ബ്ലാസ്‌റ്റേഴ്‌സിലേക്ക് മുന്‍ താരങ്ങളെ എത്തിക്കാന്‍ ജെയിംസിന്റെ നീക്കം

കൊച്ചി: മാര്‍ക് സിഫ്‌നിയോസും കെസിറോണ്‍ കിസിറ്റോയും മടങ്ങുന്ന ഒഴിവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലേക്ക് പരിഗണിക്കുന്നവരില്‍ മുന്‍ സീസണില്‍ കളിച്ച ചില താരങ്ങളും. ഇവരുമായി ആദ്യഘട്ട ചര്‍ച്ചകള്‍ തുടങ്ങിയതായാണ് ലഭ്യമാകുന്ന സൂചനകള്‍. കോച്ച് ഡേവിഡ് ജെയിംസിന്റെ മേല്‍നോട്ടത്തിലാണ് പുതിയ കളിക്കാര്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുന്നത്.

പുതിയ താരങ്ങളെ കൊണ്ടുവന്നാല്‍ തന്നെ ടീമുമായി ഇണങ്ങിച്ചേരാന്‍ താമസമെടുക്കും. ഇനിയുള്ള ആറു മത്സരങ്ങളിലും അനുകൂല ഫലങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ സ്ഥാനം ഉറപ്പിക്കാനാകു. പുതിയ താരങ്ങളെക്കാള്‍ മുന്‍വര്‍ഷങ്ങളില്‍ ടീമില്‍ കളിച്ച കളിക്കാരെ പരിഗണിക്കാന്‍ കാരണവും ഇതുതന്നെ. രണ്ടുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

അതേസമയം സിഫ്‌നിയോസിനും കെസിറ്റോയ്ക്കും പുറമേ ദിമിതര്‍ ബെര്‍ബറ്റോവും ടീം വിടുമെന്നാണ് സൂചന. കുറച്ചുനാളായി പരിക്കിന്റെ പിടിയിലുള്ള ബെര്‍ബ അടുത്തിടെ നടന്ന മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. പരിക്കും ഫിറ്റ്‌നസില്ലായ്മയും മൂലം ബ്ലാസ്റ്റേഴ്‌സ് ടീമിന് അകത്തും പുറത്തുമായിരുന്നു ബെര്‍ബയുടെ സ്ഥാനം. പല പൊസിഷനുകളിലും അദ്ദേഹം പരീക്ഷിക്കപ്പെട്ടെങ്കിലും ഐഎസ്എല്ലില്‍ ഇതുവരെ ഒരു ഗോള്‍ പോലും നേടാന്‍ ബെര്‍ബയ്ക്ക് കഴിഞ്ഞില്ല.

ഇതിനിടെ സിഫ്‌നിയോസിന്റെ മടക്കത്തിനു പിന്നിലെ അഭ്യൂഹങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. മികച്ച രീതിയില്‍ കളിച്ചിട്ടും കഴിഞ്ഞ മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ അവസരം കിട്ടാത്തതില്‍ താരം നിരാശനായിരുന്നു. മടക്കത്തിന് ഇതും ഒരു കാരണമാണെന്നാണ് സൂചന.

ലീഗില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുള്ളത് 14 പോയിന്റുകളാണ്. ഏഴാം സ്ഥാനത്തുള്ള മഞ്ഞപ്പടയുടെ അടുത്ത മത്സരം ഡെല്‍ഹി ഡൈനാമോസിന് എതിരെയാണ്. ശനിയാഴ്ച്ച നടക്കുന്ന ഈ മത്സരം കേരളത്തിന് നിര്‍ണായകമാണ്. ജയം തന്നെ സ്വന്തമാക്കാനായില്ലെങ്കില്‍ പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചേക്കുമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.