മിമിക്രിക്കാരന്‍ മന്ത്രിക്ക് പണികൊടുത്തു; 28 പേരെ സ്ഥലംമാറ്റാന്‍ മന്ത്രിയുടെ ശബ്ദത്തില്‍ നിര്‍ദ്ദേശം നല്‍കി

സേലം: കമലഹാസന്‍ അഭിനയിച്ച ചാണക്യന്‍ എന്ന സിനിമയിലെ ജോണ്‍സണനെ അനുസ്മരിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ തമിഴ്‌നാട്ടില്‍. ഒരു മിമിക്രിക്കാരന്‍ വിചാരിച്ചാല്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയാണ് തമിഴ്‌നാട്ടില്‍.. ഇപ്പോള്‍ ഒരു വിരുതന്റെ ചെയ്തിയാണ് അവിടെ സംസാര വിഷയം. തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ മിമിക്രിക്കാരനാണ് മന്ത്രിക്കിട്ട് ശരിക്കും പണിതത്. ശബ്ദാനുകരണത്തില്‍ കിടിലമായ സവാരിമുത്തു വൈദ്യുതി മന്ത്രി പി. തങ്കമണിയുടെ ശബ്ദം അനുകരിച്ച് ഫോണിലൂടെ നിര്‍ദേശം കൊടുത്ത് സ്ഥലംമാറ്റിയത് നിരവധി ജീവനക്കാരെയാണ്. പക്ഷേ, അവസാനം പിടിവീണു. ഒരുമാസംമുമ്പാണ് തെര്‍മല്‍ യൂണിറ്റിലെ അസിസ്റ്റന്റ് എന്‍ജിനീയറായ ജയകുമാറിനെ പവര്‍ പ്രൊഡക്ഷന്‍ യൂണിറ്റിലെ കല്‍ക്കരി വിഭാഗത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥന് ഫോണ്‍സന്ദേശം എത്തിയത്. മന്ത്രിയായിരുന്നു മറുതലയ്ക്കല്‍. ശബ്ദം പലതവണ കേട്ടിട്ടുള്ളതിനാല്‍ അശേഷം സംശയംതോന്നിയില്ല.
കാര്യങ്ങള്‍ എല്ലാം വിശദമായിത്തന്നെ പറഞ്ഞു. സ്ഥലംമാറ്റം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും കൂടുതല്‍ ആരും കാര്യം അറിയേണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഉത്തരവല്ലേ, മറ്റൊന്നും ആലോചിക്കാതെ ഉദ്യോഗസ്ഥന്‍ സ്ഥലംമാറ്റം നടപ്പാക്കി. പെട്ടെന്നുള്ള സ്ഥലംമാറ്റത്തിന്റെ കാരണം പിടികിട്ടിയില്ലെങ്കിലും ജയകുമാര്‍ ഉത്തരവ് കൈപ്പറ്റി പുതിയസ്ഥലത്ത് ജോലിയില്‍ പ്രവേശിച്ചു. പക്ഷേ, പരിചയമില്ലാത്ത പണിയായതിനാല്‍ നേരാംവണ്ണം ചെയ്യാനായില്ല. ഫലമോ സസ്‌പെന്‍ഷനും. ഒരാഴ്ചമുമ്ബായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയത്.

എങ്ങനെയെങ്കിലും സസ്‌പെന്‍ഷന്‍ നീക്കിത്തരണമെന്നപേക്ഷിച്ച് കണ്ണീരും കൈയുമായി ജയകുമാര്‍ ഉന്നതോദ്യോഗസ്ഥരെ സമീപിച്ചു. മന്ത്രി പ്രത്യേകം വിളിച്ചുപറഞ്ഞതായതിനാല്‍ മിക്കവരും കൈയൊഴിഞ്ഞു. കാര്യങ്ങളെല്ലാം നീങ്ങിയത് മന്ത്രവഴിയായതിനാല്‍ നേരിട്ട് മന്ത്രിയെക്കാണാന്‍ മറ്റുചിലര്‍ ഉപദേശിച്ചു. കൂടിക്കാഴ്ചക്ക് അനുമതികിട്ടിയതോടെ ജയകുമാര്‍ കാര്യങ്ങളെല്ലാം മന്ത്രിയോട് വിശദീകരിച്ചു. എല്ലാം കേട്ട് അന്തംവിട്ട മന്ത്രി താന്‍ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ജയകുമാറിനോട് പറഞ്ഞു.
തന്റെ പേരില്‍ തട്ടിപ്പ് നടന്നതിനാല്‍ മന്ത്രി സംഭവത്തില്‍ ഉടന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എത്രയുംപെട്ടെന്ന് സംഭവത്തിന് പിന്നിലുള്ളവരെ പൊക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഉദ്യോഗസ്ഥരുടെ ഫോണ്‍ വിശദമായി പരിശോധിച്ച പൊലീസു മന്ത്രിയെന്നുപറഞ്ഞുവിളിച്ചത് സവാരിമുത്തുവിന്റെ മൊബൈലില്‍ നിന്നാണെന്ന് വ്യക്തമായി. ഒന്നുരണ്ടുദിവസം നിരീക്ഷിച്ചശേഷം കഴിഞ്ഞദിവസം ഇയാളെപൊക്കി അകത്താക്കി. കൂടുതല്‍ ചോദ്യംചെയ്തതോടെ ഒരുമാസത്തിനിടെ ഇരുപത്തെട്ടുപേരെ ഇങ്ങനെ സ്ഥലംമാറ്റിയതായി വ്യക്തമായി. സംഭവത്തിനുപിന്നില്‍ സവാരിമുത്തുമാത്രമല്ല, വന്‍ സംഘംതന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്ഥലംമാറ്റപ്പെട്ട ജീവനക്കാരില്‍ നിന്ന് പണംകൈപ്പറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.