കളസം കീറിയ ബിനാമി മശിഹ

റോയ് മാത്യു

അഴിമതിക്കെതിരെ കുരിശുയുദ്ധവുമായി അടുത്ത കാലത്ത് അവതരിച്ച രണ്ട് ദിവ്യന്മാരായിരുന്നു വി.എസ്. അച്ചുതാനന്ദനും ജേക്കബ് തോമസും. രണ്ടു പേരും വാർത്തകളിൽ ഇടം പിടിക്കാൻ എന്നും ഓരോ നമ്പരുകൾ ഇറക്കുക പതിവായിരുന്നു. നാട്ടുകാരുടെ അഴിമതിയെക്കുറിച്ച് പുരപ്പുറത്ത് കേറി നിന്ന് വായ്ത്താരി മുഴക്കിയിരുന്ന വി എസ്, തന്റെ മകനെതിരെ വിവിധ കോണുകളിൽ നിന്നുയർന്നു വന്ന ആരോപണങ്ങളെ കുഴിച്ചുമൂടാൻ നോക്കുകയും, ആരോപണം ഉന്നയിച്ചവരെ അധിക്ഷേപിക്കുകയും പതിവായിരുന്നു. ഒടുവിൽ ഭരണ പരിഷ്കാര കമ്മിഷൻ എന്ന ലാവണത്തിൽ ഒതുങ്ങിയതോടെ മൂപ്പീന്നിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന് സുല്ലിട്ട മട്ടാണ്.
അഴിമതി എന്നു കേട്ടാൽ അവരെ വലിച്ചു കീറി ഒട്ടിക്കുന്നതിന് പുറമേ പരമാവധി നാറ്റിക്കുക എന്ന ഉദ്ദേശത്തോടെ അവതരിച്ച ഉത്തമനാണ് ഡി ജി പി ജേക്കബ് തോമസ്. ബാർ കോഴ, പാറ്റുർ ഭൂമി ഇടപാട്, ഐഎഎസുകാരായ ടോം ജോസ്, കെ.എം. ഏബ്രഹാം, പോൾ ആന്റണി, മുൻ മന്ത്രി കെ. ബാബു തുടങ്ങിയവരെല്ലാം ഭു ലോക കൊള്ളക്കാരാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനും കഴിഞ്ഞു. അങ്ങേരുടെ മഹത് വചനങ്ങൾ ബ്രേക്കിംഗ് ന്യൂസായി കൊടുക്കാനായി മാധ്യമ പ്രവർത്തകർ സദാ ജാഗരൂകരായിരുന്നു. ഇങ്ങേർ അഴിമതിക്കെതിരെ അവതരിച്ച മശിഹ ആണെന്ന് 2015-16 കാലത്ത് വി എസ്, കൊടിയേരി, പിണറായി എന്നിവർ വാഴ്ത്തിപ്പാടി നടന്നു. ഉമ്മനും കൂട്ടരും തീവെട്ടി ക്കൊള്ളക്കാരാണെന്ന് ഈ ഉത്തമൻ പറഞ്ഞത് ബാക്കി എല്ലാരും ഏറ്റു പാടി. ഉമ്മനും തൊമ്മനും കൂഞ്ഞാലിയുമൊക്കെ പെരുവഴിയിലായി. നാടൊട്ടുക്ക് പരമ യോഗ്യനും സദാസദ് വിചാരമുള്ള ജേക്കബ് തോമസിന് പുരസ്കാരങ്ങളും അംഗീകാരങ്ങളും വന്നണഞ്ഞു.
പിണറായി സർക്കാർ അധികാരത്തിൽ വന്ന കാലത്ത് ഇങ്ങേര് കേരളത്തെ അഴിമതി മുക്ത നാടാക്കുമെന്ന് സഖാക്കളും പോരാളികളും പാടി നടന്നു. അയാളുടെ കട്ടില് കണ്ട് പനിക്കേണ്ടാന്ന് വരെ പിണറായി മുഖ്യൻ പറഞ്ഞു. ഒടുവിൽ മുഖ്യൻ തന്നെ ഇങ്ങേരുടെ പപ്പും പൂടയും പറിച്ചെടുത്ത്, പുറത്താക്കി.
ഇയാൾ വെറും പടമാണെന്ന് പല ചാനൽ ചർച്ചകളിലും പറഞ്ഞ എന്നെ “തത്ത” യുടെ ഭക്തജന സംഘടനകളിൽ പ്പെട്ട ഗുണ്ടകൾ പൊങ്കാല ഇടാൻ വന്നിരുന്നു. തത്തയുടെ ഭക്ത്മാർ ഉപദേശിച്ച് നന്നാക്കാനും നക്കിക്കൊല്ലാനും ശ്രമിച്ചിരുന്നു.
ഇങ്ങേരുടെ തട്ടിപ്പുകൾ ഒന്നൊന്നായി ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിലെ സായ് കിരൺ പുറത്തു കൊണ്ടുവന്നു. കർണാടകത്തിലെ 150 ഏക്കർ ഭൂമി തട്ടിപ്പ്, തമിഴ്നാട് വിരുദ നഗറിലെ 50 ഏക്കർ ബിനാമി ഭൂമി ഇടപാട് ഇതെല്ലാം സായ് പുറത്തു കൊണ്ടുവന്ന വാർത്തകളായിരുന്നു.
ഒടുവിലിതാ സായ് കിരൺ പുറത്തു കൊണ്ടുവന്ന തമിഴ്നാട്ടിലെ ബിനാമി ഭൂമി ഇടപാട് സത്യമാണെന്നും ജേക്കബ് തോമസ് ഒരു ബിനാമിദാർ ആണെന്നും എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കണ്ടെത്തിയിരിക്കുന്നു.

