കര്‍ത്താവെ, നിനക്ക് മനസുണ്ടെങ്കില്‍ ഇവരെ ശുദ്ധമാക്കുക

റോയി മാത്യു

28 വര്‍ഷമായി കിടക്കവിട്ടെഴുന്നേല്‍ക്കാന്‍ കഴിയാത്ത ഒരു ഹോമിയോ ഡോക്ടറെ കത്തോലിക്കസഭ പീഡിപ്പിക്കുന്ന കാഴ്ച. സഭയുടെ വഞ്ചനകൾക്കിരയായ ഡോ. ജോസിന്റേയും ഭാര്യയുടെയും ജീവിതം.

സിസിലിയന്‍ മാഫിയയും കത്തോലിക്കസഭയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചുള്ള ചിത്രമാണ് ഗോഡ്ഫാദര്‍-3. ചിത്രത്തിലെ നായകനും ഗുണ്ടാത്തലവനുമായ മൈക്കിള്‍ കോര്‍ലിയോണിന്റെ ഇടപാടുകളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ മൂവാറ്റുപുഴയ്ക്കടുത്ത വാഴക്കുളത്തും അരങ്ങേറുകയാണ്. സഭയ്ക്കുള്ളില്‍ സാമ്പത്തിക ശക്തികള്‍ രാക്ഷസരൂപം പ്രാപിച്ച് വിശ്വാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് നിത്യസംഭവമാണ്. ഇതിനു നേതൃത്വം നല്‍കുന്നത് ഒരുപറ്റം വൈദികരും ബിഷപ്പുമാരുമാണ്.

ഇറ്റലിലിയിലെ സിസിലിയന്‍ മാഫിയയെ അനുസ്മരിപ്പിക്കും വിധത്തിലുള്ള സഭയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ കേരളത്തിലും ചര്‍ച്ചാവിഷയമായിക്കഴിഞ്ഞിട്ടുണ്ട്. പതിവില്ലാത്തവിധം കത്തോലിക്കസഭയിലെ വൈദികരുടെയും മെത്രാന്‍മാരുടെയും കൊള്ളരുതായ്മകളെ ചോദ്യം ചെയ്യാനും അവ പുറത്തുകൊണ്ടുവരാനും ഏതാനും ചില വൈദികരും അല്‍മായരും തയാറാകുന്നുണ്ട്. സീറോ മലബാര്‍ സഭയുടെ അങ്കമാലി-കൊച്ചി രൂപതയുടെ വസ്തു ഇടപാടിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.

കേരളത്തിലെ കത്തോലിക്കസഭയുടെ പരമാധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതിച്ഛായയ്ക്കുതന്നെ കളങ്കം വരുത്തിയ സാമ്പത്തിക-ഭൂമി ഇടപാടുകളെക്കുറിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഇനിയും ഒടുങ്ങുന്നില്ല. ഇതിനിടയാലാണ് കോതമംഗലം രൂപതയില്‍ മറ്റൊരു ഭൂമി കുംഭകോണക്കഥ പുറത്താവുന്നത്. ദുര്‍ബലരെ സ്‌നേഹിക്കുകയും അവരെ കരുതുകയും ചെയ്യുന്ന സഭയുടെ മാനവികതയെ തകര്‍ക്കും വിധത്തിലാണ് ഈ ഭൂമി കുംഭകോണം അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വില്ലേജില്‍ ആവോലി പഞ്ചായത്തിൽ വാഴക്കുളത്ത്താമസിക്കുന്ന കൊറ്റഞ്ചേരില്‍ ഡോ. ജോസ് ജോര്‍ജും ഭാര്യയും സഭയുടെ ക്രൂര പീഡനത്തിന്റെ ഇരകളാണ്. സഭയ്ക്ക് സ്വന്തമായി പ്രാര്‍ഥനാലയം നിര്‍മ്മിക്കാന്‍ ഒന്നരയേക്കര്‍ സ്ഥലം വിട്ടുകൊടുത്ത ഇവരെ കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരു സംഘം വൈദികരും മെത്രാനും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ച് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണ്. കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് ഈ നിസഹായനായ മനുഷ്യനോട് ഇക്കൂട്ടര്‍ ചെയ്തു കൂട്ടുന്നത്. 28 വര്‍ഷമായി ചലനശേഷി നഷ്ടപ്പെട്ട് കട്ടിലില്‍ കഴിഞ്ഞുകൂടുന്ന മനുഷ്യനെയാണ് സഭാ അധികാരികള്‍ ക്രിസ്തുവിന്റെ നാമത്തില്‍ വേട്ടയാടുന്നതെന്ന് വ്യക്തമാകുമ്പോഴാണ് പുരോഹിതരുടെ മുഖംമൂടികള്‍ അഴിഞ്ഞു വീഴുന്നത്.

