റവന്യു വകുപ്പ് ഏറ്റെടുത്ത പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് തിരിച്ചുനല്‍കിയ സബ് കളക്ടറുടെ നടപടിക്കു പിന്നില്‍ വന്‍ ഗൂഢാലോചന

തിരുവനന്തപുരം: റവന്യു വകുപ്പ് ഏറ്റെടുത്ത പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് തിരിച്ചുനല്‍കിയ സബ് കളക്ടറുടെ നടപടി വിവാദമായിരിക്കേ ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും വ്യക്തമാകുന്നു. പുറമ്പോക്ക് ഭൂമി ഏറ്റെടുത്തതിനെതിരെ തൊട്ടടുത്ത ഭൂമിയോടൊപ്പം സര്‍ക്കാര്‍ ഭൂമിയും കൈവശം വച്ചുപോന്നിരുന്ന വ്യക്തി സബ്കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ യഥാസമയം തീര്‍പ്പ് കല്‍പ്പിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ മറ പിടിച്ചാണ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി തിരികെ നല്‍കുന്ന വിധത്തില്‍ കാരണങ്ങള്‍ വ്യക്തമാക്കാതെ തഹസില്‍ദാറുടെ ഉത്തരവ് റദ്ദാക്കുന്ന തീരുമാനം സബ് കളക്ടര്‍ കൈക്കൊണ്ടത്.

ഹൈക്കോടതിയിലെ കേസില്‍ എതിര്‍കക്ഷിയായി ചേര്‍ക്കാതിരുന്ന സബ് കളക്ടറെ അവസാന നിമിഷം ആറാം എതിര്‍കക്ഷിയായി ഹര്‍ജിക്കാരി പ്രത്യേകമായി ഉള്‍പ്പെടുത്തുകയായിരുന്നു. പ്രസ്തുത വേളയില്‍ അപ്പീല്‍ തീര്‍പ്പാക്കുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. അത് പരിഗണിച്ചാണ് കോടതി നിര്‍ദ്ദേശമുണ്ടായത്.
സര്‍ക്കാര്‍ പുറമ്പോക്കിന് സമീപത്ത് തങ്ങളുടെ കൈവശത്തിലുള്ള ഭൂമി വേര്‍തിരിച്ചുനല്‍കണമെന്നുള്‍പ്പെടെയായിരുന്നു അപ്പീല്‍ നല്‍കിയിരുന്നത്. അപ്പീല്‍ പരിഗണിച്ച സബ് കളക്ടര്‍ ഹര്‍ജിക്കാരിയുടെ കൈവശത്തില്‍ മറ്റു സര്‍വേ നമ്പറുകളില്‍ സ്ഥിതി ചെയ്യുന്ന ഭൂമിക്ക് പട്ടയമുണ്ടെന്ന വാദം നിരത്തി സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുത്ത വര്‍ക്കല തഹസില്‍ദാറുടെ ഉത്തരവ് റദ്ദാക്കുന്ന വിചിത്ര നടപടിയാണ് സബ് കളക്ടറില്‍ നിന്നുണ്ടായത്.
വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാലത്തിനു സമീപം വര്‍ക്കല പാരിപ്പള്ളി റോഡിന് സമാന്തരമായിട്ടുള്ള 27 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ് റവന്യു വകുപ്പ് കഴിഞ്ഞ ജൂലൈ മാസം തിരിച്ചെടുത്തത്.

കേരള ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ലിജിക്ക് നോട്ടീസ് നല്‍കിയെങ്കിലും സര്‍ക്കാര്‍ ഭൂമി വിട്ടൊഴിയാന്‍ കയ്യേറ്റക്കാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഏറ്റെടുക്കല്‍ നടപടി സ്വീകരിച്ചത്. ഈ ഭൂമി പൊലീസ് സ്റ്റേഷന്‍ നിര്‍മാണത്തിനുള്‍പ്പെടെ ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ തലത്തില്‍ നിലനില്‍ക്കുമ്പോഴാണ് സബ് കളക്ടര്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി സ്ഥലം തിരികെ നല്‍കുന്ന വിധത്തില്‍ തഹസില്‍ദാറുടെ ഉത്തരവ് റദ്ദാക്കിയത്. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവായ സ്ഥലമുടമയെ സഹായിക്കുന്നതിനാണ് നടപടിയെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്.

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാലത്തിനു സമീപം സര്‍ക്കാര്‍  പുറമ്പോക്ക് റവന്യൂ അധികൃതര്‍ ഏറ്റെടുത്തപ്പോള്‍