ഷുഹൈബ് വധക്കേസിലെ പ്രതികളെ സിപിഐഎം പുറത്താക്കി

കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ സിപിഐഎമ്മില്‍ നടപടി. പ്രതികളായ നാല് പ്രവര്‍ത്തകരെ സിപിഐഎം പുറത്താക്കി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി.

എം.വി. ആകാശ് എന്ന ആകാശ് തില്ലങ്കേരി (24), മുഴക്കുന്ന് സ്വദേശി സി.എസ്. ദീപ് ചന്ദ് (25), അക്രമികളുടെ വാഹനം ഓടിച്ചിരുന്ന പാലയോട് സ്വദേശി ടി.കെ.അസ്കർ (26), അക്രമികൾക്കു സഹായം നൽകിയ തില്ലങ്കേരി സ്വദേശി കെ.അഖിൽ (23) എന്നിവരെയാണു പുറത്താക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഷുഹൈബ് വധത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് കടുത്ത വിമർശനം ഏൽക്കേണ്ടി വന്നതും അന്വേഷണം സിബിഐയ്ക്ക് വിട്ടതുമാണ് പ്രതികളായ പാർട്ടി പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ സിപിഐഎമ്മിനെ പ്രേരിപ്പിച്ചത്.

കേസിൽ ഇതുവരെ 11 പേരാണ് അറസ്റ്റിലായത്. എല്ലാവരും സിപിഐഎം പ്രവർത്തകരാണ്. ഇപ്പോൾ  പുറത്താക്കപ്പെട്ട നാലു പേർ ഒഴികെയുള്ള പ്രതികൾക്ക് ഔദ്യോഗികമായി പാർട്ടി അംഗത്വമില്ലെന്നാണു സൂചന. ഷുഹൈബ് വധത്തിൽ സിപിഐഎം പ്രവർത്തകർക്കു ബന്ധമുണ്ടെങ്കിൽ പാർട്ടി നടപടിയെടുക്കുമെന്നു സിപിഐഎം ജില്ലാ നേതൃത്വം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

പ്രതികൾക്കെതിരെ നടപടിയുണ്ടാകുമെന്നും, അതിനു പാർട്ടിക്കു പാർട്ടിയുടേതായ നടപടിക്രമങ്ങളുണ്ടെന്നുമാണ് ഇന്നലെ ജില്ലാ സെക്രട്ടറി പി.ജയരാജൻ കണ്ണൂരിൽ പറഞ്ഞത്. പൊലീസ് അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെത്തുന്നതു കൊണ്ടു മാത്രം പാർട്ടിക്കു നടപടിയെടുക്കാനാവില്ല, പാർട്ടിക്കു പാർട്ടിയുടേതായ അന്വേഷണത്തിലാണു വിശ്വാസം എന്നും നേരത്തേ ജയരാജൻ പറഞ്ഞിരുന്നു. പാർട്ടിയുടെ അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെത്തിയ സാഹചര്യത്തിലാണോ നടപടി എന്നു വ്യക്തമല്ല.

കേസിന്റെ അന്വേഷണം സിബിഐയ്ക്കു കൈമാറാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തെന്ന സർക്കാർ വാദവും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും തള്ളിയാണ് ഹൈക്കോടതി കേസ് സിബിഐയെ ഏൽപ്പിച്ചത്. ഷുഹൈബ് വധത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും വിധിന്യായത്തിൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ ഉൾപ്പെട്ട പാർട്ടി പ്രവർത്തകരെ സിപിഐഎം പുറത്താക്കിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 12 നാണ് രാത്രി പതിനൊന്നരയ്‌ക്ക് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന് വെട്ടേറ്റത്. തെരൂരിൽ സുഹൃത്തുക്കൾക്കൊപ്പം തട്ടുകടയിൽ ചായ കുടിക്കുമ്പോഴാണ് വാഗൺ ആർ കാറിലെത്തിയ അക്രമി സംഘം ഷുഹൈബിനെ വെട്ടിവീഴ്‌ത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും വെട്ടേറ്റിരുന്നു. നെഞ്ചിനും കാലുകൾക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷുഹൈബ് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.