മലയാളിയുടെ ചൂണ്ടില്‍ തത്തിക്കളിക്കുന്ന ഞാനും… ഞാനുമെന്റാളും പാടിതാരെന്നറിയണ്ടേ?

 -ക്രിസ്റ്റഫര്‍ പെരേര-
‘ഞാനും… ഞാനുമെന്റാളും ആ നാല്‍പ്പത് പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി’ മലയാളിയെ അടുത്ത കാലത്ത് ഇത്രയും സ്വാധീനിച്ച വേറെ പാട്ടില്ല. ആരും പാടാന്‍ കൊതിക്കുന്ന വരികള്‍, ഒച്ചയും ബഹളവുമില്ലാത്ത ലളിതമായ സംഗീതം. കേരളം മുഴുവന്‍ ഈ ഗാനം ഏറ്റ് പാടുകയാണ്. ജയറാമിന്റെ മകന്‍ കാളിദാസിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന സിനിമയിലെ ഗാനമാണിത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കും മുമ്പാണിത്. പാട്ട് യുടൂബില്‍ റിലീസ് റീസീസ് ചെയ്ത ദിവസം അഞ്ച് ലക്ഷം പേരാണ് കണ്ടത്. 72 ലക്ഷം പേരോളം ഇതിനകം ആ വീഡിയോ കണ്ട് കഴിഞ്ഞു. താമസിക്കാതെ ഇത് ഒരു കോടിയാകും. നോട്ട് അസാധുവാക്കലിനെതിരെ ഇതേ ട്യൂണില്‍ പരിഹാസ ഗാനവും ഇറങ്ങി. അതുപോലെ മറ്റ് പലരും ഈ ട്യൂണില്‍ പാരഡികളിറക്കുന്നു. അപ്പോപ്പിന്നെ പാട്ടിന്റെ സ്വീകാര്യതയെ കുറിച്ച് അതിശയിക്കുന്നതില്‍ അര്‍ത്ഥമില്ല. പാടിയ  ഗായകനെ കുറിച്ച് പറയാം….
fi1

ഒറ്റ രാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞു

പാട്ട് കേള്‍ക്കുന്നവരെല്ലാം ഇത് ആരാ പാടിയതെന്നും അന്വേഷിക്കുന്നു. ശബ്ദകോലാഹലങ്ങളില്ലാത്തതിനാല്‍ പാട്ടുകാരന്റെ ശബ്ദത്തിന് ഏറെ സ്വീകാര്യത ലഭിക്കുന്നു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് സംഗീതത്തില്‍ ബിരുദം നേടിയ ഫൈസല്‍ റാസി എന്ന ചെറുപ്പക്കാരനാണ് ഈ പാട്ട് പാടിയതും ഈണമിട്ടതും. ഒറ്റരാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞ കഥാപാത്രങ്ങളെ നമ്മള്‍ കഥകളിലും നോവലുകളിലും സിനിമകളിലും കണ്ടിട്ടുണ്ടെങ്കില്‍ ഫൈസലിന്റെ കാര്യത്തില്‍ അത് യാഥാര്‍ത്ഥ്യമാണ്. ലോകത്തിന്റെ പലഭാഗത്ത് നിന്നും മലയാളികള്‍ വിളിക്കുന്നു. പല സംഗീത സംവിധായകരും സംവിധായകരും തങ്ങളുടെ ചിത്രത്തിലേക്ക് പാടാന്‍ ക്ഷണിക്കുന്നു. എന്നാല്‍ പൂമരത്തിലെ അടുത്ത പാട്ട് കംമ്പോസ് ചെയ്യുന്ന തിരക്കിലാണ് ഈ യുവസംഗീത സംവിധായകന്‍. അതൊരു മെലഡിയാണ്. അതിന് ശേഷമേ മറ്റ് കാര്യങ്ങളില്‍ ശ്രദ്ധിക്കൂ.

പാട്ട് വന്നത് മഹാരാജാസില്‍ നിന്ന്

ഫൈസല്‍ മഹാരാജാസ് കോളജില്‍ ചേര്‍ന്ന സമയത്ത് സീനിയേഴ്‌സ് പാടിയിരുന്ന പാട്ടാണിത്. കൊടുങ്ങല്ലൂരുള്ള രണ്ട് പേരാണിത് എഴുതിയതെന്ന് ഫൈസല്‍ പറയുന്നു. പാട്ട് ഹൃദയത്തില്‍ കയറിയതോടെ കംമ്പോസ് ചെയ്തു. ആല്‍ബമാക്കി റിലീസ് ചെയ്യാനിരുന്ന സമയത്താണ് എബ്രിഡ് ഷൈനെ കണ്ടുമുട്ടുന്നത്. ഒരു പാട്ട് പാടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ പൂമരമല്ലാതെ മറ്റൊന്നും മനസിലില്ലായിരുന്നു. പാടിമുഴുവിക്കും മുമ്പ് എബ്രിഡിന് ഇഷ്ടമായെന്ന് മനസിലായി. പാട്ട് സിനിമയിലേക്ക് തന്നാല്‍ ഉപയോഗിക്കാമെന്നും പറഞ്ഞു. മഹാരാജാസില്‍ വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ പാടുന്നതില്‍ നിന്ന് അല്‍പം വ്യത്യസ്തമായാണ് ഫൈസല്‍ സിനിമയ്ക്ക് വേണ്ടി കംമ്പോസ് ചെയ്തത്.

പൂമരത്തില്‍ കല്ലെറിയുന്നു

പാട്ട് കാറ്റ് പോലെ പടര്‍ന്നതോടെ അസൂയക്കാരും കൂടി. ട്യൂണ്‍ ശരിയല്ല, ഒര്‍ജിനല്‍ ആണ് നല്ലത് തുടങ്ങിയ പലതരം വിമര്‍ശനശരങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രവഹിച്ചു. എന്നാല്‍ ഇതൊന്നും ഫൈസല്‍ കാര്യമായി എടുക്കുന്നില്ല. ‘പൂത്ത് നില്‍ക്കുന്ന മരത്തിലല്ലേ കല്ലെറിയാന്‍ പറ്റൂ’ ഫൈസല്‍ പറഞ്ഞു. ഒരു ജോലിയും ഇല്ലാത്തവരാണ് ഇത്തരം വിമര്‍ശനങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ഈ പാട്ട് ചെറിയ തരത്തില്‍ പലരെയും സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വിമര്‍ശനങ്ങളെന്നും ഈ ഗായകന്‍ വിശ്വസിക്കുന്നു.