ക്രമസമാധാനവും നല്ല ഭരണവും കാഴ്​ചവെക്കാൻ സർക്കാറിന്​ സാധിച്ചുവെന്ന്​ ​ ഗവർണർ

തിരുവനന്തപുരം:കഴിഞ്ഞ വർഷം സർക്കറിനെതിരെ ശക്​തമായ കാമ്പയിൻ സോഷ്യല്‍ മീഡിയയിലടക്കം ഉണ്ടായിട്ടും ക്രമസമാധാനവും നല്ല ഭരണവും കാഴ്​ചവെക്കാൻ സർക്കാറിന്​ സാധിച്ചുവെന്ന്​ ഗവർണർ പി സദാശിവം.ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഈ വിലയിരുത്തൽ .നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായി തങ്ങളുടെ പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണറെ അറിയിക്കുകയും ചെയ്തു. എന്നാൽ ഗവർണറുടെ പ്രസംഗം തടയുന്ന നടപടിയിലേക്ക് പ്രതിപക്ഷം കടന്നില്ല. നയപ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷത്തെ കേള്‍ക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം നിര്‍ത്തി. വിലക്കയറ്റം, ഭരണസ്തംഭനം, ക്രമസമാധാന തകർച്ച എന്നിവ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

മാനവവിഭവ ശേഷിയില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. കേരളം അഴിമതിരഹിത സംസ്ഥാനമാണെന്ന വിലയിരുത്തലുണ്ട്. 100 ശതമാനം വൈദ്യുതീകരണം സ്വന്തമാക്കിയ സംസ്ഥാനമാണ് കേരളം. വെളിയിട വിസര്‍ജ്യ മുക്തമായ സംസ്ഥാനമാണ്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന് നല്‍കിയ പരിഗണനയിലും ഒന്നാമതാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് ഭീഷണിയില്ല. അത്തരം പ്രചരണങ്ങള്‍ അപലപനീയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തൊഴിലുകൾ പലതും പരമ്പരാഗത രീതികളിൽ നിന്ന് പുതിയതിലേക്കു മാറുന്നു. ഒട്ടേറെ തൊഴിലുകൾ ഇല്ലാതാകും, പക്ഷേ പുതിയ അവസരങ്ങൾ തുറക്കും. ഈ സാഹചര്യത്തിൽ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം∙ ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, റോബട്ടിക്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിഗണന. ഹരിത കേരളം പദ്ധതി കൃഷിയെ പ്രോത്സാഹിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 85 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപ്പിടുപ്പിച്ചു. 370 സ്‌കൂളുകളുടെ വികസനത്തിനായി 1392 കോടിയുടെ പദ്ധതി തയാറാക്കി. കുടുംബശ്രീക്ക് കൂടുതല്‍ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് അവസരം ഒരുക്കി. ഭക്ഷ്യ വിതരണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. അടിസ്ഥാന സൗകര്യം വികസനത്തിന് നാല് പദ്ധതികള്‍. അണ്‍എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കി.ദേശീയ തലത്തിൽ കേരളത്തിരെനതിരെ കുപ്രചാരണം നടക്കുന്നുണ്ട്​. ഒാഖിയിൽ സർക്കാർ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്​. ദുരന്ത നിവാരണം കുറേക്കൂടി കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അക്രമം സാങ്കേതികതയുടെ സഹായത്തോടെ തടയും ∙ പൊലീസിൽ വനിതകളുടെ സാന്നിധ്യം കൂട്ടും. തീരദേശ സംരക്ഷണത്തിനും ദുരന്തനിവാരണത്തിനും രണ്ടു പ്രത്യേക വിഭാഗങ്ങൾ കൊണ്ടുവരും. ഫൊറൻസിക് വിഭാഗം ഏറ്റവും പുതിയ സാങ്കേതികതയുടെ സഹായത്തോടെ കൂടുതല്‍ ശക്തമാക്കും.

അതേസമയം, ഒാഖി ദുരിതബാധിതർ ചോദിക്കുന്നു മുഖ്യമന്ത്രിയെ കണ്ടവരുണ്ടോ എന്നുതുടങ്ങി ഭരണസ്​തംഭനം, വിലക്കയറ്റം, കൊലപാതക രാഷ്​ട്രീയം എന്നിവക്കെതിരെ വിവിധ ചോദ്യങ്ങളുന്നയിക്കുന്ന പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭിയിലെത്തിയത്.

മുൻമന്ത്രി ഇ.ചന്ദ്രശേഖരൻ നായർ, ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ.കെ.രാമചന്ദ്രൻ നായർ എന്നിവർക്കു ചരമോപചാരം അർപ്പിക്കാനായാണു സഭ ചൊവ്വാഴ്ച ചേരുന്നത്. 25ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച നടക്കും. 26 മുതൽ 29 വരെ സഭ ചേരുകയില്ല. 30 മുതൽ വീണ്ടും ചർച്ച. ഫെബ്രുവരി രണ്ടിനു ബജറ്റ് അവതരിപ്പിക്കും. ഏഴിനു സഭാസമ്മേളനം സമാപിക്കും.