പള്ളി പൊളിക്കലിന് പിന്നിലെ മാഫിയാസംഘങ്ങള്‍

-റോയി മാത്യു-

എന്റെ ആലയം കള്ളന്‍മാരുടെ ആലയമാക്കുന്നു

കോടികളുടെ വിനിമയം നടക്കുന്ന ഏര്‍പ്പാടാണ് കേരളത്തിലെ ക്രൈസ്തവസഭകള്‍ നടത്തുന്ന പളളി പൊളിക്കല്‍ വ്യവസായം. ആത്മീയമായി കുഞ്ഞാടുകളെ പരിപോഷിപ്പിക്കുന്നതിനു പകരം പുതിയ തലമുറയിലെ വൈദികര്‍ക്ക് പളളി പൊളിച്ച് പണിയുന്നതിലാണ് താല്പര്യം. അനാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പളളികളില്‍ സംഘര്‍മുണ്ടാകുന്നത് പതിവായി കഴിഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് മാവേലിക്കരയില്‍ പളളിവികാരിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച സംഭവമുണ്ടായി. ഭോപ്പാലിലും സമാനമായ സംഭവം. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിക്കടുത്ത ഗുഡുഗാവിലെ മാര്‍ത്തോമ്മാ പള്ളിയില്‍ പാഴ്‌സനേജ് പണിയുന്നതിനെച്ചൊല്ലി.ചേരി തിരിഞ്ഞ് പള്ളിക്കുള്ളില്‍ കൂട്ടത്തല്ല് നടന്നു. കേസായി. വഴക്കായി. മൂന്നുപേര്‍ ആശുപത്രിയിലായി. ഈ അടിപിടിയുടെ ദൃശ്യങ്ങള്‍ വൈറലായി പ്രചരിക്കുകയാണ്. ദി വൈഫൈ റിപ്പോര്‍ട്ടറാണ് ഈ വാര്‍ത്ത പുറത്തുവിട്ടത് (വാര്‍ത്ത വായിക്കാം – ഗുഡുഗാവ് മാര്‍ത്തോമ്മാ പള്ളിക്കുള്ളില്‍ കൂട്ടയടി: നിരവധിപേര്‍ക്ക് പരിക്ക്)
2016 മെയ്മാസത്തില്‍ മലയാളത്തിലെ ചില ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ വന്ന വാര്‍ത്തയാണ് തഴെ ഉദ്ദരിക്കുന്നത്

പളളി വികാരിയെ പെട്രോള്‍ ഓഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം. മാവേലിക്കര.മെയ് 8. പളളിവികാരിയെ ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം.തെക്കേക്കര കുറത്തികാട് ജറുേെസല മാര്‍ത്തോമ്മ പളളിയില്‍ കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഇവിടുത്തെ ഇടവകാംഗവും പളളികമ്മറ്റി അംഗവുമായ വടക്കേ മാങ്കുഴി തുണ്ടതറയില്‍ സോണിവില്ലയില്‍ എസ്.കെ.തോമസ്(മോഹന്‍ 56) കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ പളളി വികാരി ‘ രാജി ഈപ്പന്റെ ‘ കുപ്പായത്തില്‍ ഒഴിച്ച് ലൈറ്റര്‍ കരത്തിക്കാന്‍ ശ്രമിച്ചത്. ഈ സമയം തൊട്ടടുത്തുണ്ടായിരുന്ന കമ്മറ്റിയംഗമാണ് ശ്രമം വിഫലമാക്കിയത്. മുമ്പും ഇയാള്‍ ആരാധനാലയത്തില്‍ ആക്രമണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ക്രമിനല്‍ പശ്ചാത്തലമുളള ഇയാള്‍ 18 വര്‍ഷം മുമ്പ് പോലീസ് ഉദ്യോഗസ്ഥരുടെ തലയ്ക്കടിച്ച കേസിലും പ്രതിയാണ്. കുറത്തിക്കാട് പോലീസ് അറസ്റ്റ് ചെയ്ത തോമസിനെ റിമാന്‍ഡ് ചെയ്തു’.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര കുറത്തിക്കാട് ജറുസലേം പളളളിയുടെ മുറ്റവും, പരിസരങ്ങളും 65 ലക്ഷം മുടക്കി ഇന്റര്‍ലോക്കിംഗ് ടൈല്‍സ് ഇട്ടതിന്റെ ചെലവിനെ ചൊല്ലിയുളള തര്‍ക്കമാണ് വികാരിയെ പെട്രള്‍ ഒഴിച്ച് കത്തിക്കുന്നതിലേക്കെത്തിയത്. ടൈല്‍സ് ഇട്ടതിന് 65 ലക്ഷം രൂപ ചെലവായെന്ന് കമ്മിറ്റി അംഗങ്ങളെ വൈദികന്‍ ധരിപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും മിക്കവരും തൃപ്തരായില്ല. അവതരിപ്പിച്ച കണക്കിന് ബില്ലുകളും മതിയായ രേഖകളുമില്ലെന്നായിരുന്നപ ആക്ഷേപം.

ഈ സംഭവത്തെ തുടര്‍ന്ന് പളളിയിലെ അംഗങ്ങള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷവും പോസ്റ്റര്‍, ഫ്്ളക്സ് പ്രചരണങ്ങളും വളരെ സജീവമായി നടക്കുകയാണ്. സമീപകാലത്തൊന്നും ഒരു ഇടവക വികാരിക്ക് നേരെ അദ്ദേഹം ജോലി ചെയ്യുന്ന ഒരു പളളിയിലെ ഓരംഗം ഇത്ര ഹീനമായ കുറ്റകൃത്യം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇടവകയിലെ ജനങ്ങള്‍ ഇരുചേരിയായി തിരിഞ്ഞു നില്‍ക്കുമ്പോഴും പളളിയില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി ഇടവകാംഗങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും സമ്മതിക്കുന്നുണ്ട്.

