മനുഷ്യാ നീ മണ്ണാകുന്നു ! ശവസംസ്‌കാരത്തിന് സ്ഥലമില്ലാതെ ന്യൂനപക്ഷ സമുദായങ്ങള്‍

സ്ഥലപരിമിതി മൂലം മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ ഇടമില്ലാതെ ക്രിസ്ത്യന്‍, മുസ്ലീം മത വിശ്വാസികള്‍. കാലങ്ങളായി തുടര്‍ന്നു വരുന്ന രീതി അനുസരിച്ച് പള്ളികള്‍ക്ക് അടുത്തുള്ള ശ്മശാനങ്ങളില്‍ മൃതദേഹം കുഴിച്ചിടുകയാണ് ചെയ്യുന്നത്. കാലാന്തരത്തില്‍ ഇവ മണ്ണോട് ചേരുമ്പോള്‍ സ്വഭാവികമായും സ്ഥലം ലഭിക്കേണ്ടതാണ്. എന്നാല്‍ അടക്കം ചെയ്ത ഇടമെല്ലാം കല്ലറകള്‍ കെട്ടി സംരക്ഷിക്കാന്‍ തുടങ്ങിയതും ജനസംഖ്യാ വര്‍ധനവിന് അനുസരിച്ച് ശ്മശാനത്തിനായി പുതിയ സ്ഥലം ലഭിക്കാതെ വന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്

സെമിത്തേരികള്‍ക്കും ഖബറിടങ്ങള്‍ക്കും കൂടുതല്‍ സ്ഥലം ലഭിക്കാനായി കാലാകാലങ്ങളായി മതമേധാവികള്‍ ഗവണ്‍മെന്റിന്‍മേല്‍ സമ്മര്‍ദം ചെലുത്താറുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത വളരെ കൂടിയ കേരളത്തില്‍ സര്‍ക്കാര്‍ കൈവശം ഉള്ള സ്ഥലം നന്നെ കുറവാണ്. സംസ്ഥാന കൃഷി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 0.12 ഹെക്ട്ടറാണ് ആളോഹരി ഓരോ മലയാളിയുടെയും കയ്യില്‍ ഉള്ള സ്ഥലം. പഞ്ചായത്തിരാജ് നിയമം അനുസരിച്ച് ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിന് മൃതദേഹങ്ങള്‍ മറവുചെയ്യാനുള്ള സ്ഥലത്തിനായി അനുമതി കിട്ടണമെങ്കില്‍ ഏറ്റവും അടുത്തുള്ള വീടുമായി കുറഞ്ഞത് 50 മീറ്റര്‍ അകലം ഉണ്ടായിരിക്കണം . ഇത്രയധികം വീടുകളുള്ള കേരളത്തില്‍ ഇത് അസാധ്യമാണ്. ശ്മശാനങ്ങള്‍ മൂലം ഉണ്ടാക്കുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ വേറെയും പരിഗണിക്കേണ്ടത് തന്നെ. 1964 ലെ കേരളാ ലാന്‍ഡ് അസൈന്‍മെന്റ് നിയമം പറയുന്നതനുസരിച്ച് സര്‍ക്കാര്‍ കൈവശമുള്ള സ്ഥലങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിന് കൈമാറുന്നത് വിലക്കുന്നു.

ഇതൊക്കെ നിയമങ്ങളാണെങ്കിലും മുന്‍കാല ഗവണ്‍മെന്റുകള്‍ പ്രത്യേക അധികാരം ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മത വിഭാഗങ്ങള്‍ക്ക് ഭൂമി കൈമാറിയിട്ടുണ്ട്. 2013 യു.ഡി.എഫ് സര്‍ക്കാര്‍ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 2.40 ഏക്കര്‍ ഭൂമിയാണ് സി. എസ് .ഐ സഭക്ക് നല്‍കിയത്. പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിട്ട് താല്‍ക്കാലിക ലക്ഷ്യങ്ങള്‍ നേടാനാകുമേങ്കിലും ശാശ്വത പരിഹാരം ആകുന്നില്ല.
പള്ളികളുടെ വക ശ്മശാനങ്ങളില്‍ അടക്കം ചെയ്ത സ്ഥലങ്ങള്‍ കല്ലറകള്‍ കെട്ടി സംരക്ഷിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. കാലക്രമേണ വീണ്ടും ഉപയോഗിക്കേണ്ട സ്ഥലം ഫലത്തില്‍ നഷ്ട്ടപ്പെടുന്നു. കുടുംബ മഹിമ കാണിക്കാന്‍ മൂന്ന് ലക്ഷം മുതല്‍ ഇരുപത്തിയഞ്ച് ലക്ഷം വരെ ചിലവഴിക്കുന്നവരുണ്ട്.
അടക്കം ചെയ്ത സ്ഥലം കല്ലറ കെട്ടി സംരക്ഷിക്കുന്ന രീതി യൂറോപ്യന്‍മാരുടെ വരവിന് ശേഷമാണ് കേരളത്തില്‍ തുടങ്ങിയതെന്ന് സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ പോള്‍ തെയിലക്കാട്ടില്‍ പറയുന്നു.
ജനസംഖ്യാ വര്‍ധനവിനനുസരിച്ച് സ്ഥല ദൗര്‍ലഭ്യതയും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വെദ്യുത ശ്മശാനങ്ങള്‍ പോലുള്ള കാവാസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ പ്രശ്‌നം ഭാവിയില്‍ കൂടുതല്‍ രൂക്ഷമാകും .തൃശ്ശൂരിലെ അന്റണിയോ ഫൊറോന പള്ളി സ്ഥിരം കല്ലറകള്‍ ഇനി നല്‍കില്ലെന്ന തീരുമാനം എടുത്തുകഴിഞ്ഞു
പൊതു ശ്മശാനങ്ങളില്‍ ദഹിപ്പിക്കുന്നതിന് വത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ക്രസ്ത്യാനികള്‍ക്കിടയില്‍
ദഹിപ്പിക്കുന്നതിന് ഇനിയും പ്രചാരം ലഭിച്ചിട്ടില്ല. പല പള്ളികളിലും ആറടി മണ്ണിന് ചാര്‍ജ് ചെയ്യുന്നത് മൂന്നും നാലും ലക്ഷങ്ങളാണ് പൊതു കല്ലറ എന്ന ഏര്‍പ്പാടിനോട് മിക്ക ക്രിസ്ത്യന്‍ പള്ളികളിലെയും വിശ്വാസികള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.