2019ല്‍ മോദി മുക്തമായ ഭാരതം വേണമെന്ന് രാജ് താക്കറെ

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) തലവന്‍ രാജ് താക്കറെ രംഗത്തെത്തി. 2019ല്‍ മോദി മുക്തമായ ഭാരതം വേണമെന്നും ഇതിനായി മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും നല്‍കിയ വ്യാജ വാഗ്ദ്ധാനങ്ങളില്‍ രാജ്യം മടുത്തിരിക്കുകയാണെന്നും മുംബയിലെ ശിവാജി പാര്‍ക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.1947ലാണ് ഇന്ത്യയ്ക്ക് ആദ്യം സ്വാതന്ത്ര്യം കിട്ടിയത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ല്‍ രണ്ടാമത്തെ സ്വാതന്ത്ര്യം ലഭിച്ചു.

2019ല്‍ നരേന്ദ്ര മുക്ത ഭാരതത്തിലൂടെ മൂന്നാം തവണയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.മോദി സര്‍ക്കാര്‍ പുറത്തായതിന് ശേഷം നോട്ട് നിരോധനത്തിനെപ്പറ്റി അന്വേഷണം പ്രഖ്യാപിച്ചാല്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ അഴിമതിയാണെന്ന് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു .
മോദിയുടെ വിദേശപര്യടനങ്ങളെക്കുറിച്ച്‌ പരാമര്‍ശിച്ച രാജ് താക്കറെ പക്കോഡയ്ക്ക് വേണ്ടിയുള്ള മാവിന് വേണ്ടിയാണ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും പരിഹസിച്ചു.
രാജസ്ഥാന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ മരുഭൂമിവത്കരണം നടക്കുന്ന സ്ഥലമാണ് മഹാരാഷ്ട്രയെന്ന് ഐ.എസ്.ആര്‍.ഒ കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനം വരള്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 56,000 കിണറുകള്‍ കുത്തിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും ഇക്കാര്യം തിരഞ്ഞെടുപ്പ് വിഷയമാക്കേണ്ടതില്ലെന്നാണ് രാജ് താക്കറെയുടെ അഭിപ്രായം.ബാബരി മസ്ജിദ് തകര്‍ത്ത കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വര്‍ഗീയ കലാപങ്ങള്‍ തടയാന്‍ വരും നാളുകളില്‍ ഇക്കാര്യം രമ്യതയില്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബോളിവുഡ് നടി ശ്രീദേവിയുടെ മരണാന്തര ചടങ്ങുകള്‍ സംസ്ഥാന ബഹുമതികളോടെ നടത്തിയ സംഭവത്തില്‍ രാജ് താക്കറെ നേരത്തെ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

ശ്രീദേവി മികച്ച നടിയാണ് എന്നാല്‍ അവര്‍ രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തത്. ശ്രീദേവിയുടെ മൃതദേഹം ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ് സംസ്കരിച്ച നീക്കത്തെയും താക്കറെ ചോദ്യം ചെയ്യുന്നു.
നീരവ് മോദി ഉള്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് മാധ്യങ്ങള്‍ ശ്രീദേവിയുടെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്നും താക്കറെ ആരോപിക്കുന്നു

ജോളി ജോളി