ഇതൊരു ഒറ്റപെട്ട സംഭവമല്ല. സംസ്ഥാനത്തിനകത്തും പുറത്തുമുളള ഒട്ടുമിക്ക ക്രൈസ്തവദേവാലയങ്ങളിലും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളും പതിവായി കഴിഞ്ഞിരിക്കുകയാണ്. വിശ്വാസികളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം അവരുടെ ധാടിയും മോടിയും കാണിക്കാന്‍ ആഡംബര സൗകര്യങ്ങളോടു കൂടിയ കോണ്‍ക്രീറ്റ് ആലയങ്ങള്‍ പണിഞ്ഞു കൂട്ടുകയാണ്. മിക്കവയും അതാമാവ് നഷ്ടപ്പെട്ട സിമ്മന്റ് മന്ദിരങ്ങള്‍ മാത്ര. എറണാകുളം ഇടപ്പള്ളിയില്‍ 16 കോടിരൂപയിലധികം മുടക്കി നിര്‍മ്മിച്ച സെന്റ് ജോര്‍ജ്ജ് ദേവാലയം ഇത്തരത്തിലുളള ദേവാലയങ്ങളില്‍ലൊന്നാണ്. ക്രിസ്തു പടിയിറങ്ങിപ്പോയ മന്ദിരങ്ങളിലെ ഏറ്റവും ഒടുവിലത്തെ പ്രതീകമാണ്. തിരുവില്ലായ്ക്കടുത്തുളള പുളിക്കീഴില്‍ നാല് വര്‍ഷം മുമ്പ് സംസ്ഥാനത്തെ ആദ്യ എയര്‍കണ്ടീഷന്‍സ് ക്രൈസ്തവ ദേവാലയം കൂദാശ ചെയ്തിരുന്നു. മലങ്കര കത്തോലിക്ക സഭയുടേതാണീ പളളി.

ആയിരത്തിതൊളളായിരത്തി എഴുപതികളില്‍ ആരംഭിച്ച പേര്‍ഷ്യന്‍ പണത്തിന്റെ വരവോടെയാണ് ക്രിസ്ത്യാനികളും പളളികള്‍ പുതുക്കിപണിയാന്‍ തുടങ്ങിയത്. രഞ്ജിത് സംവിധാനം ചെയ്ത പ്രഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്ന പടത്തിലെ പുതുപ്പണക്കാരനായ പ്രാഞ്ചികളുടെ പണത്തിന്റെ തിളക്കത്തോടൊപ്പം നില്‍ക്കാന്‍ ഇടവകകളിലെ പാതിരിമാര്‍ തയ്യാറായതോടെയാണ് മനോഹരമായ ക്രൈസ്തവ ദൈവപുരകള്‍ നിര്‍ദ്ദാക്ഷണ്യം തകര്‍ത്തു തുടങ്ങിയത്. എത്ര രൂപ മുടക്കിയും നമ്മുടെ പള്ളി ഒന്ന് പുതുക്കി പണിയണമെന്ന ചിന്ത ജനങ്ങളിലേക്ക് കടത്തിവിട്ടത് സാമ്പത്തികമായി ശ്കതി പ്രാപിച്ച പേര്‍ഷ്യന്‍ പ്രഞ്ചികളാണ്. ഇലരുടെ പത്രാസിന്റെ കൊഴുപ്പിന് മുന്നില്‍ കുന്നിന്‍മുകളില്‍ നിന്നിരുന്ന, പ്രകൃതിയോട് അടുത്തു നിന്ന ദേവാലയങ്ങള്‍ കല്ലിന്‍മേല്‍ കല്ല് ശേഷിക്കാതെ ഇടിച്ചുനിരത്തി, തമിഴ് മേസ്തിരിമാരുടെ മനോധര്‍മ്മമനുസരിച്ചുളള പള്ളികള്‍ വ്യാപകമായി ഉയര്‍ന്നു തുടങ്ങി.

ചെറുകഥാകൃത്തും എഴുത്തുകാരനുമായ എബ്രഹാം മാത്യു കേരളത്തിലെ ആധുനിക ദേവാലയ സങ്കല്‍പ്പത്തിന്റെ പരിഹാസ്യതയെക്കുറിച്ചിങ്ങനെ എഴുതിയിട്ടുണ്ട്.’ കേരളത്തിലെ പുതിയ ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണഘടന കാണുന്നവര്‍ ഇങ്ങനെ ചോദിക്കാതിരിക്കില്ല, വാസ്തു ശില്‍പ്പ സൗന്ദര്യമോ, ചൈതന്യം സ്ഫുരിക്കുന്ന അന്തരീക്ഷമോ, പച്ചപ്പോ, സ്വസ്ഥതയോ, ആത്മീയഭാവം കൈവരിക്കാനുളള ശാന്തതയോ പളളി പരിസരങ്ങളില്‍ കാണുകയില്ല. വികലമായ കോണ്‍ക്രീറ്റ് കൂടാരങ്ങള്‍, ഇരുമ്പ് ഗേറ്റുകള്‍, മറ്റേ പളളിയെക്കാള്‍ ഇവിടം പൊങ്ങി നില്‍ക്കണമെന്ന അഹങ്കാരത്തില്‍ വേണ്ടാത്തിടത്തെല്ലാം പടികള്‍. മരങ്ങള്‍ക്കും ചെടികള്‍ക്കും അയിത്തവും.’എന്റെ ആരാധനാലയത്തെ നിങ്ങള്‍ കളന്‍മാരുടെ ഗുഹയാക്കി തീര്‍ത്തിരിക്കുന്നു’വെന്ന ബൈബിള്‍ വചനം,പുതിയ കോണ്‍ക്രീറ്റ് വൈകൃത ക്രൈസ്തവദേവാലയങ്ങള്‍ കാണുമ്പോള്‍ ഓര്‍മ്മയില്‍ വരും. കരാറുകാരും, ക്വാറി ഉടമകളും കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാരുമൊക്കെ ചേരുന്ന പളളി നിര്‍മ്മാണ സങ്കല്പ്പം കേരളത്തിലെ പാതയോരങ്ങളില്‍ ഉയര്‍ന്നുവരുന്ന ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്നും അത്രയൊന്നും വ്യത്യസ്തമല്ല.

കേരളത്തിലെ ക്രൈസ്തവ പ്രമാണിമാരുടെ ഭാവനാശൂന്യമായ ദേവാലയ സങ്കല്‍പ്പത്തിന്റെ പരിഹാസ്യത ബോധ്യപെടണമെങ്കില്‍ കേരളത്തില്‍ ബ്രിട്ടീഷുകാരും, പോര്‍ച്ചുഗീസുകാരും നിര്‍മ്മിച്ച പളളികള്‍ കാണണം പരമാത്മാവില്‍ വിലയം കൊളളാന്‍ ആഗ്രഹിച്ച മര്‍ത്യമനസ്സുകളാണ് ദേവാലയഘടന രൂപപ്പെടുത്തിയത്. ഹോട്ടല്‍ മുതലാളി പളളിമുതലാളി ആവുമ്പോള്‍ ജീവാത്മാവും പരമാത്മാവുമൊന്നും പ്രശ്നമാകുന്നില്ല. കോണ്‍ക്രീറ്റ് ഗുഹയുടേയും അതിനു മുന്നില്‍ ഉയരുന്ന കൊടിമരത്തിന്റേയും ഫോട്ടോ തന്നോടൊപ്പം പ്രാദേശിക പേജില്‍ വരണം. അത്രമാത്രം.(ഏബ്രഹാം മാത്യൂ:-ആത്മാവിലെ കോണ്‍ക്രീറ്റ് പളളികള്‍)

പ്രവാസി മലയാളി ക്രിസ്ത്യാനികളുടെ സാമ്പത്തിക വളര്‍ച്ചയുടെ പ്രതിഫലനങ്ങള്‍ ക്രൈസ്തവ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയതൊഴിച്ചാല്‍ അവരുടെ സംസ്‌കാരം, പൈതൃകം,വാസ്തു സങ്കല്‍പ്പം, ആത്മീയപോഷണം എന്നിങ്ങനെയുളള ഗുണങ്ങളില്‍ യാതൊരു മാറ്റവും സൃഷ്ടിച്ചില്ല. പണത്തിന്റെ കുത്തൊഴുക്കില്‍ പുത്തന്‍ ഭവനങ്ങള്‍ക്കൊപ്പം അവരുടെ ദേവാലയ സങ്കല്‍പ്പങ്ങളേയും മാറ്റി മറിച്ചു. 1970 മുതല്‍ 1990 വരെ സംസ്ഥാനത്ത് ആര്‍ക്കിടെക്റ്റുകളുടെ ഉപദേശമോ, പ്ലാനോ അനുസരിച്ച് വീടോ പളളിയോ പണിയുന്ന പരിപാടിയൊന്നുമുണ്ടായിരുന്നില്ല. ഇന്ന ബംഗാളികളെപ്പോലെ അക്കാലത്ത് നാഗര്‍കോവില്‍, മാര്‍ത്താണ്ഡം, തക്കല,കുളച്ചല്‍, കുഴിത്തുറ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് തൊഴില്‍ തേടി വന്ന പാണ്ടി മേസ്തിരിമാരുടെ മനോധര്‍മ്മമനുസരിച്ചുളള കോണ്‍ക്രീറ്റ് പളളികളാണ് വ്യാപകമായി പണിഞ്ഞുകൂട്ടിയത്. ഇടവകകളില്‍ ചുമതലക്കാരായി വരുന്ന പുരോഹിതരുടെ ആത്മീയ മികവ് കണക്കാക്കുന്നതിന്റെ പ്രധാന മാനദണ്ഡമായി പളളി പൊളിച്ച് പണിയുന്നതിനെ വിലയിരുത്തപ്പെട്ടു. പളളിപ്രമാണിമാര്‍ക്കും, കൈക്കാര്‍ക്കും, വെ്ട്ടുമേനി തട്ടാനുളള വേദിയായി പളളി പൊളിക്കലും, പണിയിക്കലും പരിണമിച്ചു. കാറ്റും വെളിച്ചവും കയറിയിരുന്ന ഒരുമാതിരി പളളികള്‍ തൊണ്ണൂറുകളുടെ പകുതിയോടെ പൊളിച്ചടുക്കി. ആ പരമ്പരയിലെ കൂട്ടക്കുരുതി എന്നു പറയാവുന്ന പൊളിച്ചടുക്കല്‍ നടന്നത് ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുളള മനോഹരമായ പരുമല പളളിയിലാണ്. മലങ്കരസഭയുടെ ആദ്യതദ്ദേശീയനായ വിശുദ്ധനെന്നറിയപ്പെടുന്ന പരുമല തിരുമേനിയുടെ പേരിലുളള കൊച്ചുപളളി പൊളിച്ച് പണിഞ്ഞ കോണ്‍ക്രീറ്റ് കൂടാരം ക്രിസ്ത്യാനികളുടെ പണക്കൊഴുപ്പിന്റേയും പൈതൃകസ്വത്തും സംസ്‌കാരവും നശിപ്പിക്കുന്നതിന്റേയും ഉത്തമ ഉദാഹരണമാണ് ചാള്‍സ് കൊറയ എന്ന പ്രശസ്ത ആര്‍ക്കിടെക്റ്റ് രൂപം കൊട്ത്ത് പണിയിച്ച പുതിയ പളളിയില്‍ ആരാധനയില്‍ പങ്കെടുക്കുന്ന മുപ്പതു ശതമാനം പേര്‍ക്ക് കുര്‍ബാന കാണാനോ വൈദികര്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാനോ കഴിയില്ല. കോണ്‍ക്രീറ്റ് തൂണുകള്‍ ദേവാലയത്തിന്റെ കാഴ്ചകള്‍ മറയ്ക്കുന്നു. ഒപ്പം ശബ്ദം പ്രതിധ്വനിക്കുന്നതു മൂലം പുരോഹിതന്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകളും വിശ്വാസികള്‍ക്ക് വ്യക്തമായി കേള്‍ക്കാനാവില്ല. പ്രകൃതിയോട് ഒട്ടും ഇണങ്ങാത്ത നിര്‍മ്മിതി മൂലം ഗ്യാസ് ചേബറിനുളളില്‍ നില്‍ക്കുന്ന പ്രതീതിയാണ് ദേവാലയത്തിനുളളിലുളളത്. പരുമലപ്പളളി പണമൊഴുകുന്ന തീര്‍ത്ഥാടന കേന്ദ്രമായി പരിണമിച്ചതോടെ ഇമ്മാതിരി നിര്‍മ്മാണം അനിവാര്യമാണെന്നാണ് പുത്തന്‍കൂറ്റുകാരായ പളളി പ്രമാണിമാരുടെ വാദം.

തിരുവനന്തപുരം നഗരത്തിലെ പാറ്റൂര്‍കുന്നില്‍ സ്ഥിതി ചെയ്യുന്ന സെന്റ്തോമസ് മാര്‍ത്തോമ്മ സിറിയന്‍ ഇടവകപളളിയും പൊളിക്കലിന്റെ ഭീഷണി നേരിടുകയാണ്. 180 വര്‍ഷം മുമ്പ് പാലക്കുന്നത്ത് എബ്രഹാം മല്‍പാന്‍ സ്ഥാപിച്ച ‘നവീകരണ സഭ’ എന്നറിയപ്പെട്ടിരുന്ന മാര്‍ത്തോമ്മാസഭയുടെ തിരുവനന്തപുരത്തെ ആദ്യപളളിയാണ് പാറ്റൂരിലേത്. തൊഴില്‍ തേടിയും, പഠനത്തിനും , കച്ചവടത്തിനുമൊക്കെയായി രാജതലസ്ഥാനത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്ത് എത്തിയ നവികരണ സഭക്കാരായ മാര്‍ത്തോമ്മാക്കാര്‍ക്ക് സ്വന്തമായ ആരാധനാലയം ഉണ്ടായിരുന്നില്ല . വീടുകളിലും, സിഎസ്ഐ പളളിയിലും ഒക്കെയായിരുന്നു ഇവരുടെ പ്രാര്‍ത്ഥനയും ആരാധനയുമൊക്കെ നടന്നിരുന്നത്. 1913-ല്‍ കോവൂര്‍ പുന്നൂസ് ഐപ്പ്, അഡ്വ.ഇട്ടിച്ചെറിയ എന്നിവര്‍ മുന്‍കൈ എടുത്ത് ഇപ്പോഴത്തെ നന്ദാവനം പോലീസ് ക്യാമ്പിനടുത്ത് ഒരു സ്ഥലം പളളിക്കായി വാങ്ങിയെങ്കിലും സെമിത്തേരിയും പളളിയും ഇവിടെ പണിയാനാവില്ലെന്ന പ്രാദേശിക എതിര്‍പ്പ് മൂലം സ്ഥലം വില്‍ക്കേണ്ടിവന്നു. പിന്നീട് 1919 ജൂലൈ 25-ന് അക്കാലത്തെ മാര്‍ത്തോമ്മാസഭയുടെ തലവനായിരുന്ന തീത്തൂസ്(ടൈറ്റസ്)ദ്വിതീയന്‍ മാര്‍ത്തോമ്മാ മെത്രോപൊലീത്ത പളളി പണിയാന്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറില്‍ അപേക്ഷ സമര്‍പ്പിച്ചു. 1920-ല്‍ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന മഹാദേവ എയ്യര്‍ സ്ഥലം അനുവദിച്ചു. മെത്രാപ്പോലീത്തയ്ക്കു വേണ്ടി സര്‍ക്കാറുമായി ഇടപാടുകള്‍ നടത്തുന്നതിന് പനയ്ക്കല്‍ ശ്രീ.ഈപ്പന്‍ മാത്യൂവിന് പാറ്റൂരിലെ പളളി വക 65 സെന്റ് സ്ഥലം സര്‍വ്വമുക്തിയാര്‍ എഴുതിക്കൊടുത്തു.

1922-ല്‍ പാറ്റൂര്‍മുക്കിലെ കുന്നിന്‍ ചരുവിലെ താല്‍ക്കാലിക കെട്ടിടത്തില്‍ ആരാധനയ്ക്ക് തീത്തൂസ് ദ്വിതീയന്‍ തുടക്കം കുറിച്ചു. അക്കാലത്തെ മാര്‍ത്തോമ്മാ സഭാ വിശ്വാസികള്‍ സാമ്പത്തികമായി വളരെ വളരെ പിന്നോക്കാവസ്ഥയിലുളള സമൂഹമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. തീത്തൂസ് രണ്ടാമന്റെ കാലത്താണ് മാര്‍ത്തോമ്മ മധ്യതിരുവിതാംകൂറിലും തെക്കന്‍തിരുവിതാംകൂറിലും മലബാറിലും പുതിയ പളളികള്‍ ആരംഭിച്ചത്.
‘അക്കാലത്ത് പുതിയ പളളികള്‍ തെങ്ങ്, മുള, പാഴമരങ്ങള്‍, പരമ്പ് മുതലായവ ഉപയോഗിച്ച് നിര്‍മ്മിച്ച് താല്‍ക്കാലിക കെട്ടിടങ്ങളായിരുന്നു. അങ്ങനെയുളള താല്‍ക്കാലിക കെട്ടിടങ്ങള്‍ പൊളിച്ച് ഉറപ്പുളള പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് തുടക്കമിട്ട കാലമായിരുന്നു അത്. കെട്ടിടത്തിന്റെ പ്ലാനും, പണിയും മറ്റ് കാര്യങ്ങളും മനസ്സിലാക്കി ആവശ്യമായ ആലോചന നല്‍കുന്ന തകാര്യത്തില്‍ മെത്രാപ്പോലീത്ത താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ന് സഭയില്‍ കാണുന്ന വളരെ അധികം പളളികളുടേയും ശിലാസ്ഥാപനവും കൂദാശാകര്‍മ്മവും നിര്‍വഹിച്ചിട്ടുളളത് തിരുമേനി ആണ്'(തീത്തൂസ് ദ്വിതീയന്‍ മാര്‍ത്തോമ്മാ മെത്രോപ്പോലീത്തയുടെ ആത്മകഥയില്‍ നിന്ന്)

