പണമില്ല: ബാങ്കുകളില്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്നു; കാനറാ ബാങ്ക് ജീവനക്കാരെ ജനങ്ങള്‍ തടഞ്ഞുവെച്ചു

കോഴിക്കോട്: ബാങ്കുകളില്‍ വിതരണത്തിനായുള്ള പണമെത്താത്തതിനെത്തുടര്‍ന്ന് സംഘര്‍ഷം വര്‍ദ്ധിക്കുന്നു. ബാങ്ക് ജീവനക്കാരും ജനങ്ങളുമായി നിരന്തരം വാക്കുതര്‍ക്കങ്ങള്‍ സ്ഥിരം കാഴ്ചയാണ്.
പയ്യോളി കനറാ ബാങ്ക് ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞ് വെച്ചു. ബുധനാഴ്ച ഡ്യൂട്ടിക്കെത്തിയ മാനേജറുള്‍പ്പടെയുള്ള ജീവനക്കാരെയാണ് നാട്ടുകാര്‍ തടഞ്ഞ് വെച്ചത്. ബാങ്കില്‍ പണമില്ലെന്നറിഞ്ഞതോടെയാണ് നാട്ടുകാര്‍ ക്ഷുഭിതാരാവുകയായിരുന്നു.

പിന്നീട് പൊലീസെത്തി ഇവരെ ബാങ്കിലേക്ക് കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പൈട്ടങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. ഇന്ന് ബാങ്ക് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നാെളയും ജനങ്ങള്‍ക്ക് പണം ലഭ്യമാവില്ലെന്ന വിവരം ബാങ്ക് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരമായത്. ഇതേ തുടര്‍ന്ന് 12 മണിയോടെയാണ് ബാങ്കിന്റെ പ്രവര്‍ത്തനം തുടങ്ങാനായത്.

ചൊവ്വാഴ്ച ഇടപാടുകള്‍ക്കായി നാട്ടുകാര്‍ ബാങ്കില്‍ എത്തിയെങ്കിലും പണമില്ലാത്തതിനാല്‍ ബുധനാഴ്ച വരാന്‍ ബാങ്ക് അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. രാവിലെ ആറ് മുതല്‍ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ ബാങ്കിനു മുന്നില്‍ ക്യുവിലായിരുന്നു. എന്നാല്‍ ബുധനാഴ്ചയും പണമില്ലന്നറിഞ്ഞതോടെ ജനങ്ങള്‍ ക്ഷുഭിതരാവുകയായിരുന്നു. തിങ്കളാഴ്ച ഹര്‍ത്താലയാതിനാലാണ് മൈസുരുവില്‍ നിന്ന് പണം കൊണ്ട് വരാന്‍ സാധിക്കാതിരുന്നത്. ഇതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും കനറാ ബാങ്ക് മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു.