ത്രിരാഷ്ട്ര ടിട്വന്റി കിരീടം ഇന്ത്യക്ക്

മുന്നില്‍ നിന്ന് രോഹിത് ശര്‍മ്മയും അവസാനത്തില്‍ ദിനേശ് കാര്‍ത്തിക്കും അടിച്ചുകളിച്ചപ്പോള്‍ നിതാഹാസ് ടി20 കിരീടം ഇന്ത്യക്ക്. നാല് വിക്കറ്റിനാണ് ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പിച്ചത്. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ അവസാന പന്തിലായിരുന്നു ഇന്ത്യന്‍ ജയം. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്നിടത്ത് ദിനേശ് കാര്‍ത്തിക്ക് സിക്‌സര്‍ പായിക്കുകയായിരുന്നു. ദിനേശ് കാര്‍ത്തിക്കിന്റെ മിന്നല്‍ ബാറ്റിങാണ് ഇന്ത്യക്ക് കളി അനുകൂലമാക്കിയത്. എട്ട് പന്തില്‍ നിന്നായിരുന്നു ദിനേശ് കാര്‍ത്തികിന്റെ(29) വെടിക്കെട്ട് ബാറ്റിങ്.

രോഹിത് ശര്‍മ്മ 56 റണ്‍സ് നേടി. രോഹിത് ശര്‍മ്മയിലൂടെ തുടക്കത്തില്‍ ഇന്ത്യ അടിച്ചുകളിച്ചെങ്കിലും മധ്യ ഓവറുകളില്‍ ബംഗ്ലാദേശ് പിടിമുറുക്കിയത് ഇന്ത്യയെ സമ്മര്‍ദത്തിലാക്കി. അര്‍ദ്ധ സെഞ്ച്വറിക്ക് പിന്നാലെ രോഹിത് മടങ്ങിയത് ബംഗ്ലാദേശിന് ആഘോഷിക്കാനുള്ള വകനല്‍കി. എന്നാല്‍ മനീഷ് പാണ്ഡെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ 18ാം ഓവറില്‍ പാണ്ഡെ(28) മടങ്ങിയെങ്കിലും ദിനേശ് കാര്‍ത്തിക്ക് ദൌത്യം ഏറ്റെടുത്തു. 19ാം ഓവറില്‍ അതുവരെ മികച്ച നിലയില്‍ പന്തെറിഞ്ഞ റൂബേല്‍ ഹുസൈനെ ദിനേശ് കാര്‍ത്തിക്ക് അതിര്‍ത്തി കടത്തി. 22 റണ്‍സാണ് ആ ഓവറില്‍ ദിനേശ് കാര്‍ത്തിക്ക് നേടിയത്. ആ ഓവര്‍ തന്നെയായിരുന്നു ഇന്ത്യന്‍ വിജയത്തിന്റെ ആണിക്കല്ല്.