നയാപ്പൈസക്ക് കൊള്ളാത്ത പാട്ടിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം!

മനോജ് മനയിൽ
ഹരികുമാർ സംവിധാനം ചെയ്ത ക്ലിൻ്റ് എന്ന സിനിമയിൽ പ്രഭാവർമ എഴുതിയ ‘ഓളത്തിൻ മേളത്താൽ…’ എന്നുതുടങ്ങുന്ന നയാപ്പൈസക്ക് കൊള്ളാത്ത ഗാനത്തിനാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം. പിണറായി സർക്കാരിൻ്റെ ആസ്ഥാന കവിയായി എന്ന ഒറ്റക്കാരണത്താലാണ് പ്രഭാവർമയ്ക്ക് ഈ അവാർഡ് വെച്ചുനീട്ടിയതെന്നത് പറയേണ്ടതില്ലല്ലോ. കൊതിപ്പിക്കുന്ന എത്രയോ പാട്ടുകൾക്ക് മുൻകാലങ്ങളിൽ പുരസ്കാരം കിട്ടിയത് നിറമനസ്സോടെ നോക്കിനിന്നവരാണ് നമ്മൾ. എന്നിട്ടും തികച്ചും ആഭാസകരമായ ഒരു രചനയ്ക്ക് അവാർഡ് നൽകിയ ജൂറി സംഘാംഗങ്ങൾ വീട്ടിലെത്തിയതിനുശേഷം ഈ രക്തത്തിൽ തനിക്ക് പങ്കില്ലെന്നു പറഞ്ഞ് കൈ കഴുകുകയാവണം. എൻ്റെ അറിവിൽ കാവ്യഭംഗിയും അർത്ഥസമ്പുഷ്ടവുമായ രണ്ടിലധികം ഗാനങ്ങൾ ഈ ജൂറിയുടെ മുമ്പിലുണ്ടായിരുന്നു. എന്നിട്ടും മേലാളന്മാരുടെ നിർബന്ധബുദ്ധിക്കൊടുവിൽ ആസ്ഥാനകാവ്യ മാടമ്പിക്ക് അവാർഡ് നൽകുകയായിരുന്നത്രെ. കഷ്ടമാണ്. തങ്ങളുടെ നല്ല രചനകൾക്ക് അംഗീകാരം ലഭിക്കാതെ വരുമ്പോൾ ആ എഴുത്തുകാരനുണ്ടാവുന്ന മാനസികസംഘർഷമെങ്കിലും മനസ്സിലാക്കണം സാർ. മലയാള ചലച്ചിത്രരംഗത്ത് പാട്ടെഴുത്ത് എന്നത് കടലടുക്കപ്പെട്ടുപോകുന്ന ഈ കാലത്ത്, വല്ലപ്പോഴും വീണുകിട്ടുന്ന ഒരവസരത്തിൽ നല്ല രചനകൾ സമ്മാനിക്കുന്നവരെ കുലംകുത്തികളായിക്കാണുന്ന മാർക്സിയൻ പുരോഗമന അവാർഡ് വിതരണക്കമ്മറ്റികൾ നിണാൾവാഴട്ടെ. പ്രഭാവർമ മലീമസമാക്കിവച്ച ആ അവാർഡ് പാട്ട് എങ്ങനെ പാട്ടെഴുതരുത് എന്നതിന് മികച്ച ഉദാഹരണമാണ്. ഇക്കണ്ട കാലമത്രയും അവാർഡ് കിട്ടിയ പാട്ടെഴുത്തുകാർ പൊറുക്കട്ടെ.