ഇദ്ദേഹവും ഭാര്യയും ഏതുനിമിഷവും കൊല്ലപ്പെടാം. അത് ആത്മഹത്യയെന്നോ അപകടമരണമെന്നോ ചിത്രീകരിക്കപ്പെട്ടേക്കാം. പക്ഷെ ജോസും റോസമ്മയും ഒരിക്കലും സ്വയം ജീവനൊടുക്കില്ല. കാരണം അവര്‍ നന്മനിറഞ്ഞവരും പോരാളികളുമാണ്. മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുന്ന ഈ ദമ്പതികളെ ഇല്ലായ്മ ചെയ്യണമെന്നു താല്‍പര്യമുള്ള ചില കുടുംബക്കാരും വൈദികരും ആ പ്രദേശത്തുണ്ട്.

ആ കഥയിലേക്ക്

വാഴക്കുളം കൊറ്റഞ്ചേരില്‍ പൈലി വര്‍ക്കി- ഏലിക്കുട്ടി ദമ്പതികളുടെ പതിനൊന്നു മക്കളില്‍ എട്ടാമനാണ് ജോസ്. മൂന്നു സഹോദരിമാരും ജോസിനുണ്ട്. രക്തംകട്ടപിടിക്കാത്ത(ഹീമോഫീലിയ) രോഗം ബാധിച്ചാണ് ജോസിന്റെ ഏഴു സഹോദരന്‍മാരും ഈ ലോകം വിട്ടുപോയത്. ആറുമാസത്തിനപ്പുറം അവരാരും ജീവിച്ചിരുന്നില്ല. എന്നാല്‍ ജോസ് ഈ രോഗാവസ്ഥയെ അതിജീവിച്ച് 62 വര്‍ഷമായി രോഗത്തോടും ജീവിതത്തോടും പൊരുതുകയാണ്.

ലോകത്തുതന്നെ അപൂര്‍വമായാണ് ഹീമോഫീലിയ ബാധിച്ച ഒരാള്‍ ഹോമിയോ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നത്. തന്റെ ദുര്‍ബലാവസ്ഥകളെ അതിജീവിക്കുന്നത് ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെയാണെന്ന് ജോസ് പറയുന്നു. കൊതുക് കടിച്ചുപോലും ഒരു മുറിവുണ്ടായാല്‍ രക്ത പ്രവാഹം നിലയ്ക്കില്ല. ആറ്റുനോറ്റുണ്ടായ മകനെ അത്രമേല്‍ സൂക്ഷിച്ചും കരുതിയുമാണ് മാതാപിതാക്കള്‍ വളര്‍ത്തിയത്. ഒപ്പം ക്രൈസ്തവ വിശ്വാസവും ജോസില്‍ പ്രബലപ്പെടുത്തി. സണ്‍ഡേ സ്‌കൂള്‍ പഠനത്തിനൊപ്പം പള്ളിയിലെ അള്‍ത്താര ബാലനായി ജോസ് തിളങ്ങി. 20 വര്‍ഷത്തി ലധികം താന്‍ അള്‍ത്താരബാലന്റെ ജോലി ചെയ്തിട്ടുണ്ടെന്ന് ഇദ്ദേഹം അഭിമാനത്തോടെ പറയുന്നു. കൂട്ടുകാരോടൊപ്പം ഒരിക്കല്‍ പ്പോലും വിനോദങ്ങളിലോ കളികളിലോ പങ്കെടുക്കാന്‍ ജോസിനു കഴിഞ്ഞിട്ടില്ല. അക്കാലത്തൊക്കെ കൃഷിക്കാരനും നാട്ടുവൈദ്യനുമായ പിതാവിനൊപ്പം മരുന്നുകളെക്കുറിച്ച് പഠിക്കാനും ചെടികളെ തിരിച്ചറിയാനുമാണ് അദ്ദേഹം തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. ഡിഗ്രി പഠനത്തിനു ശേഷമാണ് ഹോമിയോ മെഡിസിന്‍ പഠിക്കാന്‍ കോട്ടയത്തെ കുറിച്ചി ഹോമിയോ കോളജില്‍ ചേര്‍ന്നത്. പഠനത്തിനുശേഷം ആയുര്‍വേദം- ഹോമിയോ- നാടന്‍ ചികിത്സാരീതികള്‍ സംയോജിപ്പിച്ച് പുതിയൊരു ചികിത്സാ സംമ്പ്രദായത്തിന് രൂപം കൊടുക്കാനും ഗവേഷണം നടത്താനും ശ്രമമാരംഭിച്ചു. വീട്ടുമുറ്റത്ത് മൂന്നുനില കെട്ടിടം പണിത് വിധതരത്തിലുള്ള ഗവേഷണ പഠനങ്ങള്‍ ആരംഭിച്ചതോടൊപ്പം നൂതനമായ മരുന്നുകള്‍ കണ്ടെത്താനും അവ പ്രയോഗത്തില്‍ വരുത്താനും ഡോ. ജോസിന് കഴിഞ്ഞിരുന്നു. വടക്കേ ഇന്ത്യയിലെ നിര്‍ധനരായ രോഗികള്‍ക്കായി ഒട്ടേറെ മരുന്നുകള്‍ കന്യാസ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന വിവിധ മിഷനുകള്‍ മുഖാന്തരം എത്തിച്ചുകൊടുക്കുന്നതും പതിവാക്കി.

