ഭാവന വിവാഹിതയായി ;വിവാഹവേദി കയ്യടക്കി വിമൻസ് ഇൻ കളക്ടീവ് സിനിമ

തൃശൂർ :നടി ഭാവന വിവാഹിതയായി .തിരുവമ്പാടി ക്ഷേത്ര നടയില്‍ വച്ച് തെലുങ്ക് നിര്‍മാതാവും നടനുമായ നവീൻ ആണ് ഭാവനയ്ക്ക് താലി ചാർത്തിയത് .തുടർന്ന് ആശംസകള്‍ നേരാന്‍ മലയാളത്തിലെ പ്രിയനടിമാര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ എത്തി. ലെന, മഞ്ജു വാര്യര്‍, നവ്യനായര്‍, ഭാഗ്യലക്ഷ്മി, ഭാമ, ഷംന കാസിം, മൃദുല വാരിയര്‍, ഷഫ്‌ന, രചന, ശ്രിത ശിവദാസ്, ശില്‍പബാല, മിയ, കൃഷ്ണപ്രഭ, രാധ തുടങ്ങിയ നിരവധി നായികമാര്‍ വിവാഹ വേദി കീഴടക്കി.

ഭാഗ്യലക്ഷ്മി വേദിയിലെത്തിയപ്പോള്‍ ഭാവന കാല്‍തൊട്ട് തൊഴുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഭാഗ്യലക്ഷ്മിയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

ഭാവനയുടെ വിവാഹത്തെ സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണു പുറത്തെത്തിയത്. വിവാഹം മുടങ്ങിയെന്നും ഇല്ലെന്നും സംബന്ധിച്ച് ഊഹാപോഹ വാര്‍ത്തകളുടെ വന്‍നിര. സമചിത്തത കൈവിടാതെയാണ് നടിയും അതിനേക്കാളുപരി നവീനും ഈ വിഷയത്തോടു പ്രതികരിച്ചത്. ഭാവനയുടെ പിതാവിന്റെ മരണവും നവീന്റെ അമ്മയുടെ മരണവും വിവാഹ മണ്ഡപത്തിലേക്കുള്ള അവരുടെ യാത്രയുടെ നാള്‍ നീട്ടിക്കൊണ്ടുപോയി. ഇതാണ് കാരണം എന്നു പലവട്ടം നടിയും കുടുംബവും അറിയിച്ചിട്ടും തൃപ്തിവരാതെ വാര്‍ത്തകള്‍ പ്രചരിച്ചു കൊണ്ടേയിരുന്നു. എന്തായാലും അതേ ഓണ്‍ലൈന്‍ ഭാവനയുടെ വിവാഹ നിമിഷങ്ങള്‍ കണ്‍നിറയെ കാണുകയാണിപ്പോള്‍.

കമലിന്റെ ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെയാണ് തൃശൂരുകാരി ഭാവന സിനിമയിലെത്തിയത്. കാര്‍ത്തിക മേനോന്‍ എന്ന പേര് സിനിമയിലെത്തിയപ്പോള്‍ ഭാവന എന്നായി. ആ പേരു ഭാവസാന്ദ്രമായിരുന്നു സിനിമയില്‍ അവള്‍ അവതരിപ്പിച്ച വേഷങ്ങളും കാലക്രമേണ അവരുടെ ലുക്കില്‍ വന്ന മാറ്റവും. പ്രത്യേകിച്ച് മലയാളത്തില്‍ നിന്ന് തെന്നിന്ത്യയുടെ നായിക കൂടിയായി വളര്‍ന്നപ്പോള്‍. ആ മാറ്റം അതീവ സുന്ദരവുമായിരുന്നു. അടുത്തിടെ പങ്കെടുത്ത എല്ലാ പരിപാടികളിലും ഭാവനയുടെ ലുക്ക് പ്രേത്യകം ശ്രദ്ധിക്കപ്പെടുകയുമുണ്ടായി.

വിവാഹ ജീവിതത്തിലേക്കു കടക്കുന്ന വേളയും അതുപോലെ തന്നെ. രാജകുമാരിയെ പോലെയായിരുന്നു ഭാവന. വിവാഹമാകട്ടെ ലളിത മനോഹരവും. ഗോള്‍ഡന്‍ കളറിലുള്ള സാരിയും ട്രെഡീഷണല്‍ ആഭരണങ്ങളും മുല്ലപ്പൂവുമണിഞ്ഞാണ് ഭാവന തിരുവമ്പാടി ക്ഷേത്ര നടയില്‍ വധുവായി എത്തിയത്. വിടര്‍ന്ന കണ്ണുള്ള നായിക വിവാഹത്തിന് എത്രമാത്രം സുന്ദരിയായിരിക്കുമെന്ന കൗതുകത്തിനു മനം നിറയ്ക്കുന്ന ഉത്തരമായി ആ രൂപം. ഓരോ കാഴ്ചയിലും ഭംഗിയേറുന്ന വധുവായിരുന്നു ഭാവന. വിവാഹ നിശ്ചയ വേളയിലും ഇതുപോലെ വേറിട്ട ഭംഗിയിലായിരുന്നു ഭാവന.

മലയാള സിനിമയില്‍ ഒതുക്കലിനു വിധേയമായ നടിയാണ് ഭാവന. അതേപ്പറ്റി അവര്‍ പറഞ്ഞിട്ടുമുണ്ട്. തന്മയത്തത്തോടെ അടുത്ത വീട്ടിലെ കുട്ടിയെ പോലെ സിനിമയില്‍ നിറഞ്ഞു നിന്ന നായിക വളരെ പെട്ടെന്നാണ് മലയാള സിനിമയില്‍ അന്യമായത്. അതേസമയം തെലുങ്ക് തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുകയും ആ സിനിമ മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമാകാന്‍ അവര്‍ക്ക് സാധിക്കുകയുമുണ്ടായി. പൃഥ്വിരാജ് നായകനായ ആദം ജോണ്‍ ആണ് ഭാവനയുടെ ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം.

കുട്ടികളില്ലാത്ത അമ്മയായും മകളെ നഷ്ടപ്പെട്ട അമ്മയായും പിന്നെ ഇതിനെല്ലാമിടയില്‍ വലിയൊരു രഹസ്യം ഉള്ളിലൊതുക്കുന്ന വ്യക്തിയായും ആ സിനിമയില്‍ അവര്‍ നിറഞ്ഞു നിന്നു. ഭാവനയെന്ന നടിയുടെ അഭിനയത്തികവ് അറിയിക്കുന്ന ഒട്ടേറെ നിമിഷങ്ങള്‍ ആ സിനിമയില്‍ വന്നുപോയി. മലയാളത്തിനു മുതല്‍ക്കൂട്ടാകുന്ന അഭിനേത്രി തന്നെയാണ് താന്‍ എന്നു പറഞ്ഞു ഭാവന. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, ലുക്കു കൊണ്ടും.സിനിമയിലെ അവരുെട ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ ഈ ചിത്രത്തിലെ വേഷവുമുണ്ടാകും. അതുപോലെ മനസില്‍ മായാതെ വധുവായി അണിഞ്ഞൊരുങ്ങിയ ഭാവനയും. മലയാളത്തിലെ മുന്‍നിര നായികമാരെ വെല്ലുന്ന ഭംഗിയുണ്ടായിരുന്നു ഈ നേരത്തെ ഭാവനയക്ക്.