അവസാന മത്സരം വരെ ബ്ലാസ്റ്റേഴ്‌സിനോടൊപ്പം; ഇയാന്‍ ഹ്യൂം

കൊച്ചി: ഐഎസ്എല്‍ മത്സരത്തില്‍ പൂനെയിക്കെതിരെയുള്ള മഞ്ഞപ്പടയുടെ പോരാട്ടത്തില്‍ പരുക്കേറ്റ സൂപ്പര്‍താരം ഇയാന്‍ ഹ്യൂം ഇനിയുള്ള ബ്ലാസ്റ്റേഴ്‌സ് മത്സരത്തില്‍ കളത്തിലിറങ്ങില്ല. താരം ടീമിലേക്ക് തിരിച്ചെത്തില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഒദ്യോഗികമായി അറിയിച്ചിരുന്നു.

എന്നാല്‍ ടീമില്‍ നിന്നും പുറത്തായിട്ടും നാട്ടിലേക്ക് മടങ്ങില്ലെന്ന തീരുമാനത്തിലാണ് ഹ്യൂം. ലീഗിലെ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരവും കഴിഞ്ഞതിന് ശേഷം ഇന്ത്യ വിട്ടാല്‍ മതിയെന്നാണ് ഇയാന്‍ ഹ്യൂമിന്റെ തീരുമാനം.

മത്സരം കഴിയുന്നതുവരെ താരത്തിന്റെ സാന്നിധ്യം ടീമിനോടൊപ്പം ഉണ്ടാകുമെന്ന് ഹ്യൂം അറിയിച്ചു. കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ടീമിന് ആവേശവുമായി ഇയാന്‍ ഹ്യൂം ഗാലറിയില്‍ ഉണ്ടായിരുന്നു.

അതേസമയം, താരത്തിന്റെ അസാന്നിധ്യം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരിക്കുകയാണ്. കൂടാതെ ബ്ലാസ്റ്റേഴ്‌സ് ആരാധകരും നിരാശയിലാണ്. എന്നാല്‍, ‘പുറത്തിരിക്കുകയെന്നതു സഹിക്കാനാവില്ല. പക്ഷെ, മഞ്ഞപ്പടയുടെ ആരാധകരേ എന്നെ വിശ്വസിക്കൂ. ഞാനൊരു വ്യത്യസ്ത ജീവിയാണ്. കൂടുതല്‍ ശക്തിയോടെ, മികച്ച ഫിറ്റ്‌നസുമായി ഞാന്‍ ടീമില്‍ തിരികെയെത്തും’ ഹ്യൂം അറിയിച്ചു.