അക്കാലത്തൊന്നും സഞ്ചരിക്കുന്നതിന് ജോസിനു ബുദ്ധിമൂട്ടുണ്ടായിരുന്നില്ല. ഒരിക്കല്‍ ജോസ് ബസില്‍ കയറുന്നതിനിടയില്‍ തിടുക്കപ്പെട്ട് ബസില്‍നിന്ന് ഇറങ്ങിവന്ന മറ്റൊരു യാത്രക്കാരനുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാല്‍മുട്ട് തകര്‍ന്ന് ആശുപത്രി യിലായി. അതോടെ ചലനശേഷി നഷ്ടപ്പെട്ട ജോസിന്റെ ജീവിതം നാലു ചുമരുകള്‍ക്കുള്ളിലായി. പക്ഷെ ജോസിലെ ഗവേഷകനെയോ ആതുസേവകനെയോ തളര്‍ത്താന്‍ വിധിക്ക് കഴിഞ്ഞില്ല. പല യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് ഗവേഷണങ്ങള്‍ നടത്തുന്നതിനു പുറമെ പ്രമേഹം, നാഡി, ത്വക്ക് രോഗങ്ങള്‍ക്ക് ഇദ്ദേഹം പുതിയ മരുന്നുകള്‍ കണ്ടെത്തുകയും അവ വിപണിയിലെ ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ മരുന്നുകളുടെ ശാസ്ത്രീയ അവകാശ വാദങ്ങള്‍ എന്തൊക്കെയാണെങ്കിലും ജോസിനെത്തേടി രോഗികളും അവരുടെ ബന്ധുക്കളും നിരന്തരമെത്താറുണ്ട്. കേവലം മരുന്നുകള്‍പ്പറുത്തായി രോഗികളെ സൗഖ്യമാക്കുന്നത് താന്‍ വിശ്വസിക്കുന്ന ഈശോയുടെ സാന്നിധ്യംകൊണ്ടാണെന്ന് ജോസ് വിശ്വസിക്കുന്നു. ഇതിനും പുറമെ വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കുമായി കൗണ്‍സിലിംഗും നടത്തുന്നുണ്ട്.

സഭയോടും കത്തോലിക്ക വിശ്വാസങ്ങളോടും എന്നും പ്രതിബദ്ധത പുലര്‍ത്തിയിരുന്ന ജോസിന് ചലനശേഷി നഷ്ടപ്പെട്ടതുമൂലം പള്ളിയില്‍ പോകാനോ ആരാധനയില്‍ പങ്കെടുക്കാനോ കഴിയാറില്ല. കോതമംഗലം രൂപതയ്ക്ക് സ്വന്തമായി ഒരു ധ്യാനകേന്ദ്രമില്ലാത്തത് വലിയൊരു കുറവായി പലരും പറഞ്ഞതറിഞ്ഞ് ജോസ് തനിക്ക് പൂര്‍വ്വികമായി ലഭിച്ച വസ്തുവില്‍ നിന്ന് ഒരു പങ്ക് സഭയ്ക്ക് വിട്ടുകൊടുക്കാനുള്ള സന്നദ്ധതയറിയിച്ചു. ജോസിന്റെ ത്യാഗ മനോഭാവമറിഞ്ഞ സഭാ അധികൃതര്‍ അദ്ദേഹത്തിന്റെ മഹാമനസ്‌ക്കതയെ വാഴ്ത്തുകയും അതോടൊപ്പം ശിഷ്ടകാലം സഭ തന്നെ സംരക്ഷിച്ച് പറുദീസയിലെത്തിക്കുമെന്നും ഈ ഉത്തമ വിശ്വാസി വല്ലാതങ്ങു മോഹിച്ചു പോയി.

