സൗദിയില്‍ പാസ്‌പോര്‍ട്ട് വകുപ്പിലേയ്ക്ക് അപേക്ഷയുമായി ഒരു ലക്ഷത്തിലേറെ വനിതകള്‍

റിയാദ്: സൗദിഅറേബ്യയില്‍ പാസ്‌പോര്‍ട്ട് വകുപ്പില്‍ 140 തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചത് ഒരു ലക്ഷത്തിലേറെ വനിതകളെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളം, തുറമുഖം, അതിര്‍ത്തി ചെക്ക്‌പോയിന്റുകള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള നിയമനമാണ് നടക്കുന്നത്. സൗദിയില്‍ ആദ്യമായാണ് ഒരാഴ്ചയ്ക്കിടയില്‍ ഇത്രയധികം ഉദ്യോഗാര്‍ത്ഥികള്‍ ഒരു വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. 25നും 35നും ഇടയില്‍ പ്രായമുള്ള സെക്കന്ററി വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ നിന്നാണ് അപേക്ഷ സ്വീകരിച്ചിരിക്കുന്നത്.

സൈനികസേവനത്തിന് അനുയോജ്യമായ ആരോഗ്യം, ശാരീരികക്ഷമത എന്നിവ ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. 1,07,000 അപേക്ഷകളാണ് നിശ്ചിത സമയത്തിന് മുമ്പ് പാസ്‌പോര്‍ട്ട് വകുപ്പിന് ലഭിച്ചത്. സൗദിയിലേക്കുള്ള തീര്‍ഥാടകരുടെ എണ്ണം അടുത്ത കാലത്ത് വര്‍ധിച്ചിരുന്നു. ഇതിന് പുറമേ ടൂറിസ്റ്റ് വിസ അനുവദിക്കാനും ധാരണയായി. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പാസ്‌പോര്‍ട്ട് വകുപ്പ് തീരുമാനിച്ചത്.