താല്‍ക്കാലിക ഷെഡ്ഡില്‍ ആരംഭിച്ച പാറ്റൂര്‍ പളളിയ്ക്ക് ഉറപ്പുളള ഒരു കെട്ടിടം പണിയാനുളള ശ്രമങ്ങള്‍ 1928-ല്‍ ആരംഭിച്ചെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ 17 വര്‍ഷം വേണ്ടി വന്നു. സാമ്പത്തിക പരാധീനകള്‍ക്കുപുറമെ അക്കാലത്ത് മാര്‍ത്തോമ്മാസഭ സ്വീകരിച്ച രാഷ്ട്രീയനിലപാടുകള്‍ നിമിത്തം പളളി പണി പലവട്ടം തടസ്സപ്പെട്ടിരുന്നു. സഭയുടെ അക്കാലഘട്ടത്തിലെ മെത്രോപ്പോലീത്തായിരുന്ന തീത്തൂസ് ദ്വിതീയന്‍ മാര്‍ത്തോമ്മായുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന എബ്രഹാം മാര്‍ത്തോമ്മായുടേയും രാഷ്ട്രീയ നിലപാടുകള്‍ തിരുവിതാംകൂര്‍ കൊട്ടാരത്തിന് അനുകൂലമായിരുന്നില്ല. തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമര പ്രക്ഷോഭണങ്ങളുടെ ആദ്യകാലത്ത് തന്നെ തീത്തൂസ് ദ്വിതീയന്‍ സ്വീകരിച്ച നിലപാടുകള്‍ മറ്റ് ക്രൈസ്തവസഭാ വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യരുടെ ഷഷ്ട്യബ്ദപൂര്‍ത്തിയോടനുബന്ധിച്ച് ഇതര സഭാവിഭാഗങ്ങളും സമുദായങ്ങളും മംഗളപത്രം സമര്‍പ്പിച്ചപ്പോള്‍ അതാവശ്യമില്ലെന്നായിരുന്നു മാര്‍ത്തോമ്മാസഭയുടെ നിലപാട്. എന്നാല്‍ സമുദായത്തിന്റെ വിവധ തലങ്ങളില്‍ അതിനെതിരെ സമ്മര്‍ദ്ദമുണ്ടായപ്പോഴും പ്രസ്തുത നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ മുന്‍ തീരുമാനത്തില്‍ അചഢ്ചലമായി ഉരച്ചു നില്‍ക്കുകയായിരുന്നു മെത്രാപ്പോലീത്ത.
(തീത്തൂസ് ദ്വിതീയന്റെ ആത്മകഥ)

അക്കാലത്തെ സഭയുടെ മറ്റൊരു ബിഷപ്പും പിന്നീട് മെത്രോപ്പോലീത്തയുടെ പിന്‍ഗാമിയായി അവരോധിക്കപ്പെട്ട ഏബ്രഹാം മാര്‍ത്തോമ്മയും സ്വാതന്ത്ര്യ സമരത്തോട്് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും സര്‍ സി.പിയെ വെല്ലുവിളിക്കുകയും ചെയ്ത തിരുവിതാംകൂറിലെ ഏക ക്രിസ്തീയ മേല്‍പ്പട്ടുകാരനായിരുന്നു. ഈ നിലപാടുകള്‍ മൂലം പാറ്റൂര്‍പളളിയുടെ നിര്‍മ്മാണം തടസ്സപ്പെടുന്ന പല സംഭവങ്ങള്‍ ഉണ്ടായിരുന്നു. സി.പി നേരിട്ട് കളക്ടറോട് പളളി പണി സംബന്ധിച്ച് വിശദീകരണം ചോദിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

1118 മകരം നാലിന് തിരുവനന്തപുരം മാര്‍ത്തോമ്മാ ഇടവകയുടെ (പാറ്റൂര്‍ പളളി) ആഭിമുഖ്യത്തില്‍ ലോ കോളേജ് ഹാളില്‍ നടന്ന പൊതുയോഗത്തില്‍വെച്ച് സര്‍ സി.പിയുടെ നിലപാടുകളെ അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് പ്രസംഗിച്ചതായി അന്നത്തെ പോലീസിന്റെ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ നമ്മുടെ രാജ്ഭക്തി ഏതെങ്കിലും പ്രഫലത്തിന് വേണ്ടിയുളള ഒരു കപടനാട്യമല്ലല്ലോ. അതു യഥാര്‍ത്ഥമാണ്. ക്രിസ്ത്യാനികളായ നമുക്ക് വേദാനുസരണമായ ഒരു ധര്‍മ്മവും കൂടെയാണല്ലോ. എന്നാല്‍ നമുക്കും ലോകത്തിലെ സകല ഭരണാധികാരികള്‍ക്കും മേലായ ഒരു രാജാധിരാജാവുണ്ട്. ആ കാര്യം നാമാരും വിസ്മരിക്കരുത്. (ഏബ്രഹാം മാര്‍ത്തോമ്മയുടെ ആത്മകഥ റവ.കെ.എം.വറുഗീസ്)