തമിഴ്‌നാട്ടിലെ വിരുതുനഗറില്‍ ഇസ്രാ അഗ്രോടെക് ലിമിറ്റഡ് എന്ന കമ്പനിക്കായി വാങ്ങിയ അന്‍പത് ഏക്കറോളം ഭൂമിയുടെ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് ജേക്കബ് തോമസ് ബെനാമി ഇടപാടുകാരനാണ് കോടതി നിരീക്ഷിച്ചത്. ഭൂമി വാങ്ങിയത് തന്റെ പേരിലാണെന്ന് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ ഡിജിപി സമ്മതിച്ചിട്ടുണ്ട്. തന്റെ പേര് ഉപയോഗിക്കാന്‍ അനുവദിച്ചു എന്നാണ് വിശദീകരണം. എന്നാല്‍ കമ്പനിയുടെ രേഖയില്‍ ജേക്കബ് തോമസിന്റെ വിലാസമായി കാണിച്ചിട്ടുള്ളത്, എറണാകുളം മറൈന്‍ ഡ്രൈവിലെ പ്രിന്‍സി വേള്‍ഡ് ട്രാവല്‍സ് എന്ന മറ്റൊരു കമ്പനിയുടെ ഓഫീസാണ്. ഇസ്രാ അഗ്രോടെക്കിനാകട്ടെ ജേക്കബ് തോമസ് എന്ന പേരില്‍ മറ്റൊരു ഡയറക്ടര്‍ ഇല്ലെന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നുള്ള ഉടമസ്ഥത സംബന്ധിച്ച രേഖ പരിശോധിച്ച് കോടതി ഉറപ്പാക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 1988ലെ ബെനാമി ഇടപാട് നിരോധന നിയമം പ്രകാരം ജേക്കബ് തോമസിനെ ബെനാമിദാര്‍ അഥവാ ബിനാമി ഇടപാടുകാരന്‍ എന്ന് വിളിക്കാമെന്ന് തന്നെ കോടതി വ്യക്തമായി പറയുന്നത്

“The complainant therefore prima facie proves that the transaction is Benami transaction as defined under 2 (10) of Benami transaction ( prohibition) Act 1988 and that Mr. Jacob Thomas is a Benamidar.”
ജേക്കബ് തോമസിനെ വാഴ്ത്തിപ്പാടി നടക്കുന്ന യോഗ്യന്മാരൊന്നും മിണ്ടുന്നില്ല.
ജേക്കബ് തോമസിനെ പ്പോലെ ഇന്ത്യയിലെ പൊതു സമുഹം വാഴ്ത്തിപ്പാടി നടന്ന IAS ഉദ്യോഗസ്ഥനായിരുന്നു ഗൗതം ഗോസ്വാമി. ബീഹാർ കേഡറിൽ ജോലി ചെയ്തിരുന്ന ഗൗതത്തിനെ 2004ൽ TIME മാഗസിൻ ഏഷ്യയിലെ യംഗ് ഹീറോയായി തിരഞ്ഞെടുത്തിരുന്നു.
അഴിമതിക്കെതിരെ പോരാടുകയും , പാവപ്പെട്ടവർക്ക് നീതി ഉറപ്പാക്കുന്നതിൽ എന്നും മുന്നിട്ട് നിന്നിരുന്ന പാട് ന ഡിസ്ട്രിക് കലക്ടറായിരുന്ന ഗൗതം ഗോസ്വാമി 2004ൽ ഉണ്ടായ വെള്ള പ്പൊക്കത്തിൽ പ്പെട്ടവരെ സഹായിക്കാൻ രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടിൽ നിന്ന് കോടികൾ അമുക്കിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഫണ്ട് വെട്ടിപ്പിന്റെ പേരിൽ സസ്പെൻഷനിലായി. ഒടുവിൽ എല്ലാവരാലും അപമാനിതനായി ഗോസ്വാമി കാൻസർ പിടിപെട്ട് മരിച്ചു.
കൊണ്ടാടപ്പെട്ടുന്ന മിക്ക അഴിമതി വിരുദ്ധന്മാരും വെറും പടങ്ങളാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്ക് വേണ്ടി അജണ്ട സെറ്റ് ചെയ്യുന്ന പുണ്യാ ളമ്മാരുടെ കളസം കീറുന്ന കാഴ്ചകളാണ് നമുക്ക് മുന്നിലുള്ളത്. വാഴ്ത്തുന്നവർ തന്നെ വീഴ്ത്തുകയും ചെയ്യുന്നു.