ഷെറിന്‍ നിയമം വരുന്നു; ടെക്‌സസില്‍ കുട്ടികളെ തനിച്ചാക്കുന്നത് ഗുരുതര കുറ്റം

ഹൂസ്റ്റണ്‍: മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ ദാരുണ മരണം യുഎസില്‍ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച പുതിയൊരു നിയമത്തിന്റെ പിറവിക്കു കാരണമാകുന്നു. കൊച്ചു കുട്ടികളെ വീട്ടില്‍ തനിച്ചാക്കിയിട്ടു പോകുന്നത് അതീവ ഗുരുതരമായ കുറ്റമാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

നിര്‍ദിഷ്ട നിയമത്തിനു ‘ഷെറിന്‍ നിയമം’ എന്നു തന്നെ പേരു നല്‍കിയേക്കും. മലയാളി ദമ്പതികള്‍ ബിഹാറിലെ അനാഥാലയത്തില്‍നിന്നു ദത്തെടുത്ത ഷെറിന്‍ മാത്യൂസിനെ കഴിഞ്ഞ ഒക്ടോബറില്‍ ഡാലസില്‍ റിച്ചഡ്‌സണിലെ വീട്ടില്‍നിന്നാണു കാണാതായത്. രണ്ടാഴ്ചയ്ക്കുശേഷം വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍നിന്നു മൃതദേഹം കണ്ടെത്തി.

ദുരൂഹസാഹചര്യത്തില്‍ കുട്ടി മരിച്ച കേസില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെതിരെ (37) വധശിക്ഷ വരെ ലഭിക്കാവുന്ന കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. വെസ്‌ലിയുടെ ഭാര്യ സിനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഷെറിന്റെ തിരോധാനത്തിനു പല കാരണങ്ങളും വെസ്‌ലി പറഞ്ഞെങ്കിലും കുട്ടിയെ തനിച്ചു വീട്ടിലാക്കി തലേന്നു രാത്രി വെസ്‌ലിയും സിനിയും അവരുടെ മകളുമായി ഹോട്ടലില്‍ പോയതായി പിന്നീടു വെളിപ്പെടുത്തിയിരുന്നു. ഇതാണു ‘ഷെറിന്‍ നിയമം’ കൊണ്ടുവരുവാന്‍ അധികൃതര്‍ക്കു പ്രേരണയായത്. വീട്ടില്‍ കുട്ടികളെ തനിയെ ആക്കിയിട്ടു പോകാവുന്ന പ്രായം എത്രയെന്ന് ഇനിയും വ്യക്തതയായിട്ടില്ല.