ഉത്തര്‍പ്രദേശില്‍ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി;ഒരു ഐജിയേയും മൂന്ന് ഡിഐജിമാരെയും 22 ജില്ലകളിലെ പൊലീസ് മേധാവികളെയും സ്ഥലം മാറ്റി

ലക്‌നോ: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഒരു ഐജിയേയും മൂന്ന് ഡിഐജിമാരെയും 22 ജില്ലകളിലെ പൊലീസ് മേധാവികളെയും സ്ഥലം മാറ്റി. എന്നാല്‍, നടപടിക്കു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സമാനമായ നടപടിയെടുത്ത് 24 മണിക്കൂര്‍ പിന്നിടുന്നതിനു മുന്‍പാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി.

സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് സത്യാര്‍ഥ് അനിരുദ്ധ് പങ്കജിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെ മാറ്റി പകരം ശലബ് മാതൂറിനെ നിയമിച്ചു. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗട്ടാലയേയും സ്ഥലം മാറ്റിയിരുന്നു.