പാറ്റൂര്‍ മാര്‍ത്തോമ്മാ പളളി അക്കാലത്ത് ദേശീയസ്വാതന്ത്ര്യ സമരങ്ങളുടേയും, രാഷ്ട്രീയ സമരങ്ങളുടേയും നിലപാടുകളുടേയും കേന്ദ്രമായിരുന്ന ഏക ക്രൈസ്തവ ദേവാലയമായിരുന്നു. സിപി വിരുദ്ധ നിലപാടുകളുടെ പേരില്‍ ഏബ്രഹാം മാര്‍ത്തോമ്മയെ അറസ്റ്റ് ചെയ്യുമെന്ന പ്രചരണം പരക്കെ ഉണ്ടായിരുന്നു. അക്കാലത്ത് മാരാമണ്‍ കണ്‍വെന്‍ഷന് പ്രസംഗിക്കാന്‍ വന്ന സ്റ്റാന്‍ലി ജോണ്‍സ് എന്ന വിദേശ മിഷനറി ഗാന്ധിജിയോടും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വ്യക്തിയായിരുന്നു. ഗാന്ധിജി ഇല്ലാത്ത സ്വര്‍ഗ്ഗം തനിക്കും വേണ്ട എന്ന് മാരമണില്‍ പ്രസംഗിച്ച വ്യക്തിയായിരുന്നു ഈ വിദേശ മിഷനറി. ഇദ്ദേഹം 1944-ല്‍ മാരമാമണ്ണില്‍ പ്രസംഗിച്ച അവസരത്തില്‍ തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമരത്തോട് മാര്‍ത്തോമ്മാസഭ സ്വീകരിച്ച നിലപാടിനെ മുക്തകണ്ഠം പ്രശംസിക്കുകയും, എബ്രഹാം മാര്‍ത്തോമ്മായെ അനുമോദിക്കുകയും ചെയ്തതായി സിപിയുടെ പോലീസിന്റെ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. 3840/44 political maramon convention speech delivered dr.stanly jones.

ഇങ്ങനെ സിപിയുടെ ഏകാധിപത്യത്തിനെതിരെയുളള സമരങ്ങള്‍ക്കും ആലോചനകള്‍ക്കും മാര്‍ത്തോമ്മാസഭാവിശ്വാസികള്‍ നേതൃത്വം കൊടുത്ത പാറ്റൂര്‍ മാര്‍ത്തോമ്മാ സുറിയാനിപളളിയുടെ ഔദ്യോഗികമായ കൂദാശയും ഉദ്ഘാടനവും 1945(കൊല്ലവര്‍ഷം 15/5/1120-ല്‍) ഏബ്രഹാം മാര്‍ത്തോമ്മാ നിര്‍വഹിച്ചു. ഏകാധിപതിയുമായി ഒട്ടേറെ ഏറ്റുമുട്ടലുകള്‍ നടത്തേണ്ടി വന്ന ഈ പളളി ഇപ്പോള്‍ പൊളിക്കലിന്റെ ഭീഷണിയിലാണ്. നിലവില്‍ ഏതാണ്ട് 400ഓളം കുടുംബങ്ങള്‍ ഈ പളളിയില്‍ അംഗങ്ങളായുണ്ട്. സ്ഥലപരിമിതിയും പളളിയുടെ കാലപ്പഴക്കവും ആരോപണമായി ഉന്നയിച്ച് പൊളിച്ച് പണിയാനുളള നീക്കം പളളിവികാരി റവ.വിനോയ് ഡാനിയേലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതിനെതിരെ ഇടവകയില്‍ വലിയ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു.

ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ ഈ ദേവാലയക്കെട്ടിടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഈ പളളിയുടെ ആദ്യകാല അംഗങ്ങളും, സഭയിലെ വൈദികരുമായിരുന്ന റവ.നൈനാന്‍ ഉമ്മന്‍, റവ.എം.ഒ.ഉമ്മന്‍ എന്നിവര്‍ പളളിപൊളിക്കലിനെതിരെ പരസ്യനിലപാട് സ്വീകരിച്ച് സഭാ മേലധികാരികള്‍ക്ക് കത്ത് കൊടുത്തു കഴിഞ്ഞു. പളളി പൊളിക്കലിനെതിരെ താന്‍ ഉപവാസം അനുഷ്ഠിക്കുമെന്ന് 90കാരനായ, റവ.നൈനാന്‍ ഉമ്മന്‍ പറഞ്ഞു.

മഴ പെയ്യുമ്പോള്‍ അങ്ങിങ്ങ് ചോരുന്ന, മരപ്പികള്‍ മേല്‍ക്കൂരയില്‍ താവളമടിച്ചിരിക്കുന്നു. ഇടവക ജനങ്ങള്‍ക്ക് മുഴുവനായി ആരാധനയില്‍ പങ്കെടുക്കാനുളള സൗകര്യമില്ലാ എന്നൊക്കെയുളള പതിവ് ന്യായങ്ങളാണ് പളളിപൊളിക്കല്‍ ഉത്സവക്കമ്മറ്റിക്കാരുടെ വാദം. പൈതൃകസംരക്ഷിത ദേവാലയമായി സംരക്ഷിക്കപെടേണ്ട ഈ ആരാധനാലയം പൊളിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ ഈ ഏര്‍പ്പാടിലൂടെ ലഭിക്കാവുന്ന കിമ്പളത്തെക്കുറിച്ചും വെട്ടുമേനിയെക്കുറിച്ചും മാത്രം ഉത്കണ്ഠപെടുന്നവരാണ്. പൈതൃക ശ്രേണിയില്‍പ്പെടുത്തി തിരുവനന്തപുരം പാളയം സെന്റ് ജോസഫ് ലത്തീന്‍ കത്തോലിക്ക പളളി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ രണ്ട് മൂന്ന് വര്‍ഷം മുമ്പ് പുതുക്കിപ്പണിതിരുന്നു. ദേശിയ സ്വാതന്ത്ര്യസമരത്തിന്റെ വേദിയായി നിന്ന ഈ പളളിയെ കേരള എന്‍ഷ്യന്റ് മോണിമെന്‍സ് ആന്റ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്സ് ആന്റ് റിമൈന്‍സ് ആക്ടിന്റെ 1968 പരിധിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം ഇടവകയില്‍ സജീവമാണ്. ഈ നിയമത്തിന്റെ 13-ാം വകുപ്പില്‍ ഇത്തരം സ്മാരകങ്ങള്‍ നേരിട്ട് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പള്ളി പൊളിക്കലിന് പിന്നിലെ സാമ്പത്തികം