എന്നോ ക്രിസ്തു പടിയിറങ്ങിപ്പോയ സഭയെക്കുറിച്ച് വലിയ പിടിപാടൊന്നു മില്ലാത്ത ഡോ.ജോസ് തന്റെ സ്വത്തില്‍ നിന്ന് ഒരു ഏക്കര്‍ 65 സെന്റ് പ്രാര്‍ഥനാലയം നിര്‍മ്മിക്കാന്‍ സൗജന്യമായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. സ്ഥലം സൗജന്യമായി നല്‍കുന്നതിന് ചില വ്യവസ്ഥകളും അദ്ദേഹം മുന്നോട്ടുവച്ചു. ആ വ്യവസ്ഥകളെല്ലാം രൂപതയ്ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനും സ്വീകാര്യമായിരുന്നു. തന്റെ താമസസ്ഥലത്തോട് ചേര്‍ന്ന് ഒരു പ്രാര്‍ഥനാലയം വന്നാല്‍ തനിക്ക് എന്നും ആരാധനയില്‍ പങ്കെടുക്കാനും വിശ്വാസികള്‍ക്കൊപ്പം ഇനിയുള്ള ദിവസങ്ങള്‍ ചെലവഴിക്കാമെന്നും അദ്ദേഹം അതിയായി ആഗ്രഹിച്ചു. കോടികള്‍ വിലമതിക്കുന്ന സ്ഥലം കൈയ്ക്കലാക്കിയതോടെ സഭയുടെ മാഫിയാ സ്വഭാവങ്ങള്‍ പതുക്കെ വെളിയില്‍ വന്നു തുടങ്ങി.

വ്യവസ്ഥകള്‍ അട്ടിമറിക്കുന്നു…..

2014- ജൂണ്‍ 21-ന് ആണ് ജോസും ഭാര്യ റോസമ്മയും ചേര്‍ന്ന് 1.65 ഏക്കര്‍ കോതമംഗലം രൂപതയ്ക്ക് സൗജന്യമായി എഴുതിക്കൊടുത്തത്. രൂപതയ്ക്കു വേണ്ടി പ്രൊക്യുറേറ്റര്‍ ഫാ.മാത്യൂസ് മാളിയേക്കലാണ് ഒപ്പുവച്ചിരിക്കുന്നത്. ഡോ. ജോസിന് നടക്കാനാകാത്തതുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് രജിസ്ട്രാറെ വിളിച്ചുവരുത്തിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

‘തനിക്ക് പൂര്‍ണ ഉടമസ്ഥാവകാശമുള്ള വസ്തുവകകളെ കത്തോലിക്ക സഭയിലെ മതവിശ്വാസികളുടെ ആത്മീയവും മതപരവും ധര്‍മ്മാര്‍ഥവും ജീവകാരുണ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും പള്ളി നിര്‍മ്മിച്ച് മതപരമായ ആരാധനകള്‍ നടത്തുന്നതിനും ധ്യാനകേന്ദ്രങ്ങള്‍ സ്ഥാപിച്ച് മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ടവരെ സുഖപ്പെടുത്തി പരിപാലിക്കുക, വൃദ്ധരെയും അനാഥരായവരെയും പരിപാലിക്കുക തുടങ്ങിയ സത്കര്‍മ്മങ്ങള്‍ക്കായി വിനിയോഗിക്കത്തക്കവിധം തന്റെ വസ്തുക്കള്‍ വിനിയോഗിക്കണമെന്ന ഉദ്ദേശത്തോടെയാണ് താന്‍ ഈ വസ്തുക്കള്‍ വിട്ടുകൊടുക്കുന്നതെന്ന്’ ജോസ് ആധാരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. “

ഈ സെറ്റില്‍മെന്റ് ആധാരം എഴുതിക്കൊടുത്തതിനൊപ്പം ജോസും ഭാര്യയും ചേര്‍ന്ന് സഭയുമായി ഒരു കരാര്‍ ഉടമ്പടിയിലും ഒപ്പുവച്ചിരുന്നു. ഉടമ്പടിയിലെ നിര്‍ദ്ദോഷമായ വ്യവസ്ഥകള്‍ ഒപ്പിട്ട അന്നുതന്നെ രൂപത അധികൃതര്‍ അട്ടിമറിച്ചു. വ്യവസ്ഥകൾ ഇതൊക്കെയാണ്:-

1. ജോസിന്റെയും ഭാര്യയുടെയും ഭക്ഷണം വസ്ത്രം ചികിത്സ, ജീവിതാവശ്യങ്ങള്‍, ആത്മീയ കാര്യങ്ങള്‍ മുതലായ കാര്യങ്ങള്‍ നടത്തിക്കൊടുത്ത് സഭ സംരക്ഷിക്കും.

