പുതിയ സ്മാര്‍ട്ട്‌ഫോണുമായി ജിയോ

ന്യൂഡല്‍ഹി: തരംഗമാകാന്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ജിയോ. ടെലികോമുകളെ ഒന്നടങ്കം കാറ്റില്‍ പറത്തിയാണ് ജിയോ മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തവണ എല്ലാവരെയും ഞെട്ടിച്ച് എല്‍വൈഎഫ് ബ്രാന്‍ഡില്‍ വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഗോ 4ജി വോള്‍ട്ടി ഫോണുമായാണ് ജിയോയുടെ വരവ്. തായ്‌വാന്‍ ചിപ്‌സെറ്റ് നിര്‍മാതാക്കളായ മീഡിയ ടെകിന്റെ പങ്കാളിത്തത്തോടെയാകും പുതിയ ഫോണ്‍ നിര്‍മിക്കുക.

ജിയോ പുറത്തിറക്കിയ ഫീച്ചര്‍ ഫോണിന് സമാനമായ ഓഫറുകളോടെയായിരിക്കും സിം കാര്‍ഡ് ഉള്‍പ്പടെ ഉപഭോക്താക്കള്‍ക്ക് നല്‍കുക. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് മറ്റ് ടെലികോം കമ്പനികള്‍ 1,500 രൂപയില്‍ താഴെ വിലവരുന്ന 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ ശ്രമം നടത്തിവരികയാണ്. ഇത് വെല്ലുവിളി ഉയര്‍ത്തുമെന്നു കണ്ടാണ് റിലയന്‍സ് ജിയോയും ഈ രംഗത്തേയ്ക്ക് വരുന്നത്.

1,500 രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ തന്നെയാണ് ജിയോ ഒരുങ്ങുന്നത്. മുന്‍കൂര്‍ ഓര്‍ഡറിലൂടെ ലക്ഷക്കണക്കിന് ഫോണ്‍ പെട്ടെന്നുതന്നെ വിപണിയിലെത്തിക്കാനാണ് നീക്കമെന്ന് റിലയന്‍സുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. സ്മാര്‍ട്ട് ഫോണിലേയ്ക്ക് മാറാനിരിക്കുന്ന 50 കോടി ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് കുറഞ്ഞ ചെലവില്‍ പുതിയ പ്ലാനുമായി ജിയോ വരുന്നത്.