തോട്ടങ്ങളുടെ ഉടമാവകാശ രേഖ ഹാജരാക്കാന്‍ 62 കമ്പനികൾക്ക് നോട്ടീസ്

നിയമപരമായ ഉടമസ്ഥാവകാശമില്ലാത്ത വന്‍കിട തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള നടപടിയുടെ ഭാഗമായി 62 കമ്പനികൾക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കി.ഉടമസ്ഥാവകാശരേഖ പരിശോധിക്കാനായാണ് ഇത്.9 കമ്പനികൾക്ക് കേരള ഭൂസംരക്ഷണ നിയമപ്രകാരം നോട്ടീസ് നല്‍കി.

വന്‍കിട കമ്പനികൾ കൈവശം വച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമത്തിന്റെ കരട് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിനു വിട്ടു.
ഉടമസ്ഥാവകാശം നേടാതെ തന്നെ സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷുകാര്‍ കൈവശം വച്ചിരുന്ന മിക്ക വന്‍കിട തോട്ടങ്ങളും വ്യവസ്ഥ പാലിക്കാതെ മറിച്ചുവിറ്റു. ഇങ്ങനെ കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനാണു സര്‍ക്കാര്‍ തീരുമാനം.

ജില്ലാ അടിസ്ഥാനത്തില്‍ കമ്പനികളുടെ വിവരം ശേഖരിച്ച്‌ ഭൂമി ഏറ്റെടുക്കാനാണു നീക്കം നടക്കുന്നത്.ഇതിനായി എറണാകുളം ജില്ലാ കലക്ടറായിരുന്ന എം.ജി. രാജമാണിക്യത്തെ സ്പെഷല്‍ ഓഫീസറായി നിയമിച്ചിരുന്നു.സ്പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയിലെ ഏലപ്പാറ, പീരുമേട്, പെരിയാര്‍ വില്ലേജുകളിലായി ആര്‍.ബി.ടി. കമ്പനികളുടെ പേരിലുള്ള 6217.25 ഏക്കര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം സ്തംഭിച്ചു.കമ്പനികൾ കോടതിയില്‍ പോകുന്നതുകൊണ്ട് ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്ക്കേണ്ടതില്ലെന്ന് റവന്യു വകുപ്പിന് നിയമോപദേശം ലഭിച്ചതോടെയാണ് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.തുടര്‍ന്നാണ് ഹാരിസണ്‍സ്, ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ എന്നിവയടക്കം 62 വന്‍കിട കമ്ബനികള്‍ക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയത്.ഈ കമ്ബനികളെല്ലാം ചേര്‍ന്ന് 1.43 ലക്ഷം ഏക്കര്‍ ഭൂമിയാണു കൈവശം വച്ചിട്ടുള്ളത്.ഇതിനു പുറമമയാണ് സര്‍ക്കാര്‍ഭൂമി കൈയേറിയതിന് ഒമ്ബതു കമ്പനികള്‍ക്ക് ഭൂസംരക്ഷണ നിയമപ്രകാരം നോട്ടീസ് നല്‍കിയത്.

കൈയേറ്റം ഒഴിപ്പിക്കുന്നതിനു ഭൂസംരക്ഷണ നിയമത്തിലെ 12ാം വകുപ്പനുസരിച്ച്‌ ജില്ലാ കലക്ടര്‍മാരാണു നോട്ടീസ് നല്‍കിയത്.
ഭൂമി കൈയേറിയിട്ടുണ്ടെന്നും ഇതു ഒഴിപ്പിക്കുന്നതില്‍ പരാതിയുണ്ടെങ്കില്‍ നിയമപ്രകാരമുള്ള രേഖകള്‍ ഹാജരാക്കണമെന്നും ചൂണ്ടിക്കാട്ടിയാണു നോട്ടീസ്.

ജോളി ജോളി