മൊബൈല്‍ മോഷ്ടിക്കുന്നതിനിടെ ഓടുന്ന ട്രെയിനില്‍ നിന്ന് കള്ളന്‍ തള്ളിയിട്ടു; കുട്ടിക്കള്ളനും കൂട്ടാളിയും പിടിയിൽ

മുംബൈ: മൊബൈല്‍ മോഷ്ടിക്കുന്നതിനിടെ ഓടുന്ന ട്രെയിനില്‍ നിന്ന് കള്ളന്‍ തള്ളിയിട്ട യുവതിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ കൈയ്യിലുള്ള മൊബൈല്‍ തട്ടിയെടുക്കുന്നതിനിടെയാണ് കള്ളന്‍ പെണ്‍കുട്ടിയെ തള്ളിയിട്ടത്. ബുധനാഴ്ചയാണ് സംഭവം.

ചത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍സ് റെയിവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കള്ളനേയും, ആസൂത്രകയേയും കൈയ്യോടെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ് യുവതിയുടെ കൈയ്യില്‍ നിന്നും ഫോണ്‍ തട്ടിയെടുത്തത്. തുടര്‍ന്ന് ഫോണ്‍ മറ്റൊരു യുവതിക്ക് മറിച്ചു വില്‍ക്കുകയായിരുന്നു.

ഇരുപത്തിമൂന്നു കാരി ദ്രവിത സിംഗ് രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്. ഒരു ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് സംസാരിക്കുന്നതിനായി ഡോറിനരികിലേക്ക് വന്നതായിരുന്നു. പെട്ടെന്നാണ് ഒരു ആണ്‍കുട്ടി ഓടി വന്ന് മൊബൈല്‍ കൈക്കലാക്കിയത്. ഇതിനിടെ ദ്രവിതയുടെ ബാലന്‍സ് തെറ്റി അടുത്തുള്ള പാളത്തിലേക്ക് വീഴുകയായിരുന്നു.

അതേ സമയം മറ്റൊരു ട്രെയിന്‍ ദ്രവിത വീണ പാളത്തിലൂടെ കടന്നുപോയി. അപകടത്തില്‍ ദ്രവിതയ്ക്ക് ഒരു കൈയ്യും കാലും നഷ്ടമായി. കടന്നുപോയ ട്രെയിനില്‍ നിന്നു ദ്രവിതയെ കണ്ട റെയില്‍വെ ഉദ്യോഗസ്ഥനാണ് പാളത്തില്‍ യുവതി കിടക്കുന്ന വിവരം റെയില്‍വെ പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് റെയില്‍വെ അധികൃതര്‍ എത്തി ദ്രവിതയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭാഗ്യവശാല്‍ യുവതിയുടെ തലയ്ക്ക് വലിയ പരുക്കുകളൊന്നും ഏറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

റെയില്‍വെയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടി കള്ളനെ കണ്ടെത്തിയതോടെ, മൊബൈല്‍ കണ്ടെത്താനായി പൊലീസിന്റെ ശ്രമം. അന്വേഷണം എത്തിയത് കുട്ടി കള്ളന്‍ ഫോണ്‍ മറിച്ചു വിറ്റ യുവതിയിലായിരുന്നു. തുടര്‍ന്ന് മൊബൈല്‍ വാങ്ങിയ യുവതിയെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണത്തിന് വഴിതിരിവായത്.

മോഷ്ടിച്ച സാധനങ്ങള്‍ വാങ്ങി മറിച്ചു വില്‍ക്കുന്ന പണിയായിരുന്നു 25-കാരിയായ റുക്‌സാന ചെയ്തിരുന്നത്. റുക്‌സാനയുടെ നിര്‍ദ്ദേശ പ്രകാരമാണ് കുട്ടി കള്ളന്‍ മോഷണങ്ങള്‍ നടത്തുന്നത്.

ഇങ്ങനെ ലഭിക്കുന്ന ഫോണുകള്‍ക്ക് നല്ല ലാഭ വിഹിതം നല്‍കാറുണ്ടെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് റുക്‌സാനയേയും, ആണ്‍കുട്ടിയേയും അറസ്റ്റു ചെയ്തു. അതേസമയം റുക്‌സാനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. കൊലപാതക ശ്രമത്തിനും, മോഷണത്തിനും ആണ്‍കുട്ടിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.