ഭീകരവാദത്തെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിക്കുന്നത് അബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദാവോസ്: ഭീകരവാദത്തെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിക്കുന്നത് അബദ്ധമാണ് എന്ന് ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സാമ്പത്തിക ഫോറത്തിലെ പ്ലീനറി സെഷനില്‍ പ്രധാന പ്രാസംഗികനായി എത്തിയ മോദി ഹിന്ദിയിലാണ് സംസാരിച്ചത്. നമസ്‌തേ എന്ന അഭിവാദ്യത്തോടെ പ്രഭാഷണം ആരംഭിച്ച മോദി ലോക നേതാക്കളുടേയും ആഗോള സി.ഇ.ഒ മാരുടേയും മുന്നില്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ ചരിത്രം വിവരിച്ചു.

21 വര്‍ഷം മുന്‍പ് ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയെത്തുമ്പോള്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 400 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് അത് ആറ് മടങ്ങ് വര്‍ധിച്ചതായി മോദി പറഞ്ഞു.

ഇന്ത്യ എല്ലായ്‌പ്പോഴും ഒരുമയില്‍ വിശ്വസിക്കുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ സമാധാനം, സ്ഥിരത, സുരക്ഷ ഗൗരവതരമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നും മോദി വ്യക്തമാക്കി. ലോക സാമ്പത്തിക ഫോറത്തിന്റെ പ്ലീനറി സെഷനില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.