ദുരഭിമാന കൊല നടത്തിയ ദമ്പതികളെ കാനഡ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തുന്നു

ഓട്ടവ: അഭിമാനക്ഷതമേല്‍പിച്ചുവെന്ന കാരണത്താല്‍ കൗമാരക്കാരായ മൂന്ന് മക്കളെയുള്‍പ്പടെ നാല് പേരെ വധിച്ച ദമ്പതികളുടെ പൗരത്വം കാനഡ എടുത്തുമാറ്റുന്നു. മൊഹമ്മദ് ഷാഫിയയുടേയും ഭാര്യ തൂബ യാഹിയയുടേയും പൗരത്വമാണ് കാനഡ എടുത്തുകളയുന്നത്. കൊലപാതകത്തില്‍ പങ്കാളിയായ മകന്‍ ഹമീദും നിലവില്‍ ഇവരോടൊപ്പം ജയില്‍വാസമനുഷ്ഠിക്കുകയാണ്.

ജയിലിലുള്ള ദമ്പതികള്‍ പുറത്തുവന്നാലുടന്‍ ജന്മ നാടായ അഫ്ഗാനിസ്ഥാനിലേക്ക് ഇവരെ കയറ്റി അയക്കും. 25 വര്‍ഷത്തെ ജയില്‍വാസമാണ് ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മക്കളായ സൈനബ്, സഹര്‍,ഗീതി എന്നിവരേയും മൊഹമ്മദ് ഷാഫിയയുടെ ആദ്യ ഭാര്യ റോണ അമീര്‍ മൊഹമ്മദിനേയുമാണ് ദമ്പതികള്‍ കൊലചെയ്തത്.

കിംഗ്‌സറ്റണ്‍ നഗരത്തിലെ കനാലില്‍ കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒടുവില്‍ കൃത്യം നടത്തിയത് ദമ്പതികളാണെന്ന് വ്യക്തമായി. തങ്ങളറിയാതെ മക്കള്‍ക്ക് ആണ്‍ സുഹൃത്തുക്കളുണ്ടായിരുന്നെന്നും അതാണ് മക്കളെ കൊലചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ഷാഫിയ പിന്നീട് പറഞ്ഞു. ഇത്തരം ബന്ധങ്ങള്‍ ശിര്‍ക്കാണെന്നും കൊലപാതകത്തില്‍ കുറ്റബോധമില്ലെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ദമ്പതികളേയും മകനേയും 25 വര്‍ഷം തടവിന് ശിക്ഷിച്ചത്.