അവസാന പന്തിൽ കാർത്തിക് മാജിക്..! നിദാഹസ് ട്രോഫി ഇന്ത്യയ്ക്ക്

ജയപരാജയങ്ങൾ മാറിമറിഞ്ഞ നിദാഹസ് ട്രോഫി ഫൈനലിൽ അവസാന ചിരി ടീം ഇന്ത്യയുടേത്.മത്സരഫലം നിർണയിക്കുന്ന അവസാന പന്തിൽ അഞ്ചു റൺസ് വേണമെന്നിരിക്കെ അവിശ്വസനീയ സിക്സർ നേടിയാണ്വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ദിനേശ് കാർത്തിക്  ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.167 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അവസാന രണ്ടു ഓവറുകളിൽ 34 റൺസായിരുന്നു വേണ്ടിയിരുന്നത്.19ാം ഓവറിൽ 22 റൺസ് അടിച്ചുകൊണ്ട് ഇന്ത്യ പ്രതീക്ഷ സജീവമാക്കിയെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്തിൽ വിജയ് ശങ്കർ പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലാവുകയായിരുന്നു.അവസാന ഓവർ എറിഞ്ഞ സൗമ്യ സർക്കാർ വൈഡ് യോർക്കറുമായി കാർത്തികിനെ പരീക്ഷിച്ചുവെങ്കിലും മനോധൈര്യം കൈവിടാതെ ബാറ്റേന്തിയ കാർത്തിക് പന്ത് അതിർത്തി കടത്തുകയായിരുന്നു.ഇതോടെ അട്ടിമറി വിജയം സ്വപ്നം കണ്ട ബംഗ്ലാ കടുവകൾ മൈതാനമധ്യത്തിൽ തളർന്നിരുന്നു.
നേരെത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ മധ്യനിര ബാറ്റ്സ്മാൻ സബ്ബർ റഹ്മാൻ നേടിയ 77 റൺസാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.18 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ചഹാലാണ് ബംഗ്ലാ കടുവകളെ പ്രതിരോധത്തിലാക്കിയത്. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റൺസായിരുന്നു ബംഗ്ലാദേശിന്റെ സമ്പാദ്യം. മറുപടി ബാറ്റിങ്ങിൽ 56 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് റൺ ചേസിംഗിന് നേതൃ ത്വം നൽകിയത്.കെ.എല്‍ രാഹുല്‍ (24), മനീഷ് പാണ്ഡെ (28), ദിനേഷ് കാര്‍ത്തിക് (29) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യന്‍ വിജയത്തിൽ നിർണായകമായത്.