കോടികളുടെ വിനിമയം നടക്കുന്ന ഒരേര്‍പ്പാടാണ് ഓരോ പള്ളി പണിയലും. ഈ ഇടപാടിലെ കമ്മീഷന്‍ തട്ടലാണ് പളളിപ്രമാണിമാരുടേയും വികാരിമാരുടേയും മുഖ്യലക്ഷ്യം. എല്ലാ പളളികളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പുതിയ തലമുറയിലെ വൈദികര്‍ക്ക് താല്‍പ്പര്യം. മൂന്നും,നാലും വര്‍ഷം ഒരു ഇടവകയില്‍ വികാരിമാരായിരുന്ന് പരമാവധി ചക്രം അടിച്ചുമാറ്റുക എന്നതാണ് ബഹുഭൂരിപക്ഷം അച്ചന്‍മാരുടേയും ലക്ഷ്യവും താല്‍പ്പര്യവും. അതിനായി അവര്‍ പുതിയ പാഴ്സണേജ്,പാരിഷ് ഹാള്‍,ചുറ്റുമതില്‍, ശവക്കോട്ട നിര്‍മ്മാണം, ഇന്റര്‍ ലോക്കിംഗ് പാകല്‍ എന്നുവേണ്ട പറ്റാവുന്ന പണികള്‍ ചെയ്ത് വിശ്വാസികളുടെ പണത്തില്‍ നിന്ന് ഒരു വീതം അടിച്ചുമാറ്റുന്ന നിരവധി സംഭവങ്ങള്‍ മാര്‍ത്തോമ്മാ സഭയില്‍ ഈയടുത്ത കാലത്തുണ്ടായിട്ടുണ്ട്. ഡല്‍ഹിയിലെ ഒരു മാര്‍ത്തോമ്മാപളളിയില്‍ 65000 രൂപയുടെ ഇലക്ട്രിക്കല്‍ പണിക്ക് ഒന്നരലക്ഷം രൂപയുടെ കളള ബില്ലുണ്ടാക്കിയ പാതിരിയുടെ തട്ടിപ്പ് കണ്ടുപിടിച്ച ഒരു കുഞ്ഞാടിനെ രണ്ടുമാസം മുമ്പ് തൊടുന്യായം പറഞ്ഞ് സഭയില്‍നിന്ന് പുറത്താക്കി. പുറത്താക്കലിനെതിരെ അയാള്‍ കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചു. ഇതുപോലൊരു വിവാദം ഭോപ്പാല്‍ പളളിയിലും നടക്കുകയാണ്.

വിശ്വാസികളുടെ സാമ്പത്തിക വളര്‍ച്ച ക്രൈസ്തവ സഭകളുടെ വിഭവ സമാഹരണത്തിലും പ്രതിഫലിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ക്രൈസ്തവ സഭകളുടെ ആസ്തികള്‍ കോടികള്‍ വിലമതിക്കുന്ന അവസ്ഥയിലാണ്. സംസ്ഥാനത്തെ മറ്റൊരു സമുദായത്തിനും ഇത്രയേറെ സ്ഥാപനങ്ങളും സ്വത്തുക്കളും ആര്‍ജ്ജിക്കാനായിട്ടില്ല. വിശ്വാസത്തിന്റെ പേരില്‍ നടന്ന\ നടക്കുന്ന\നടത്തുന്ന ഈസ്റ്റിന്ത്യാ കമ്പനിവല്‍ക്കരണമാണ് ഇതിന് പ്രധാനകാരണം. ആത്മീയ വളര്‍ച്ചയുടെ പേരിലെ ഭൗതികസ്വത്ത് സമാഹരണങ്ങള്‍ക്ക് അതിലുപരി സ്വത്തുക്കളും പണവും അടക്കിവാഴാനുളള പുരോഹിതരുടെ വ്യഗ്രതയുമാണ് നിര്‍മ്മാണങ്ങള്‍ക്ക് പിന്നിലുളളത്.

മിക്ക പളളികളിലും ലക്ഷങ്ങളുടെ തീവെട്ടികൊളളയാണ് വര്‍ഷം തോറും നടക്കുന്നത്. കണക്ക് സൂക്ഷിപ്പും ഓഡിറ്റുമൊക്കെ വെറും തട്ടിപ്പു മാത്രമായാണ് നടക്കുന്നത്. നിര്‍മ്മാണങ്ങളുടെ പേരില്‍ പാറ്റൂര്‍ പളളിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് 2014-2015ലെ ഓഡിറ്റര്‍ പി.കെ.കുര്യന്‍ രേഖപ്പെടുത്തിയിട്ടുണ്ട്്. it is found that no financial discipline was maintained while spending the amounts of the church. as per kasithana samithy minutes dated 22-5-2014 maximum amounts of rs.8 lakhs can be utilized for renovation of the parsonage. this amount has been enhanced to RS.10 lakhs in the budget. but sum of RS.13,66,263\was spent for the same.

