കലം / ഈ കലം (കവിത )

സിന്ധു എം

ഉമിയിട്ടുരച്ചും കഞ്ഞിവെള്ളമൊഴിച്ചു തിളപ്പിച്ചും
അമ്മ മെരുക്കിയെടുത്തത്
ആരൊക്കെയോ തട്ടിയുടച്ചിട്ടും
വീണ്ടും കൂടിച്ചേര്‍ന്നത്
ഇതിനുള്ളില്‍ വീട് പുകയാളിചുവക്കുന്നുണ്ട്
വക്കത്ത് വിശപ്പിന്റെ തേങ്ങലുകള്‍
പറ്റിപ്പിടിച്ചിരിപ്പുണ്ട്

ഇത് ഉണ്ടാക്കിയ കുമ്പാരത്തിയിന്ന് ജീവിച്ചിരിപ്പില്ല
എന്നാല്‍ ഇതുണ്ടാക്കിയ മണ്ണ്
ഇപ്പോഴും ബാക്കി
ഈ കരിയിലാണ് അമ്മ
പതിവായി കണ്ണെഴുതിയിരുന്നത്
ഇത് എന്റേതാകണമെന്ന് ഞാനൊരിക്കലും ആശിച്ചതല്ല
ഭ്രാന്തമായ ഈ നിറഭേദങ്ങളെ ഭയന്നാണ്
ഞാന്‍ പുസ്തകങ്ങളിലേക്ക് ഓടിയൊളിച്ചത്
എന്നിട്ടും ജീവിതത്തിന്റെ ഒരു അത്യാവശ്യം പോലെ
ഇന്നത് എന്റെ കൈയില്‍ തന്നെ‍ വന്നു ചേര്ന്നിരിക്കുന്നു!