ഇറാഖില്‍ ബന്ദികളായിരുന്ന ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: ഇറാഖില്‍ ബന്ദികളായിരുന്ന ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. രാജ്യസഭയിലാണ് മന്ത്രിയുടെ പ്രസ്താവന. 2014ല്‍  മൊസൂളില്‍ നിന്നാണ് ഇവരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയതെന്നും സുഷമ സ്വരാജ് പറഞ്ഞു.

ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നതിനിടെയാണു മരണവിവരം പുറത്തുവരുന്നത്.  കൂട്ടശവക്കുഴികളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അടുത്തിടെ കാണാതായവരുടെ ബന്ധുക്കളിൽനിന്നു ഡിഎന്‍എ പരിശോധനകൾക്കായി സാംപിൾ ശേഖരിച്ചിരുന്നു. പഞ്ചാബ്, ഹിമാചല്‍, ബംഗാള്‍ സ്വദേശികളാണ് മരിച്ചവര്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭീകരരിൽനിന്നു മൊസൂൾ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ, കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യസഹമന്ത്രി വി.കെ. സിങ് ഇറാഖിലേക്കു പോയിരുന്നു. ഒരു ആശുപത്രി നിർമാണസ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്നാണ് ഇറാഖ് രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നത്.