സി പി എമ്മിനെ നയിക്കാൻ ബാലനും, ബേബിയും?

 തിരുവനന്തപുരം: കൊടിയേരി ബാലകൃഷ്ണന്റെ മക്കൾ വിവാദത്തിലും സിപിഎമ്മിന്റെ സർക്കാർ ഉൾപ്പെട്ട വിവാദങ്ങളിലും മുങ്ങി നിൽക്കുന്ന പാർട്ടി അതിജീവനത്തിനുള്ള വഴി തേടി തൃശൂരിലേയ്ക്ക്. പിന്നോക്കക്കാരനായ എ.കെ ബാലനെ സംസ്ഥാന സെക്രട്ടറിയായും, ക്രൈസ്തവ വിശ്വാസിയായ എം.എ ബേബിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കിയും നഷ്ടമായ പാർട്ടിയുടെ ഇമേജ് തിരികെ പിടിക്കുന്നതിനാണ് ഇപ്പോൾ സിപിഎം നേതൃത്വം ഒരുങ്ങുന്നത്. ഇ.എം.എസിനു ശേഷം സിപിഎം ജനറൽ സെക്രട്ടറിയാവുന്ന ആദ്യ പൂർണമലയാളിയാകാനാണ് എം.എ ബേബി ഒരുങ്ങുന്നത്. പ്രകാശ് കാരാട്ട് മലയാളിയായിരുന്നെങ്കിലും അദ്ദേഹം ഡൽഹിയിലാണ് പ്രവർത്തനം കേന്ദ്രീകരിച്ചിരുന്നത്.
സിപിഎം.ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മക്കളും വരുത്തിവച്ച വിനയ്ക്കും മാനക്കേടിനും അപ്പുറത്തേക്ക് സഞ്ചരിക്കാൻ ദീർഘവീക്ഷണമുള്ള കണ്ണടയുമായി സിപിഎം നേതാക്കൾ മാറിയും മറിഞ്ഞും രംഗത്ത്. ഉൾപാർട്ടി ചർച്ചകൾ ചൂടുപിടിക്കുന്നു. സിപിഎമ്മിന് ഇനിയും കോടിയേരി ബാലകൃഷ്ണനെയും മക്കളേയും ചുമക്കാനാവില്ലെന്ന് പറയുന്ന ഒരു കൂട്ടരുണ്ട്യ പിണറായി വിജയനും ഇനി കോടിയേരിയെ കൊണ്ടുനടക്കാനാവില്ല. നുണകൾ കൊണ്ടും സൈദ്ധാന്തിക യുക്തി കൊണ്ടും ഇനിയും പാർട്ടിക്ക് പിടിച്ചുനിൽക്കാനാവില്ല. കോടിയേരി ബാലകൃഷ്ണനും മക്കളും വരുത്തിവച്ച അപമാനം പാർട്ടിക്കും സൈബർ സഖാക്കൾക്കും പ്രതിരോധിക്കാനാവില്ലെന്നും സിപിഎം. തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ കോടിയേരിയെ മാറ്റണമെന്ന നിലപാടിലാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി യെച്ചൂരി. കാലത്തിന്റെ കുത്തൊഴുക്കിൽ സിപിഎമ്മിലെ വി എസ് ഗ്രൂപ്പ് ഇല്ലാതായി. പകരം യെച്ചൂരി ഗ്രൂപ്പ് രംഗപ്രവേശം ചെയ്തു. എങ്കിലും കേരളത്തിൽ യെച്ചൂരിക്ക് കാര്യമായി ഒന്നും ചെയ്യാനാവില്ല. വേണമെങ്കിൽ പാർട്ടിയുടെ നവ ബുദ്ധിജീവികേന്ദ്രങ്ങളായ ഐസക്കിനേയും ബേബിയേയും രംഗപടമാക്കാം. പക്ഷേ പാർട്ടിക്കുള്ളിലെ കണ്ണൂർ ലോബി അതിനൊന്നും സമ്മതിക്കില്ല. പാർട്ടി ഗ്രാമങ്ങളാൽ മഹത്വവൽക്കരിക്കപ്പെട്ട പി. ജയരാജൻ അജയ്യനായി നിലകൊള്ളുന്നുണ്ടെങ്കിലും പിണറായി പക്ഷം അതെത്രകൊണ്ട് അംഗീകരിക്കുമെന്ന് പറയാനാവില്ല. മാത്രമല്ല, പി. ജയരാജൻ ഇനിയും താൻ മഹത്വവൽക്കരിക്കപ്പെടണമെന്ന് അവകാശപ്പെടാനും വരില്ല. പാർട്ടി വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് പി. ജയരാജന്റെ ആഗ്രഹം. അത് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