2. ദമ്പതികളുടെ ജീവിതാവസാനം അന്ത്യകര്‍മ്മങ്ങള്‍ രൂപതയുടെ മേല്‍നോട്ടത്തിലും ഉത്തരവാദിത്വത്തിലും ചെലവിലും രൂപത നടത്തിക്കൊള്ളും.

3. സഭ സ്ഥാപിക്കുന്ന സ്ഥാപനത്തിലെ പ്രാര്‍ഥനാകാര്യങ്ങളില്‍ പങ്കെടുക്കാനുള്ള അവകാശം ജോസിനും ഭാര്യയ്ക്കും ഉണ്ടായിരിക്കും.

ജോസിന്റെ വീട്ടില്‍വച്ച് ആധാരവും എഗ്രിമെന്റും ഒപ്പുവച്ചെങ്കിലും കൗശലക്കാരനായ ഫാ.മാത്യൂസ് മാളിയേക്കല്‍ ആധാരം എഴുത്തുകാരനോട് എഗ്രിമെന്റ് വ്യവസ്ഥകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് രഹസ്യമായി നിര്‍ദ്ദേശം നല്‍കി. ആധാരം രജിസ്റ്റര്‍ ചെയ്ത് പകര്‍പ്പ് ലഭിച്ചെങ്കിലും സ്ഥലം വിട്ടുകൊടുക്കുന്നതിന് ഇരുകക്ഷികളും ചേര്‍ന്ന് ഒപ്പിട്ട ഉടമ്പടി വ്യവസ്ഥകള്‍ രജിസ്റ്റര്‍ ചെയ്തു കിട്ടാത്തത് ജോസിനെ പരിഭ്രാന്തനാക്കി. അങ്ങനെയിരിക്കെ ഒരു ദിവസം ജോസിന്റെ ബന്ധുകൂടിയായ ആധാരമെഴുത്തുകാരന്‍ ഫാ. മാളിയേക്കല്‍ കളിച്ച കളിയെക്കുറിച്ചെല്ലാം തുറന്നുപറഞ്ഞു. വൈദികന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഉടമ്പടി രജിസ്റ്റര്‍ ചെയ്യാത്തതെന്നു വ്യക്തമാക്കിയതോടെ താന്‍ ചതിക്കപ്പെടുകയായിരുന്നെന്ന് ജോസ് തിരിച്ചറിഞ്ഞു. മാളിയേക്കല്‍ അച്ചന്റെ തട്ടിപ്പിനെ കുറിച്ച് രൂപതാ അധികാരികളെ വിവരമറിയിച്ചെങ്കിലും ഇതൊരു നിസാര കാര്യമാണെന്ന മട്ടിലായിരുന്നു മെത്രാന്റെയും കൂട്ടരുടെയും പെരുമാറ്റം. എഗ്രിമെന്റ് രജിസ്റ്റര്‍ ആക്കുന്നില്ലെങ്കില്‍ ആധാരം കാന്‍സല്‍ ചെയ്യുമെന്ന് അറിയിച്ചതോടെ 2014 സെപ്തംബര്‍ നാലാം തീയതി വീണ്ടും ഉടമ്പടി വ്യവസ്ഥകള്‍ തയാറാക്കി രജിസ്റ്റര്‍ ചെയ്തു.

