ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പ് ഇടപാടില്‍ ഒത്തുതീര്‍പ്പിനായി ഉന്നത സിപിഐഎം നേതാക്കള്‍

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തിരക്കിട്ട ശ്രമം. ഇതിന്റെ ഭാഗമായി ഉന്നത സിപിഐഎം നേതാക്കളും ചില വ്യവസായികളും രംഗത്തെത്തിയിട്ടുണ്ട്. അഞ്ചിനകം ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ തലസ്ഥാനത്തു വാര്‍ത്താസമ്മേളനം വിളിച്ചു രേഖകള്‍ പുറത്തു വിടുമെന്നു യുഎഇ കമ്പനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയതോടെയാണ് അണിയറയില്‍ നീക്കങ്ങള്‍ സജീവമായത്.

രണ്ടു വ്യക്തികള്‍ തമ്മിലെ പണമിടപാടായി മാത്രം കാണ്ടേണ്ട വിഷയമല്ല ഇതെന്നാണ് സിപിഐഎമ്മിലെ ഒരു വിഭാഗം വാദിക്കുന്നത്. ദുബായിലെ വിഷയം അവിടെ പോയി തീര്‍ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനോടും ഇവര്‍ക്ക് യോജിപ്പില്ല. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരായ ഏതു നീക്കവും രാഷ്ട്രീയ എതിരാളികള്‍ സിപിഐഎമ്മിനെതിരെ ആയുധമാക്കുമെന്ന സൂചന പൊളിറ്റ് ബ്യൂറോയിലെ ഉന്നതരുമായി സംസ്ഥാനത്തെ ചില നേതാക്കള്‍ പങ്കിട്ടിട്ടുണ്ട്. സിപിഐഎം സംസ്ഥാന സമ്മേളനം അടുത്തിരിക്കെ അവിടെ ഈ വിഷയം ആരെങ്കിലും പരാമര്‍ശിക്കുന്നത് പോലും പാര്‍ട്ടിയെ ക്ഷീണിപ്പിക്കുമെന്നും ഇവര്‍ പറയുന്നു.

അതേസമയം പണം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ യുഎഇയിലെ ചില പ്രമുഖ വ്യവസായികള്‍ സജീവമായി രംഗത്തുണ്ട്. ഇവരില്‍നിന്നു പണം വാങ്ങിയാല്‍ കൂടുതല്‍ ദോഷം ചെയ്യുമെന്നും അനാവശ്യ വിവാദം ഉയരുമെന്നും ഡല്‍ഹിയിലെ സിപിഐഎം ഉന്നതര്‍ അറിയിച്ചതായാണു സൂചന. ഏതായാലും ബിനോയിക്കും ശ്രീജിത്തിനും പണം നല്‍കിയവര്‍ക്കു കേസും വഴക്കുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ല. എങ്ങനെയും കൊടുത്ത പണം തിരിച്ചു കിട്ടിയാല്‍ മതിയെന്ന നിലപാടിലാണിവര്‍. മധ്യസ്ഥ ചര്‍ച്ച നടത്തുന്ന ഡല്‍ഹിയിലെ അഭിഭാഷകനും മറ്റു രണ്ടു പ്രമുഖകരും ഇക്കാര്യം സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേരള പൊലീസിലെ ഒരുന്നതനും അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ ബന്ധം വിഷയം തീര്‍പ്പാക്കാനായി പ്രയോജനപ്പെടുത്തുന്നുണ്ട്.

ബിനോയ് കോടിയേരി 13 കോടി രൂപയും എല്‍ഡിഎഫ് എംഎല്‍എ എന്‍.വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് 11 കോടി രൂപയും നല്‍കാനുണ്ടെന്നാണു യുഎഇ കമ്പനി അധികൃതര്‍ പറയുന്നത്. ഇതിനായുള്ള ചെക്ക് നല്‍കിയെങ്കിലും പണമില്ലാതെ മടങ്ങി. പിന്നീടു മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. അതേത്തുടര്‍ന്ന് കമ്പനി ഉടമ സിപിഐഎം ഉന്നത നേതൃത്വത്തിനു പരാതി നല്‍കുകയും അതു പുറത്താകുകയും ചെയ്തതോടെ ആ ഇടപാടു സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി.

ബിനോയ്‌ക്കെതിരെ ദുബായില്‍ നിയമ നടപടി നീക്കം ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. പണം മടക്കി നല്‍കിയാല്‍ കേസ് ഒഴിവാക്കാമെന്നു കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ തുക നല്‍കിയാല്‍ അതു മറ്റൊരു പുലിവാലാകുമെന്ന സംശയവും ബിനോയിയുടെ അടുപ്പക്കാര്‍ പങ്കിടുന്നു. ഒന്നുകില്‍ അതിന്റെ സ്രോതസ് വെളിപ്പെടുത്തേണ്ടി വരും. അല്ലെങ്കില്‍ ഈ പണം നല്‍കുന്നവരുമായുള്ള ബന്ധം വെളിപ്പെടുത്തണം. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ പാര്‍ട്ടി സമ്മേളനം കഴിയും വരെ സാവകാശം ആവശ്യപ്പെടാനും ആലോചനയുണ്ട്.