ബിഡിജെഎസ് എന്‍ഡിഎ വിട്ടു പോകില്ലെന്ന് കുമ്മനം; വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയ്ക്ക് കേന്ദ്ര പദവികള്‍ കിട്ടുന്നതില്‍ ബിജെപിക്ക് എതിര്‍പ്പില്ല

ബിഡിജെഎസ് എന്‍ഡിഎ വിട്ടു പോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിഡിജെഎസ് വിട്ടു പോകില്ലെന്നാണ് ഉറച്ച വിശ്വാസം. അവരുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കും. ഇരുമുന്നണികളുടേയും ജനദ്രോഹ നടപടികള്‍ക്കും സാമൂഹ്യ അസമത്വത്തിനും ബദല്‍ എന്ന നിലയിലാണ് ദേശീയ ജനാധിപത്യ സഖ്യം കേരളത്തില്‍ രൂപീകരിച്ചത്.

ഇന്നത്തെ സാഹചര്യത്തില്‍ കേരള രാഷ്ട്രീയത്തില്‍ എന്‍ഡിഎ അനിവാര്യമാണ്. അതിനാല്‍ തന്നെ ബിഡിജെഎസ് സഖ്യം വിട്ടു പോകില്ല. കേരളത്തില്‍ എന്‍ഡിഎയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ബിഡിജെഎസ് വഹിച്ചിട്ടുള്ളത്. ബിഡിജെഎസിന് കേന്ദ്ര പദവികള്‍ കിട്ടുന്നതില്‍ ബിജെപി കേരള ഘടകത്തിന് വിയോജിപ്പ് ഇല്ല.

ഇതിനായി പരമാവധി ശ്രമിക്കുന്നുമുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം അറിയിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന മോഹത്തിലായിരുന്നു ബിഡിജെഎസ്. എന്നാല്‍ വി മുരളീധരനെ ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ബിഡിജെഎസ് മുന്നണി വിടാനുള്ള ഒരുക്കത്തിലാണ്.