തങ്ങളുടെ തട്ടിപ്പും കുതന്ത്രങ്ങളും ബുദ്ധിമാനായ ജോസിന്റെ അടുത്ത് ചെലവാകില്ലെന്ന് അറിഞ്ഞതോടെ സഭാ അധികാരികള്‍ തറവേലകള്‍ ഇറക്കാന്‍ തുടങ്ങി. ജോസ് നല്‍കിയ സ്ഥലത്ത് എമ്മാനുവേല്‍ ധ്യാനകേന്ദ്രം എന്ന പേരില്‍ ഒരു പ്രാര്‍ഥനാലയം സഭ പണികഴിപ്പിച്ചു. ധ്യാന കേന്ദ്രത്തിലെ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് വീല്‍ചെയര്‍ കയറാനായി റാമ്പ് നിര്‍മ്മിച്ചു നല്‍കാമെന്ന് ധ്യാനകേന്ദ്രം ചുമതലക്കാര്‍ തുടക്കത്തില്‍ സമ്മതിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഒരിക്കല്‍ ഇവിടെ എത്തിയ ഡോ. ജോസിന് നടത്തിപ്പുകാരില്‍ നിന്ന് പരിഹാസവും അപമാനവും നേരിടേണ്ടിവന്നു. ഇവിടെ വച്ച് വീല്‍ ചെയര്‍ മറിഞ്ഞ് പരിക്കുപറ്റി. ഇത് ഭേദമാകാൻ ഒരു പാട് പണം ചെലവാക്കേണ്ടി വന്നു.ആ തുക കൊടുക്കാന്‍ സഭ തയാറായില്ല. എഗ്രിമെന്റിലെ വ്യവസ്ഥകള്‍ ഒന്നൊന്നായി ലംഘിക്കപ്പെടുന്നത് നിസഹായനായി നോക്കി നില്‍ക്കേണ്ടി വന്നു. ഇനി താന്‍ ധ്യാന കേന്ദ്രത്തിലേക്ക് പോകുന്നില്ലെന്ന് ജോസ് പ്രഖ്യാപിച്ചപ്പോള്‍ പകരമായി ധ്യാനകേന്ദ്രത്തിലെ ചടങ്ങുകള്‍ വീട്ടിലിരുന്ന് കാണാനായി സി.സി. ടിവി കാമറ സ്ഥാപിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. സി.സി ടിവി സ്ഥാപിച്ച് മൂന്നാം ദിവസം അതു തകരാറിലായി. അന്വേഷണത്തില്‍ കേബിള്‍ മുറിച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. പുതിയ കേബിളിട്ട് ശരിയാക്കിയെങ്കിലും അത് വീണ്ടും മൂന്നാം ദിവസം പതിവുപോലെ കേടാക്കി. ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.ജോര്‍ജ് ചേറ്റൂരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇതു നശിപ്പിച്ചതെന്ന് ജോസിന് അറിയാം.

ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന പല ഇടപാടുകളും ഡോ.ജോസ് അറിഞ്ഞാല്‍ തന്റെ നില പരുങ്ങലിലാകുമെന്ന് ഫാ.ജോര്‍ജ് ഭയപ്പെട്ടു. അത് ഒഴിവാക്കാനാണ് കേബിള്‍ തകര്‍ത്തത്. ഈ വൈദികന്‍ എവിടെ സ്ഥലം മാറി പോയാലും ഇദ്ദേഹത്തോടൊപ്പം ഒരു പരിചാരികയും ഉണ്ടാകുമെന്ന് പലരും പറയുന്നു. ഈ ആരോപണം ചെറുക്കാനായി ഡോ.ജോസിന്റെ ഭാര്യ റോസമ്മയ്‌ക്കെതിരെ ചേറ്റൂരും കൂട്ടരും വ്യാപകമായി അപവാദ പ്രചരണമഴിച്ചുവിട്ടു. ഇതോടൊപ്പം തന്നെ ഡോ.ജോസിന്റെ മരുന്ന് നിര്‍മ്മാണ യൂണിറ്റിലെ ഫാര്‍മസിസ്റ്റിനെ ധ്യാന കേന്ദ്രത്തില്‍ നിയമിച്ച് ജോസിന്റെ ചിറകരിഞ്ഞു. വൈദികന്റെയും കൂട്ടരുടെയും അപവാദ പ്രചരണത്തെ തുടര്‍ന്ന് രോഗികളാരും ജോസിനെത്തേടി വരാതായി. ഒപ്പം ജോസിന്റെ സാമ്പത്തിക സ്രോതസും ഇല്ലാതാക്കി. അദ്ദേഹത്തിന്റെ മരുന്ന് വ്യാപാര ശ്യംഖല പൂര്‍ണായും തകര്‍ന്നു. മരുന്നു നിര്‍മ്മാണ യൂണിറ്റും ക്ലിനിക്കും പൂട്ടിച്ചു. ഇതിനും പുറമെ അവശേഷിക്കുന്ന സ്വത്ത് തട്ടിയെടുക്കാനായി ജോസിന്റെ പിതൃസഹോദര പുത്രനെയും വൈദികന്‍ രംഗത്തിറക്കി.

