഴും വിദേശ മലയാളികളിൽ അസഹ്യമായ വെറുപ്പ് ഉലവാക്കാൻ പ്രധാനകാരണം തൻ ചൂഷണം ചെയ്യപ്പെടുന്നത് അവൻ തിരിച്ചറിയുന്നു എന്നത് തന്നെയാണ് . ഉപഭോക്താവിന് ന്യായമായ പരിഗണനയും, മുടക്കുന്ന പണത്തിനുള്ള സേവനവും ഉൽപ്പന്നവും തിരികെ കിട്ടുമെന്ന ഉറപ്പും കേരളത്തിൽ ഒരു മേഖലയിലും ലഭ്യമല്ല. ചതിയും വഞ്ചനയും തട്ടിപ്പും തെമ്മാടിത്തരവും അരങ്ങു വാഴുകയാണ്. സഭ്യതയും മാന്യതയും അന്തസ്സും ചെയ്യുന്ന ജോലിയെക്കുറിച്ച് സാമാന്യ ബോധവും ഉള്ള വ്യക്തികളുടെ സേവനമോ ഗുണമേന്മയുള്ള ഉല്പന്നങ്ങളോ ലഭ്യമാകുന്നെങ്കിൽ അത് കേവലം ഭാഗ്യം കൊണ്ട് മാത്രം. ഈ അവസ്ഥാവിശേഷത്തിനെതിരെ ഇന്നേവരെ ഒരു സംഘടനയോ രാഷ്ട്രീയക്കാരോ മാധ്യമങ്ങളോ ശബ്ദം ഉയർത്തിയിട്ടില്ല. ജീവിത ചെലവുകൾക്കും സൗകര്യങ്ങൾക്കുമായി പണം ചെലവിടുന്ന സാധാരണക്കാരിൽ അധികവും പ്രതികരിക്കാൻ ഭയപ്പെടുന്നു. അവർ ഒറ്റപ്പെട്ട വ്യക്തികളാണ്. സംഘടിതരല്ല. എതിർത്താൽ അപമാനിതരാകും കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമാകും. കണക്കില്ലാതെ പണമുള്ളവർക്ക് മറ്റു മാർഗ്ഗങ്ങൾ പലതുണ്ടല്ലോ. തട്ടിപ്പും കളവും മുഷ്ക്കും ധിക്കാരവും തെണ്ടിത്തരവും എങ്ങനെ എല്ലാമാകാം എന്ന് പഠിപ്പിക്കുന്ന സർക്കാർ കൂടി ഉള്ളപ്പോൾ പാവപ്പെട്ടവർക്ക് ജീവിതം കൂടുതൽ ദുഷ്ക്കരമായിരിക്കുന്നു.