എയര്‍പോര്‍ട്ടില്‍ വെച്ച് താന്‍ ഷമിയെ കണ്ടിരുന്നു; ഹസിന്റെ ആരോപണത്തില്‍ മൗനം വെടിഞ്ഞു പാക് യുവതി

ന്യൂഡല്‍ഹി: മുഹമ്മദ് ഷമിക്കെതിരായ ആരോപണത്തില്‍ ഭാര്യ ഹസിന്‍ ജഹാന്‍ പരാമര്‍ശിച്ച പാകിസ്താന്‍ യുവതി അലിഷ്ബ ഒടുവില്‍ മൗനം വെടിഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അലിഷ്ബ തന്റെ ഭാഗം വ്യക്തമാക്കിയത്. ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം അലിഷ്ബ മറുപടി നല്‍കിയിട്ടുണ്ട്. ദുബായില്‍ വെച്ച് താന്‍ ഷമിയെ കണ്ടിരുന്നുവെന്ന് പാക് യുവതി വ്യക്തമാക്കി.

‘അതെ, ഞാന്‍ ദുബായില്‍ വെച്ച് ഷമിയെ കണ്ടിരുന്നു. എന്റെ സഹോദരി ഷാര്‍ജയിലാണ് താമസിക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഷമിയെ ഇഷ്ടമാണ്. ഒരു ആരാധികയെന്ന നിലയിലാണത്. നമ്മള്‍ ആരാധിക്കുന്ന വ്യക്തിയെ നമുക്ക് കാണണമെന്നുണ്ടാകില്ലേ. അതുപോലെ എനിക്കും ഷമിയെ ജീവിത്തില്‍ ഒരിക്കലെങ്കിലും കാണണമെന്നുണ്ടായിരുന്നു. അതിലെന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ഷമി ദുബായ് വഴി ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞു. ആ സമയത്ത് ഞാനും ദുബായിലേക്ക് പോകുകയായിരുന്നു. എന്റെ സഹോദരിയെ കാണാന്‍. അങ്ങനെ അവിചാരിതമായി ദുബായില്‍ വെച്ച് ഷമിയെ കണ്ടു. ഷമിക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ട്. അതില്‍ ഒരാള്‍ മാത്രമാണ് ഞാനും. അങ്ങനെ ഒരു ആരാധിക എന്ന നിലയില്‍ ഷമിക്ക് ഞാന്‍ മെസ്സേജ് അയച്ചിട്ടുണ്ട്’- അലിഷ്ബ വ്യക്തമാക്കി.

ഗാര്‍ഹിക പീഡനം, വാതുവെയ്പ് ആരോപണം, പരസ്ത്രീ ബന്ധം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ഉന്നയിച്ചിരുന്നു. അതില്‍ അലിഷ്ബയുടെ പേരും പരാമര്‍ശിച്ചിരുന്നു. അലിഷ്ബയുമായി ഷമിക്ക് ബന്ധമുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം ദുബായിലെ ഹോട്ടലില്‍ വച്ച് ഇരുവരും കണ്ടുവെന്നും ഹസിന്‍ പറഞ്ഞിരുന്നു. മുഹമ്മദ് ഭായ് എന്നു പേരുളള ആളുടെ കൈയ്യില്‍ ഷമിക്കായി അലിഷ്ബ പണം കൊടുത്തുവിട്ടെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ ബിസിസിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.