ജേക്കബ് തോമസ് പബ്ലിക്ക് സെര്‍വെന്റാണ് അല്ലാതെ പബ്ലിക്ക് മാസ്റ്ററല്ല; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: സസ്പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജേക്കബ് തോമസ് പബ്ലിക്ക് സെര്‍വന്റാണ് അല്ലാതെ പബ്ലിക്ക് മാസ്റ്ററല്ലെന്ന് ഹൈക്കോടതി പറഞ്ഞു. എല്ലാവരും നിയമത്തിന് മുന്നില്‍ വിധേയരാണെന്നും ഹൈക്കോടതി ഒര്‍മ്മിപ്പിച്ചു.അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഉപഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

അതേസമയം ജേക്കബ് തോമസിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്കുള്ള സംരക്ഷണം തനിക്ക് ലഭ്യമാക്കണമെന്നും ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് തനിക്ക് സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പില്ല. ഭീഷണിയുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവേഴ്സ് (അഴിമതി പുറത്തു കൊണ്ടുവരാന്‍ സഹായിക്കുന്നവര്‍) നിയമ പ്രകാരം സംരക്ഷണം തേടിയാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ജേക്കബ് തോമസ് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ജേക്കബ് തോമസിന് നടപടി നേരിടേണ്ടി വന്നിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ജേക്കബ് തോമസിന്റേത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായുള്ള ജോലിയാണെന്നും അതിനാല്‍ തന്നെ വിസില്‍ ബ്ളോവേഴ്സിന് നല്‍കുന്ന സംരക്ഷണത്തിന്റെ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.