അങ്ങനെവരുമ്പോൾ ഇപ്പോഴത്തെ അവസ്ഥയിൽ സിപിഎം. ൽ രണ്ടാമനായ സഖാവ് എ.കെ. ബാലൻ തന്നെയാണെന്ന് സമ്മതിക്കേണ്ടിവരും. വൈക്കം വിശ്വനും ഗോവിന്ദൻ മാസ്റ്ററും ഒക്കെ ഉണ്ടെങ്കിലും എണ്ണപ്പണത്തിന്റെ കൊഴുപ്പിൽ കളഞ്ഞുപോയ സിപിഎമ്മിന്റെ ഇമേജ് തിരിച്ചുപിടിക്കാൻ ബാലനേ ഇനി കഴിയു എന്നതുതന്നെയാണ് അവശേഷിക്കുന്ന പ്രായോഗിക സിദ്ധാന്തം. സിപിഎം. ഈ കാഴ്ച്ചപ്പാടിലേക്ക് പാകമായി വരുന്ന സൂചനകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ അടിസ്ഥാന സിദ്ധാന്തത്തെ അണികൾ ഏറ്റെടുക്കുക ഒരുപക്ഷെ എ.കെ. ബാലൻ സംസ്ഥാന സെക്രട്ടറി ആവുമ്പോഴായിരിക്കും എന്ന് വിശ്വസിക്കാവുന്നതാണ്. എ.കെ. ബാലൻ വെറുമൊരു ബാലനല്ല. കോടിയേരിക്കും മുകളിലാണ് ബാലന്റെ സ്ഥാനം. ബാലൻ എസ്.എഫ്.ഐ.യുടെ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് കോടിയേരി തലശ്ശേരിയിലെ കേവലം പത്താംതരം എസ്.എഫ്.ഐ. വിദ്യാർത്ഥി മാത്രമായിരുന്നു. അക്കാലത്ത് സ്‌കൂളിൽനിന്ന് പുറത്താക്കിയ കോടിയേരിയെ ക്ലാസിലേക്ക് തിരിച്ചുകയറ്റിയത് ബാലനായിരുന്നു. അന്ന് ബാലനായിരുന്നു കോടിയേരിയെ ക്ലാസിൽ കയറ്റാനുള്ള സ്‌കൂളിനു മുന്നിലെ സമരം ഉദ്ഘാടനം ചെയ്തത്. ബാലൻ പിന്നീട് കുറച്ചുകാലം പാർട്ടി പ്രധാനം ചെയ്ത ജീവിത പ്രാരബ്ദത്തിൽ പെട്ട് മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. ഈ കാലയളവിലാണ് കോടിയേരി പാർട്ടിയുടെ പതിനെട്ടാംപടി കയറിപ്പോയത്. പിന്നീട് ഒറ്റപ്പാലത്തെ ദളിത് ടിക്കറ്റ് വേണ്ടിവന്നു ബാലന് പാർട്ടിയിലെ ആദ്യ പടിയിൽ ഉറച്ചുനിൽക്കാൻ. ഇപ്പോൾ സ്ഥിതി മാറി. കോടിയേരിയുടെ മക്കളുടെ കമ്മ്യുണിസ്റ്റ് വിരുദ്ധ നിലപാടുകളിൽ പൊട്ടിപ്പുറപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ പാർട്ടിയിൽ പിണറായി കഴിഞ്ഞാൽ കൊള്ളാവുന്ന സർവ്വസമ്മതനായ കമ്മ്യുണിസ്റ്റും രണ്ടാമനായ ബാലൻ തന്നെ. നിയമസഭയിൽ ബാലന്റെ സ്ഥാനവും മുഖ്യമന്ത്രിയുടെ തൊട്ടടുത്തുതന്നെ. മാത്രമല്ല, ഏതാണ്ട് ഒരു പതിറ്റാണ്ടിനു മുമ്പാണ് ത്രിപുരയിൽ നിന്ന് ഗോത്രവർഗ്ഗക്കാരനായ ദശരത് ദേവ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോയുടെ അരങ്ങിൽ വന്നത്. അതുകൊണ്ടുതന്നെ ദളിതനായ ബാലന് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തിയുണ്ട്. പാര്ശ്വവൽക്കരിക്കപ്പെട്ടവരിൽ നിന്ന് അകന്നുപോകുന്ന സിപിഎമ്മിന് ദളിതനായ ബാലനെ പോളിറ്റ്ബ്യൂറോയിലും സംസ്ഥാന സെക്രട്ടറി സ്ഥാനത്തും പ്രതിഷ്ടിക്കുന്നത് സാരമായ ഗുണം ചെയ്യും.