ശാരീരികമായി അവശത അനുഭവിക്കുന്ന ഭാര്യയുടെ പരിചരണത്തിനും വീട്ടുജോലിക്കുമായി ഒരു ജോലിക്കാരിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ധ്യാനകേന്ദ്രം ഡയറക്ടര്‍ക്ക് കത്തു നല്‍കിയെങ്കിലും ഈ ആവശ്യം തള്ളിക്കളഞ്ഞു. വേലക്കാരിയെ വിട്ടു നല്‍കിയില്ലെന്നു മാത്രമല്ല, വസ്തുവിന്റെ വിലയായി ജോസിനും ഭാര്യയ്ക്കുമായി തുടക്കത്തില്‍ 50 ലക്ഷം രൂപ നല്‍കിയെന്നും പിന്നീട് ഒരു 40 ലക്ഷം രൂപ കൂടി നല്‍കിയെന്നും രൂപതാ അധികൃതര്‍ നാട്ടിലുടനീളെ പ്രചരിപ്പിക്കാന്‍ തുടങ്ങി. 90 ലക്ഷം രൂപ കൈപ്പറ്റിയിട്ട് അനാവശ്യമായ കാര്യങ്ങള്‍ ഉന്നയിച്ച് സഭയെ ബുദ്ധിമൂട്ടിലാക്കുകയാണെന്ന് വൈദികരും രൂപതാ മെത്രാനും ചേര്‍ന്ന് വ്യാപകമായി പറഞ്ഞുപരത്തി. തങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്ന കെട്ടു കഥകളും പണമിടപാടുകളെ കുറിച്ചും മറ്റും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിനോടു നേരിട്ടും ഫോണിലൂടെയും ജോസ് ആവശ്യപ്പെട്ടെങ്കിലും അന്വേഷിക്കാം എന്ന പതിവു മറുപടി മാത്രമാണ് നല്‍കിയത്. ജോസിന്റെ ആവശ്യങ്ങള്‍ തള്ളിക്കള യാനാകാത്ത സ്ഥിതിയിലെത്തിയപ്പോള്‍ പണം കൈമാറിയെന്ന ആരോപണ ത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോതമംഗലം രൂപതയിലെ വികാരി ജനറലായിരുന്ന ഫാ.തോമസ് മലേക്കുടിയിലിനെ ചുമതലപ്പെടുത്തി. യഥാര്‍ഥത്തില്‍ ജോസിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിലുപരി ഈ ഇടപാടിലെ നെല്ലും പതിരും എന്തൊക്കെയാണെന്ന് അറിയാന്‍ കൂടിയായിരുന്നു അന്വേഷണം. ജോസിന് കൊടുക്കാനെന്ന പേരില്‍ രൂപതയിലെ സ്ഥിരം തട്ടിപ്പുകാരായ വൈദികര്‍ 90 ലക്ഷം രൂപ അടിച്ചുമാറ്റിയ കഥകള്‍ ഫാ.മലേക്കുടിയില്‍ കണ്ടെത്തി. ഇതിനും പുറമെ ജോസിന് നല്‍കാനെന്ന പേരില്‍ ജര്‍മ്മനിയിലെ ഒരു ഫണ്ടിംഗ് ഏജന്‍സിയില്‍നിന്ന് 50 ലക്ഷം രൂപ കൂടി ഇക്കൂട്ടര്‍ സ്വരൂപിച്ചതായി കണ്ടെത്തി. സൗജന്യമായി കിട്ടിയ ഒന്നരയേക്കര്‍ സ്ഥലത്തിന്റെ പേരിലാണ് ഒരുപറ്റം വൈദികര്‍ ഒന്നരക്കോടി രൂപ അടിച്ചു മാറ്റിയത്. ജോസിനു നല്‍കിയ പണത്തെ കുറിച്ച് അന്വേഷിച്ചിറങ്ങിയ പാതിരി അരമനയില്‍ നടക്കുന്ന പല അവിഹിത പണമിടപാടിനെക്കുറിച്ചും അറിഞ്ഞതോടെ അയാളെയും മൂലയ്ക്കിരുത്തി. തന്നെക്കുറിച്ച് പറഞ്ഞു പരത്തിയ അപവാദങ്ങളില്‍ സത്യത്തിന്റെ ഒരു തരിമ്പു പോലും ഇല്ലല്ലോ പിതാവേ എന്ന് മെത്രാനോടു പറഞ്ഞ ജോസിനെ മാര്‍ മഠത്തിക്കണ്ടത്തില്‍ അരമനയില്‍നിന്ന് പരിഹസിച്ച് ഇറക്കിവിട്ടു.

