കവി രാജന് കൈലാസിന് സാഹിത്യോത്സവത്തിൽ പങ്കെടുക്കണമെങ്കിൽ പാസെടുക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് ?

വിനോദ് ഇളകൊള്ളൂർ

എനിക്കേറെ ഇഷ്ടമുള്ള കവിതകളാണ് രാജന് കൈലാസിന്റേത്. മറ്റേതൊരു പ്രതിഭാ സമ്പന്നനായ കവിയെയുമെന്നപോലെ ഞാന് അദ്ദേഹത്തെയും ബഹുമാനിക്കുന്നു. ആറാട്ടും എഴുന്നള്ളത്തും വച്ചൂട്ടും ആരാധനയുമൊന്നുമില്ലാത്തതിനാല് രാജന് കൈലാസും അദ്ദേഹത്തെപ്പോലുള്ളവരും എത്ര പ്രഗത്ഭരായാലും സാഹിത്യച്ചന്തയിലെ ദശ മുറ്റിയ നെയ് മീനല്ല. എന്തിന്, ചാളമേരി പോലുമല്ല.

എങ്കിലും അവര്എഴുത്തുകാരാണ്. നന്മയുടെ പക്ഷത്ത് നിലയുറപ്പിച്ച് സാംസ്കാരികമായ ഇടപെടലുകള് നടത്തുന്ന ഭാഷാ സ്നേഹികളാണ്. ഫൈവ് സ്റ്റാര്സാഹിത്യോത്സവങ്ങളില് അവര്ക്ക് കയറാന് പാസെടുക്കേണ്ടിവരുന്നത് മേല്പറഞ്ഞ തിമിംഗലങ്ങള് മാത്രമാണ് സാഹിത്യ സാ‌ര്വഭൗമര് എന്ന ചിന്ത ചില‌ര്ക്കുള്ളതുകൊണ്ടാണ്.
സെലിബ്രിറ്റിയും സെന്സേഷണലിസവുമല്ല എഴുത്തുകാരനെ സൃഷ്ടിക്കുന്നത്. പ്രസാധക മുതലാളിമാ‌ര് കച്ചവടത്തിനായി ഉത്സവപ്പറമ്പിലിറക്കിയ കെട്ടുകാഴ്ചകളേക്കാള് സര്ഗധനര് ഇവിടെയുണ്ട്. തലയില് വരയ്ക്കേണ്ടിയിരുന്ന വര വഴിതെറ്റിപ്പോയതുകൊണ്ട് അവര് പിന്നാമ്പുറത്ത് നില്ക്കേണ്ടി വന്നെന്നേയുള്ളു

മാതൃഭൂമി അക്ഷരോത്സവത്തില് പങ്കെടുക്കാനെത്തിയ രാജന് കൈലാസിനോട് അകത്തുകയറണമെങ്കില് നൂറുരൂപയുടെ പാസെടുക്കണമെന്ന് സംഘാടകര് പറഞ്ഞതറിഞ്ഞാണ് ഇതെഴുതുന്നത്. ഉത്സവാഘോഷത്തില് പങ്കെടുത്ത് സാഹിത്യ ദൈവങ്ങളെ ദര്ശിക്കുന്നതിനും അവരുടെ വചനപ്രഘോഷണങ്ങള് കേട്ട് മോക്ഷം പ്രാപിക്കുന്നതിനും നൂറു രൂപയാണ് അവിടെ പ്രവേശന പാസ്.
ഇതിനെ ന്യായീകരിക്കുന്നവര് തീര്ച്ചയായും ഉണ്ടാകും. പക്ഷേ, നാട്ടിലെ കലുങ്കിലും പാരലല് കോളേജിലെ കാലൊടിഞ്ഞ ബഞ്ചിലും ചുളുവില്കിട്ടുന്ന ലോഡ്ജ് മുറിയിലും പിന്നെ കണ്ണില് കാണുന്നിടത്തൊക്കെയും സഹൃദയരുമായി സാഹിത്യവും സംസ്കാരവും സൗഹൃദവും സംസാരിക്കുന്ന ഒരാളാണിതെഴുതുന്നത്. അതിനേക്കാള് വലിയ സാഹിത്യോത്സവം വേറെയില്ലെന്ന് വിശ്വസിക്കുന്ന ആളുമാണ്. അവരേക്കാള് വലിയ പ്രതിഭാധനര് ഫൈ വ് സ്റ്റാര് തട്ടുകടകളുടെ അലമാരിയിലില്ലെന്ന് അനുഭവിച്ചറിഞ്ഞ ആളുമാണ്.

ആരാധനയും ആത്മാര്ത്ഥതയും മൂത്ത് സീംഹങ്ങള്ക്ക് വേണ്ടി സദസിലിരുന്ന് കൈയടിക്കാന് പോകുന്ന നേരംകൊണ്ട് നാട്ടിന് പുറത്തെ ഇത്തരം സാഹിത്യോത്സവങ്ങളെയാണ് വളര്ത്തിയെടുക്കേണ്ടത്. ചരിത്രത്തിലേക്ക് നോക്കിക്കോളൂ. സാഹിത്യം വളര്ന്നതും പടര്ന്നതും ബഡായി ബംഗ്ളാവുകളില് നിന്നല്ല. നാട്ടിലെ പച്ചമനുഷ്യരില് നിന്നാണ്. അവര് അടയാളപ്പെടാതെ പോയെങ്കിലും….