യെച്ചൂരി ഗ്രൂപ്പിന്റെ വിപ്ലവാത്മകമായ ആശയ ദാർഷ്ട്യത്തിനും പിണറായിയുടെ ഇരട്ടച്ചങ്കൻ ദാർഷ്ട്യത്തിനും ബാലൻ ഉത്തരമാവുന്നുണ്ട്. മറിച്ചാണ് കാര്യങ്ങളെങ്കിൽ ഒരുപക്ഷെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ ആഘാതങ്ങൾ അനുഭവിക്കേണ്ടിവരും. ലോകസഭ, തദ്ദേശ സ്വയംഭരണം, സ്‌കൂൾ-കോളജ് തെരഞ്ഞെടുപ്പുകളിൽ പോലും കോടിയേരിയുടെ മക്കൾ ഭൂതം പാർട്ടിയെ കാര്യമായി അപകടപ്പെടുത്തിയേക്കാം. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ബിനോയ് കോടിയേരിയുടേയും ബിനീഷ് കോടിയേരിയുടേയും ഫ്ളക്സും ചില്ലറ ട്രോളും മതിയാവും പാർട്ടിയുടെ കഥ കഴിക്കാൻ. കേന്ദ്രത്തിലും സംസ്ഥാന സമാനമായ സാഹചര്യങ്ങളാണ് കാണുന്നത്. യെച്ചൂരിയും കാരാട്ട് ദമ്പതികളും അവിടെ സമാനതകളില്ലാത്ത രണ്ടു ദ്രുവങ്ങളിലാണ് നിലയുറപ്പിച്ചുകൊണ്ടിരിക്കുന്നത്. അവിടേയും ആശയാധിഷ്ടിത യുദ്ധം ചെയ്തുകൊണ്ട് പ്രശ്നം പരിഹരിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ പാർട്ടിക്ക് കുശലനായ ഒരു മദ്ധ്യവർത്തിയുടെ ആവശ്യം കേന്ദ്രത്തിലുമുണ്ട്. അവിടെയാണ് എം.എ. ബേബിയുടെ പ്രസക്തി. ബേബിയെ മുന്നിൽ നിർത്തി യെച്ചൂരിയെ വെട്ടാൻ കാരാട്ടും ശ്രമിക്കും.
ഇന്നത്തെ സാഹചര്യത്തിൽ ബേബിയെ സംസ്ഥാനത്ത് ഇങ്ങനെ പാര്ശ്വവൽക്കരിക്കപ്പെട്ടുകൊണ്ട് അധികം നാൾ കൊണ്ടുപോകാനാവില്ല. അതുകൊണ്ട് ബേബിയെ കേന്ദ്രത്തിലേക്ക് മാന്യമായി കുടിയേറ്റുകതന്നെയാണ് കരണീയമായ കാഴ്ച്ചപ്പാട്. ഡൽഹിയുടെ ആത്മാവുമായി ഏറെ സമരസപ്പെട്ടുകിടക്കുന്ന ബേബിക്കും പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനം ഒരു അഭയകേന്ദ്രമായിരിക്കും. യെച്ചൂരിക്കും മുകളിൽ തന്നെയാണ് ബേബിയുടെയും സ്ഥാനം. യെച്ചൂരി എസ.എഫ്.ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്ന കാലത്ത് ബേബി അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് ബേബിയുടെ അഖിലേന്ത്യാ സെക്രട്ടറി പദം പാർട്ടിക്ക് ആശ്വാസകരമാകും.
പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുന്ന തൃശൂർ പൂര നഗരിയിൽ യെച്ചൂരി-കാരാട്ട് വിഭാഗങ്ങളുടെ കേരളീയ കുടമാറ്റവും വെടിക്കെട്ടും സാകൂതം സശ്രദ്ധം വീക്ഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ചെങ്കോട്ട മൈതാനമാവുന്ന തേക്കിൻകാട് മൈതാനത്തിൽ സഖാക്കളും നാട്ടുകാരും.

മാധ്യമ പ്രവർത്തകൻ വിഷ്ണുമംഗലം കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്