ട്രംപുമായുള്ള കിമ്മിന്റെ ചര്‍ച്ചയ്ക്ക് ആദ്യപടി

സോള്‍: ഉത്തര കൊറിയയുടെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ഫിന്‍ലന്‍ഡിലേക്കു തിരിച്ചു. യുഎസും ദക്ഷിണ കൊറിയയുമായുള്ള ചര്‍ച്ചകള്‍ക്കായാണു നയതന്ത്രജ്ഞനായ ചോയ് കാങ് ഇല്‍ ഫിന്‍ലന്‍ഡിലെത്തുന്നത്. ചര്‍ച്ചകള്‍ വിജയിച്ചാല്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങും. ഉത്തര കൊറിയന്‍ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി ചോയുടെ ഫിന്‍ലന്‍ഡ് യാത്ര സ്ഥിരീകരിച്ചിട്ടുണ്ട്. ഫിന്‍ലന്‍ഡിലേക്കുള്ള വിമാനയാത്രയ്ക്കായി ചോയെയും സംഘത്തെയും ചൈനയിലെ ബെയ്ജിങ് വിമാനത്താവളത്തില്‍ കണ്ടെന്നും യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ യുഎസ് നയതന്ത്രജ്ഞരുമായാണു ചോ കൂടിക്കാഴ്ച നടത്തുന്നതെന്നാണു വിവരം. ദക്ഷിണ കൊറിയയിലെ യുഎസ് അംബാസഡറായിരുന്ന കാത്ലീന്‍ സ്റ്റീഫന്‍സുമായും ദക്ഷിണ കൊറിയന്‍ സുരക്ഷാ വിദഗ്ധരുമായും ചര്‍ച്ച നടത്തുമെന്നാണു റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചാണു റിപ്പോര്‍ട്ടെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ മാസം ദക്ഷിണ കൊറിയയില്‍ നടന്ന ശീതകാല ഒളിംപിക്‌സിന് അയച്ച ഉത്തര കൊറിയന്‍ പ്രതിനിധി സംഘത്തിലും ചോ ഉണ്ടായിരുന്നു. അതിനിടെ, സ്വീഡന്റെ വിദേശകാര്യ മന്ത്രിയും ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ നടത്തിവന്നിരുന്ന മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ ശനിയാഴ്ച അവസാനിച്ചിരുന്നു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സുരക്ഷാ തര്‍ക്കങ്ങളില്‍ സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നയതന്ത്ര പ്രയത്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നു സ്വീഡിഷ് മന്ത്രി സ്റ്റോക്കോമില്‍ അറിയിച്ചു. യുഎസ് – ഉത്തര കൊറിയ ഉച്ചകോടി നടക്കുകയാണെങ്കില്‍ സ്വീഡനായിരിക്കും വേദിയെന്നാണു സൂചന.