പളളി വികാരി വിനോയ് ഡാനിയേല്‍ താമസിക്കുന്ന പാഴ്സണേജ് പുതുക്കി പണിയാന്‍ ഏഴുലക്ഷത്തിലധികം രൂപ കരാറുകാരന് കൊടുത്തിട്ടുണ്ട്. വെറും 680000 രൂപയുടെ ബില്ലുകള്‍ സമര്‍പ്പിക്കാനെ കഴിഞ്ഞിട്ടുളളൂവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. സാധാരണ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് നടത്തുന്ന പകല്‍കൊളളയേക്കാള്‍ മാരകമായ കൊളളയാണ് ആത്മീയ പിതാക്കള്‍ നടത്തുന്നത്. ഇടവകയുടെ പേരില്‍ ബാങ്കില്‍ കിടന്ന സ്ഥിരനിക്ഷേപങ്ങള്‍ ആരോടും ചോദിക്കാതെ പളളികമ്മറ്റിക്കാര്‍ ബാങ്കില്‍ നിന്ന് എടുത്തുവെന്ന് പാറ്റൂര്‍ പളളിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ഇക്കാലഘട്ടങ്ങളില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെല്ലാം ക്രമക്കേടും തട്ടിപ്പും നടന്നുവെന്നാണ് ഓഡിറ്ററുടെ പക്ഷം.

എന്റെ സുവിശേഷ ലോകത്തിന്റെ അറ്റത്തോളം പോയി ഘോഷിക്കുക എന്നുപറഞ്ഞ ക്രിസ്തുവിന്റെ പേരില്‍ നടക്കുന്ന സ്വര്‍ഗരാജ്യ നിര്‍മാണത്തിന്റെ നീക്കിയിരുപ്പുകളാണ് ഇത്തരം ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍. പളളിയിലെ ഓരോ നിര്‍മ്മാണത്തിനു പിന്നിലും ഇത്തരം സുതാര്യമല്ലാത്ത കണക്കുകളുണ്ടാവുന്നിണ്ട്. അതാണല്ലൊഇടവക വികാരി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഒരു കുഞ്ഞാട് പെട്രോള്‍ ഒഴിച്ച് അച്ചനെ കത്തിക്കാനൊരുങ്ങിയത്.

കേവലം പത്തോ നൂറോ വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുളളതും പഴയ മാതൃകയിലുളളതുമായ ക്രൈസ്തവ ദേവാലയങ്ങള്‍ ഇന്ന് കേരളത്തില്‍ വിരലില്‍ എണ്ണാ്ന്‍ പോലുമുണ്ടെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ഭീകരമായ നശീകരണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ നശീകരണങ്ങള്‍ ഒരു വഴിക്ക് നടക്കുമ്പോള്‍ നൂറ് വര്‍ഷത്തിനിടയില്‍ കേവലം നാലോ അഞ്ചോ ലക്ഷം മാത്രം ജനസംഖ്യയുളള മാര്‍ത്തോമ്മാസഭയുടെ സ്വത്തിലും വരുമാനത്തിലും കോടികളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തീത്തൂസ് ദ്വിതീയന്‍ മാര്‍ത്തോമ്മാ മെത്രാപൊലീത്തയുടെ കാലത്ത് 1912ലെ കണക്കനുസരിച്ച് സഭയുടെ വാര്‍ഷിക വരുമാനം 5584 രൂപ 27 ചക്രം ഒരു കാശ് ആയിരുന്നു. ആ വര്‍ഷത്തെ ചെലവ് 6727 രൂപ 27 ചക്രം ഓരു കാശും കടം 1142 രൂപ 15 ചക്രം 5 കാശും ആയിരുന്നു. ഇതൊക്കെയായിരുന്നു മാര്‍ത്തോമ്മാസഭയുടെ നൂറ് വര്‍ഷം മുമ്പുളള സാമ്പത്തിക സ്ഥിതി.

ഈ വര്‍ഷം സെപ്തംബര്‍ 16-ന് തിരുവല്ലയില്‍ നടന്ന സഭാപ്രതിനിധി മണ്ഡലത്തില്‍ 108 കോടി രൂപയുടെ വരവും 40 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന 2016-17-ലെ ബജറ്റാണ് അവതരിപ്പിക്കപെട്ടത്. ഈ തുകയ്ക്ക് ആനുപാതികമായ വളര്‍ച്ച സഭയുടെ ഇടവകകള്‍ക്കുമുണ്ടായിട്ടുണ്ട്. ഈ കുമിഞ്ഞു കൂടുന്ന പണത്തിന്റെ ഒരു പങ്ക് പറ്റാനുളള വ്യഗ്രതയിലാണ് ഒരു കൂട്ടം പുരോഹിതന്‍മാരും ഒരു സംഘം പളളിപ്രമാണിമാരും. ഓരോ പളളിയും പൊളിച്ചിടുമ്പോള്‍ കൈവരുന്ന സാമ്പത്തിക നേട്ടമാണ് പളളിപൊളിക്കലിന് പിന്നിലുളളത്.

നവീകരണ സഭയുടെ സ്ഥാപകനായ പാലക്കുന്നത്ത് ഏബ്രഹാം മല്‍പ്പാന്റെ അതേ കുടുംബത്തില്‍ പിറന്ന തീത്തൂസ് ദ്വിതീയന്‍ മാര്‍ത്തോമ്മാ തറക്കല്ലിട്ട പാറ്റൂര്‍ പളളി പൊളിക്കാന്‍ പളളി പ്രമാണിമാര്‍ ശ്രമിക്കുമ്പോള്‍ സഭയുടെ ഇപ്പോഴത്തെ പരമാധ്യക്ഷനായ ജോസഫ് മാര്‍ത്തോമ്മയും പാലക്കുന്നത്ത് കുടുംബാഗമാണ്. ഒരു പൈതൃകത്തിന്റെ മഹത്തായ ശേഷിപ്പിന്റെ കൂട്ടകുരുതിക്ക് ഇദ്ദേഹം അറുതി വരുത്തുമോ?

(കടപ്പാട് : പ്രസാധകന്‍ മാസികയില്‍ 2016
ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ലേഖനം)