ദൈവവിളിയുടെ പേരില്‍ നന്മ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു മനുഷ്യനെ വേട്ടയാടി കൊല്ലുന്ന സഭാ നേതൃത്വത്തിന്റെ മനസിലെ കുഷ്ഠത്തിനാണ് ചികിത്സവേണ്ടത്. ഒരിക്കല്‍ ക്രിസ്തുവിനെ തേടി വന്ന ഒരു കുഷ്ഠ രോഗി അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു. ‘കര്‍ത്താവേ, നിനക്ക് മനസുണ്ടെങ്കില്‍ എന്നെ സൗഖ്യമാക്കുക.’ ക്രിസ്തുവിന്റെ മറുപടി- ‘അതേ എനിക്ക് മനസുണ്ട് നീ സൗഖ്യമാകുക.’ പക്ഷെ ക്രിസ്തു എത്ര വിചാരിച്ചാലും സുഖം പ്രാപിക്കാത്ത കുഷ്ഠരോഗത്തിന്റെ അടിമകളാണ് ക്രൈസ്തവ സഭയിലെ ഒരു പറ്റം വൈദികര്‍. അവരുടെ മുന്നില്‍ ക്രിസ്തുവും വിശ്വാസികളുമില്ല. സമ്പത്ത് വാരിക്കൂട്ടുക, അതില്‍ അഭിരമിക്കുക. അതാണ് അവരുടെ മുദ്രാവാക്യം.

ഏതു നിമിഷവും ജോസിനും ഭാര്യയ്ക്കും എന്തും സംഭവിക്കാം. അവരുടെ ശത്രുക്കള്‍ അത്രമേല്‍ പ്രബലരാണ്. രക്തം പൊടിയാതെ കൊല്ലാനറിയാവുന്ന അറവുകാരാണവര്‍. ജോസിന്റെ അവശേഷിക്കുന്ന രണ്ടേക്കര്‍ വസ്തുവും വീടും തട്ടിയെടുക്കാനുള്ള ശ്രമം നിര്‍ബാധം തുടരുന്നുണ്ട്. അതിനായി ഭീഷണിയും അക്രമവും അപാവാദ പ്രചരണവും പൂര്‍വാധികം ശക്തിയോടെ നടക്കുന്നു.

താന്‍ ഇടവകപള്ളിയില്‍ ആരാധനയ്ക്ക് ചെല്ലുമ്പോള്‍ ഒരു പുഴുത്ത പട്ടിയെപ്പോലെയാണ് ചില വൈദികരും അവരുടെ ശിങ്കിടികളായ കുറെ വിശ്വാസികളും തന്നെ കാണുന്നതെന്ന് റോസമ്മ നിറകണ്ണുകളോടെ പറയുന്നു. ഇത്രമേല്‍ വെറുക്കപ്പെടാന്‍ എന്തു തെറ്റാണ് സഭയോടും സമൂഹത്തോടും തങ്ങള്‍ ചെയ്തതെന്ന് റോസമ്മ ചോദിക്കുന്നു. അഞ്ചാറ് കോടി രൂപ വിലമതിക്കുന്ന സ്വത്ത് സഭയ്ക്ക് സൗജന്യമായി വിട്ടുകൊടുത്തതിന്റെ പേരില്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുകയാണ്. സഭയും വൈദികരും നിരന്തരം അപവാദ പ്രചരണങ്ങള്‍ നടത്തിയെങ്കിലും ജോസിനെ തേടി ഇപ്പോഴും രോഗികളെത്തുന്നുണ്ട്. വിട്ടു പോയ ഫാര്‍മസിസ്റ്റ് മടങ്ങിയെത്തിയതോടെ മരുന്ന് വ്യാപാരം സജീവമായി വരുകയാണ്.

സമൂഹത്തിന് നന്മയുടെ പൂമരമായി മാറിയ ഈ മനുഷ്യനെ വേട്ടയാടുന്ന ചെന്നായ്ക്കളെ ചെറുക്കാന്‍ കനിവുള്ളവരുടെ ഒത്തൊരുമയ്ക്കായി ജോസും റോസമ്മയും കാത്തിരിക്കുകയാണ്…

2018 ഫെബ്രുവരി ലക്കം പ്രസാധകൻ മാസികയിൽ പ്രസിദ്ധീകരിച്ച ശ്രീ:റോയ് മാത്യുവിന്റെ ലേഖനം