സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയ സബ് കലക്ടറുടെ ഉത്തരവ് റദ്ദാക്കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം

ജോളി ജോളി
റവന്യൂ വകുപ്പ് ഏറ്റെടുത്ത സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയ സബ് കലക്ടറുടെ ഉത്തരവ് റദ്ദാക്കാന്‍ കലക്ടര്‍ കെ വസുകിക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം. സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ കോടികളുടെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്തതായി കാണിച്ച്‌ വി ജോയി എം എല്‍ എ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം.

വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണ് ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത്
റവന്യു വകുപ്പ് സ്വകാര്യ വ്യക്തിയില്‍ നിന്ന് ഏറ്റെടുത്ത ഒരു കോടിയോളം രൂപ മതിപ്പു വിലയുള്ള പുറബോക്ക് ഭൂമി തിരികെ നല്‍കി ഉത്തരവിറക്കിയ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തേക്കും.കളക്ടര്‍ സ്വജനപക്ഷപാതം നടത്തിയെന്നാണ് ആരോപണം. അരുവിക്കര എംഎല്‍എ ശബരിനാഥാണ് ദിവ്യയുടെ ഭര്‍ത്താവ്.
ശബരിനാഥിന്റെ അച്ഛനും മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന ജി കാര്‍ത്തികേയന്റെ അടുത്ത സുഹൃത്തിന്റെ കുടുംബത്തിനാണ് സബ് കളക്ടറുടെ ഇടപെടലിലൂടെ ആനുകൂല്യം ലഭിച്ചത് അതുകൊണ്ട് തന്നെ വന്‍ ഗൂഢാലോചന ഈ നടപടിക്ക് പിന്നിലുണ്ടെന്നാണ് ആരോപണം.
വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ (ഇലകമണ്‍ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വര്‍ക്കല പാരിപ്പള്ളി സംസ്ഥാന പാതയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയില്‍ നിന്നും തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത റവന്യു പുറബോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്.

ഇത് വിവാദമായതോടെ സബ് കളക്ടറുടെ നടപടിയില്‍ അന്വേഷണത്തിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിട്ടു.
അടിയന്തരമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയുണ്ടാകും.

കോടതി വിധിയുടെ മറവിലായിരുന്നു സബ് കളക്ടറുടെ ഇടപെടല്‍.
സിപിഎം നേതൃത്വമാണ് ഇതിനെതിരെ നിലപാട് എടുത്തത്.
ജി കാര്‍ത്തികേയന്റെ ജന്മസ്ഥലമാണ് വര്‍ക്കല. ഇവിടെ അദ്ദേഹത്തിന്റെ സഹപാഠിയും ഉറ്റ സുഹൃത്തുമായിരുന്നു അഡ്വക്കേറ്റ് അനില്‍കുമാര്‍.
അനില്‍ കുമാറിന്റെ പിതൃസഹോദരന്റെ മകനാണ് ഇപ്പോള്‍ സബ് കളക്ടറുടെ ഉത്തരവിലൂടെ ആനുകൂല്യം കിട്ടിയ കൃഷ്ണകുമാര്‍.
അതുകൊണ്ട് തന്നെ ഈ ഉത്തരവില്‍ സിപിഎമ്മിന് നിരവധി സംശയങ്ങളുണ്ട്.

സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ച റീസര്‍വെ 227-ല്‍പ്പെട്ട 11 ആര്‍ (27 സെന്റ്) റോഡ് പുറബോക്ക് ഭൂമി 2017 ജൂലൈ 19ന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തിരുന്നു.
വര്‍ഷങ്ങളായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധസംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതര്‍ ഭൂമി സര്‍ക്കാരിലേയ്ക്ക് ഏറ്റെടുത്തത്.

ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു.
ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഭൂമി കൈവശം വച്ചിരുന്ന സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഉചിതമായ തീരുമാനം സബ്കളക്ടര്‍ കൈക്കൊള്ളണമെന്ന നിര്‍ദ്ദേശത്തിന്റെ മറവിലാണ് ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം സബ് കളക്ടര്‍ കൈക്കൊണ്ടത്
മൂന്ന് കാര്യങ്ങള്‍ മാത്രമാണ് ഹൈക്കോടതിയില്‍ പരാതിക്കാരന്‍ ഉന്നയിച്ചത്.
അതിലൊന്ന് ഭൂമി ഏറ്റെടുത്തതു മൂലം തന്റെ പിറകിലുള്ള വസ്തുവിലേക്ക് വഴി നഷ്ടമായി എന്നതായിരുന്നു.

ഇതിനൊപ്പം വെള്ളപ്പൊക്കത്തില്‍ നഷ്ടമായ ഭൂമിക്ക് പകരം അനുവദിക്കണമെന്നും. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഏറ്റെടുത്തതെന്നും വിശദീകരിച്ചു.ഈ സാഹചര്യത്തിലാണ് പരാതിക്കാരന്റെ ഭാഗം കേട്ട് ഉചിതമായ തീരുമാനത്തിന് ഹൈക്കോടതി ഉത്തവിട്ടത്.
കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സബ്കളക്ടര്‍ കയ്യേറ്റ കക്ഷിക്ക് നോട്ടീസ് നല്‍കി വിളിപ്പിക്കുകയും അവരുടെ ഭാഗം മാത്രം കേള്‍ക്കുകയും ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് അനുകൂലമായ ഉത്തരവ് നല്‍കുകയും ചെയ്യുകയായിരുന്നു സബ് കളക്ടര്‍.

ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗം കേട്ടതുമില്ല.ഫെബ്രുവരി 24 ന് പുറപ്പെടുവിച്ച ഉത്തരവില്‍ റദ്ദാക്കലിന്റെ കാരണം വ്യക്തമായി പ്രതിപാദിച്ചിട്ടുമില്ല.അങ്ങനെ സര്‍വ്വത്ര ദുരൂഹമായിരുന്നു ഉത്തരവ്.

ഇതിനൊപ്പമാണ് ഭൂമി കിട്ടിയ വ്യക്തിക്ക് കാര്‍ത്തികേയനുമായുള്ള ബന്ധവും ചര്‍ച്ചയായത് . കാര്‍ത്തികേയന്റെ മരണ ശേഷവും ശബരിനാഥുമായി അടുപ്പം ഇയാള്‍ പുലര്‍ത്തുന്നുണ്ടെന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്.

ഈ സാഹചര്യത്തിലാണ് സബ്കളക്ടറുടെ നടപടിക്കെതിരെ സ്ഥലം എംഎല്‍എ വി ജോയി, ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതി, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ പരാതിയുമായി രംഗത്ത് വന്നത്.
പ്രാഥമിക അന്വേഷണത്തില്‍ അസ്വാഭാവികത മന്ത്രിയുടെ ഓഫീസിനും ബോധ്യമായി ..

2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം സര്‍ക്കാര്‍ ഭൂമികയ്യേറ്റക്കാരന് മൂന്നുവര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും അന്‍പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്നതാണ്.മാത്രമല്ല, അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ അത് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും അന്‍പതിനായിരം രൂപയില്‍ കുറയാത്ത പിഴയും ശിക്ഷയും വിധിക്കാവുന്നതാണ്.
എന്നാല്‍ അക്കാര്യങ്ങളൊന്നും പരിഗണിക്കാതെ ഭൂമി വിട്ടുനല്‍കി ഏകപക്ഷീയമായി സബ് കളക്ടര്‍ ഉത്തരവിടുകയായിരുന്നു.