നീ മധു പകരൂ….ആരാധകരെ കൈയ്യിലെടുത്ത് വീണ്ടും ലാല്‍ മാജിക്

മോഹന്‍ലാല്‍ നടന്‍ മാത്രമല്ല, നല്ലൊരു ഗായകനും കൂടിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. പല തവണ മോഹന്‍ലാല്‍ ഇതു തെളിയിച്ചിട്ടുണ്ട്. സിനിമകളില്‍ മാത്രമല്ല അവാര്‍ഡ് ദാന ചടങ്ങുകളിലും സ്റ്റേജ് ഷോകളിലും ലാലേട്ടന്‍ പാടിയിട്ടുണ്ട്. അതുപോലെ ലാല്‍ പാടുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

അനശ്വര നടന്‍ പ്രേം നസീറും ഷീലയും ജോഡികളായെത്തിയ ‘മൂടല്‍മഞ്ഞ്’ സിനിമയില്‍ യേശുദാസ് പാടിയ മനോഹര ഗാനം ‘നീ മധു പകരൂ, മലര്‍ ചൊരിയൂ’ എന്ന ഗാനവുമായാണ് ഇക്കുറി മോഹന്‍ലാല്‍ രംഗത്തെത്തിയത്. ലാലേട്ടന്റെ ഗാനത്തിന് സ്റ്റീഫന്‍ ദേവസ്സിയുടെ പിയാനോ സംഗീതവും കൂടി ചേര്‍ന്നപ്പോള്‍ ആലാപനം മനോഹരമായി.

സുരാജ് വെഞ്ഞാറമൂട് ലാലേട്ടന്റെ ആലാപനത്തിന് പ്രോല്‍സാഹനം നല്‍കി ഒപ്പംനിന്നു. പാട്ടു പാടി കഴിഞ്ഞശേഷം സന്തോഷം കൊണ്ട് മോഹന്‍ലാല്‍ പിയാനോ വായിച്ച സ്റ്റീഫന്‍ ദേവസിക്ക് ഉമ്മയും നല്‍കി. മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് മോഹന്‍ലാല്‍ ആരാധകരെ പാട്ടുപാടി കൈയ്യിലെടുത്തത്.